അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന താരമാണ് ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബാറ്റിങിലെ ദയനീയ പ്രകടനങ്ങള്‍ മാത്രമല്ല, മോശം ക്യാപ്റ്റന്‍സിയും അദ്ദേഹത്തെ കുഴപ്പത്തിലാക്കി. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനമാണ് രോഹിത്തിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.
അദ്ദേഹത്തിനെതിരേ ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ള വ്യക്തികളിലൊരാള്‍ മുന്‍ ബാറ്റിങ് ഇതിഹാസവും മുഖ്യ സെലക്ടറുമായിരുന്ന സുനില്‍ ഗവാസ്‌കറാണ്. ചാനല്‍ ചര്‍ച്ചകളിലും തന്റെ കോളത്തിലൂടെയുമെല്ലാം രോഹിത്തിന്റെ ബാറ്റിങിനും ക്യാപ്റ്റന്‍സിക്കുമെതിരേ അദ്ദേഹം നിരന്തരം വിമര്‍ശനങ്ങളുന്നയിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഗവാസ്‌കറിനെിരേ പരാതിയുമായി ബിസിസിഐയെ രോഹിത് സമീപിച്ചതായാണ് പുറത്തുവരുന്ന വിവരം.

വിവാദങ്ങളുടെ തുടക്കം
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ പെര്‍ത്തിലെ ആദ്യ കളിയില്‍ രോഹിത് ശര്‍മ കളിച്ചിരുന്നില്ല. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ഈ ടെസ്റ്റില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നു രോഹിത്തിന്റെ അഭാവത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് പെര്‍ത്തില്‍ ഇന്ത്യയെ നയിച്ചത്. ഈ ടെസ്റ്റില്‍ ഇന്ത്യ ആധികാരിക വിജയവും സ്വന്തമാക്കി.
രണ്ടാം ടെസ്റ്റിനു മുന്നോടിയായാണ് ടീമിനൊപ്പം രോഹിത് ചേര്‍ന്നത്. പക്ഷെ ബാറ്റിങില്‍ ഫ്‌ളോപ്പായ അദ്ദേഹം ക്യാപ്റ്റന്‍സിയിലും തിളങ്ങിയില്ല. ഇതിനു പിന്നാലെയായിരുന്നു സുനില്‍ ഗവാസ്‌കര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തു വന്നത്. പരമ്പരയിലെ മൂന്നു ടെസ്റ്റുകളിലായി ആറിന്നിങ്‌സുകളിലാണ് ഹിറ്റ്മാന്‍ കളിച്ചത്. ഇവയില്‍ നിന്നും വെറും ആറ് ശരാശരിയില്‍ നേടാനായത് 31 റണ്‍സ് മാത്രവുമാണ്.
മോശം ഫോമിനെ തുടര്‍ന്ന് സിഡ്‌നിയിലെ നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നിന്നും രോഹിത് സ്വയം പിന്‍മാറുകയും ചെയ്തു. ബുംറയായിരുന്നു പിന്നീട് ഈ ടെസ്റ്റില്‍ ടീമിനെ നയിച്ചത്. ഇതും ഗവാസ്‌കറിനെ ചൊടിപ്പിച്ചു. ടീമില്‍ രോഹിത്തിന്റെ സ്ഥാനത്തെ ചോദ്യം ചെയ്ത അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചും സംശയങ്ങളുന്നയിച്ചു. ക്യാപ്റ്റന് റണ്‍സ് നേടാന്‍ സാധിക്കുന്നില്ലെങ്കില്‍ വിരമിക്കണമെന്നായിരുന്നു ഗവാസ്‌കര്‍ ആഞ്ഞടിച്ചത്.

ബിസിസിഐയ്ക്കു പരാതി
സുനില്‍ ഗവാസ്‌കറുടെ നിരന്തരമുള്ള വിമര്‍ശനങ്ങള്‍ തന്നെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ഫോമൗട്ടായതിനു ഇതും ഒരു പ്രധാന കാരണമാണെന്നുമാണ് രോഹിക് ശര്‍മ ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങളുന്നയിച്ച് ബിസിസിഐയ്ക്കു അദ്ദേഹം പരാതി നല്‍കിയിട്ടുണ്ടെന്നും ക്രിക്ക്‌ബ്ലോഗറുടെ (Cricblogger) റിപ്പോര്‍ട്ടില്‍ പറയുന്നു.
പുറത്തു നിന്നും ഈ തരത്തിലുള്ള വിമര്‍ശനങ്ങള്‍ തുടര്‍ച്ചയായി വരുമ്പോള്‍ അതു അമിത സമ്മര്‍ദ്ദം സൃഷ്ടിക്കുന്നതായാണ് രോഹിത്തിന്റെ പരാതി. സുനില്‍ ഗവാസ്‌കര്‍ ആ തരത്തില്‍ വിമര്‍ശിച്ചത് അനാവശ്യമായിരുന്നെന്നും അതുകൊണ്ടാണ് അദ്ദേഹത്തിനെതിരേ ബിസിസിഐയോടു പരാതി പറഞ്ഞിട്ടുള്ളതെന്നുമാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക്ക്‌ബ്ലോഗറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ തുടര്‍ന്നു ബിസിസിഐയില്‍ പരാതിപ്പെടാന്‍ രോഹിത് നിര്‍ബന്ധിതനായി തീരുകയായിരുന്നുവെന്നുമാണ് വിവരം.
രഞ്ജിയില്‍ കളിച്ചു
ഫോം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ രഞ്ജി ട്രോഫിയിലെ കഴിഞ്ഞ മല്‍സരത്തില്‍ മുംബൈയ്ക്കായി രോഹിത് ശര്‍മ കളിക്കാനിറങ്ങിയിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കു അദ്ദേഹം തിരിച്ചുവരവ് നടത്തിയിട്ടുള്ളത്.
പക്ഷെ ജമ്മു കാശ്മീരുമായി മുംബൈയിലെ വാംഖഡെയില്‍ നടന്ന മല്‍സരത്തില്‍ ബാറ്റിങില്‍ കാര്യമായി തിളങ്ങാന്‍ രോഹിത്തിനായില്ല. രണ്ടിന്നിങ്‌സുകളിലായി വെറും 31 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. ഈ മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരേ ജമ്മു കാശ്മീര്‍ അട്ടിമറി വിജയവും കുറിച്ചിരുന്നു. അടുത്ത മല്‍സരത്തിലും മുംബൈ നിരയില്‍ രോഹിത് ഉണ്ടാവുമെന്നാണ് വിവരം.