ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനു വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയെക്കുറിച്ച് ഞെട്ടിക്കുന്ന അഭിപ്രായ പ്രകടനവുമായി മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. വളരെ മോശം ഫോമിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കെ ക്യാപ്റ്റനായിരുന്നതു കൊണ്ടു മാത്രം അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ എല്ലാവരും നിര്‍ബന്ധിരതായി മാറിയിട്ടുണ്ടെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.
ഓസ്‌ട്രേലിയക്കെതിരേ ഈ വര്‍ഷമാദ്യം നടന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പരമര്‍ശം. സിഡ്‌നിയില്‍ നടന്ന ഈ പരമ്പരയിലെ അഞ്ചാമത്തെയും അവസാന ടെസ്റ്റില്‍ കളിക്കാതെ രോഹിത് സ്വയം പിന്‍മാറിയിരുന്നു. ബാറ്റിങിലെ ദയനീയ ഫോമിനെ തുടര്‍ന്നായിരുന്നു ഇത്. രോഹിത്തിന്റെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഈ മല്‍സരത്തില്‍ ടീമിനെ നയിച്ചത്.

ക്യാപ്റ്റന്‍സി തുണയായി
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍സിയുണ്ടായതു കൊണ്ടു മാത്രമാണ് രോഹിത് ശര്‍മയ്ക്കു സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞതെന്നും ഇല്ലെങ്കില്‍ ഉറപ്പായും പുറത്താക്കപ്പെടുമായിരുന്നെന്നും ഇര്‍ഫാന്‍ പഠാന്‍ അഭിപ്രായപ്പെട്ടു.
രോഹിത് ശര്‍മ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അതിശയിപ്പിക്കുന്ന താരമാണ്. പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ ആ വര്‍ഷം (2024) അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി വെറും ആറായിരുന്നു. ക്യാപ്റ്റനായിരുന്നില്ലെങ്കില്‍ അദ്ദേഹം ടീമിനു പുറത്താവുമായിരുന്നെന്നു നമ്മള്‍ പറയുകയും ചെയ്തു. അതു ശരിയുമാണെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. ലല്ലന്‍ടോപ്പ് യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം എട്ടു ടെസ്റ്റുകളിലാണ് 37 കാരനായ രോഹിത് കളിച്ചിട്ടുള്ളത്. ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവരുമായി നാട്ടില്‍ കളിച്ച ശേഷം ഓസ്‌ട്രേലിയയിലേക്കും പറക്കുകയായിരുന്നു. ഒരു ഫിഫ്റ്റിയടക്കം വെറും 164 റണ്‍സാണ് മൂന്നു പരമ്പരകളിലായി അദ്ദേഹം സ്‌കോര്‍ ചെയ്തത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മൂന്നു ടെസ്റ്റുകളലിലാണ് ഹിറ്റ്മാന്‍ ഇറങ്ങിയത്. വെറും 6.2 മാത്രമായിരുന്നു ഇവയില്‍ രോഹിത്തിന്റെ ബാറ്റിങ് ശരാശരി. ഓസ്‌ട്രേലിയയില്‍ കുറഞ്ഞത് അഞ്ചു ഇന്നിങ്‌സുകളെങ്കിലും കളിച്ച എതിര്‍ ടീം ക്യാപ്റ്റന്‍മാരില്‍ ഇത്രയും മോശം ശരാശരിയുളള മറ്റാരും തന്നെയില്ല.
ഓസീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് പരിക്കു കാരണം രോഹിത്തിനു നഷ്ടമായിരുന്നു. രണ്ടു മുതല്‍ നാലു വരെയുള്ള ടെസ്റ്റുകളിലാണ് അദ്ദേഹം കളിച്ചത്. അവസാനത്തെ മല്‍സരത്തില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു.

പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതരായി
ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ പരിതാപകരമായ ഫോമിലൂടെ കടന്നു പോയപ്പോഴും ഇന്ത്യന്‍ ക്യാപ്റ്റനായതു കൊണ്ടു മാത്രം രോഹിത് ശര്‍മയെ പിന്തുണയ്ക്കാന്‍ പുറമെയുള്ളവര്‍ നിര്‍ബന്ധിതരായി മാറിയെന്നു ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി.
രോഹിത് ശര്‍മയെ ഞങ്ങള്‍ ആവശ്യത്തിലധികം പിന്തുണച്ചിട്ടുണ്ടെന്നു ആളുകള്‍ പറയും. അതു തീര്‍ച്ചയായുമുണ്ടാവും. നിങ്ങളുടെ ബ്രോഡ്കാസ്റ്റിങ് ചാനലില്‍ ആരെങ്കിലും അഭിമുഖത്തിനു വരുമ്പോള്‍ നിങ്ങള്‍ അവരോടു മോശമായി പെരുമാറില്ല. നിങ്ങള്‍ ക്ഷണിച്ചിട്ടാണ് ആ വ്യക്തി വന്നിരിക്കുന്നത്. നിങ്ങള്‍ മാന്യമായി പെരുമാറുക തന്നെ ചെയ്യും.
അതു പോലെ തന്നെ രോഹിത് ശര്‍മ അഭിമുഖത്തിനായി വന്നപ്പോള്‍ ഞങ്ങളും മാന്യമായിട്ടാണ് അദ്ദേഹത്തോടു പെരുമാറിയത്. ഞങ്ങള്‍ അതു കാണിക്കുകയും വേണം. കാരണം രോഹിത് ഞങ്ങളുടെ അതിഥിയാണ്. അതുകൊണ്ടു തന്നെ അതെല്ലാം ബന്ധപ്പെട്ടു കിടക്കുന്നു.
രോഹിത്തിനെ പിന്തുണയ്ക്കുന്നുവെന്നു നമ്മള്‍ പറഞ്ഞു.
അദ്ദേഹം ഇലവനിലെ സ്ഥാനത്തിനു വേണ്ടി പോരടിക്കണമെന്നും നമ്മള്‍ പറഞ്ഞിരുന്നു. പ്ലെയിങ് ഇലവനില്‍ രോഹിത്തിനു സ്ഥാനമില്ലെന്നതു കൊണ്ടാണ് നമ്മള്‍ ആ തരത്തില്‍ പിന്തുണച്ചത്. അദ്ദേഹം ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നില്ലെങ്കില്‍ പുറത്താവുമായിരുന്നെന്നും ഇ്ര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.