
ഓള്‍ടൈം ഏകദിന ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ രോഹിത് ശര്‍മയ്ക്കായിരിക്കും താന്‍ ഒന്നാം സ്ഥാനം നല്‍കുകയെന്നു നേരത്തേ ഡൂള്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഇന്ത്യയുടെ ഓള്‍ടൈം ഏകദിന ടീമിനെ തിരഞ്ഞെടുത്തപ്പോള്‍ അദ്ദേഹം ഹിറ്റ്മാനെ ഓപ്പണറാക്കുകയും ചെയ്തിരുന്നു.
ഇന്നിങ്‌സിലുടനീളം ഒരേ ടെംപോയില്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനാണ് രോഹിത്തെന്നും സച്ചിനടക്കമുള്ള പലര്‍ക്കും ഈ കഴിവില്ലെന്നും ഡൂള്‍ അഭിപ്രായപ്പെട്ടിരുന്നു.

അസാധാരണ താരമെന്നാണ് രോഹിത്തിനെ ഡൂള്‍ വിശേഷിപ്പിക്കുന്നത്. സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തിക്കൊണ്ടു വരാന്‍ പ്രത്യേക കഴിവ് രോഹിത്തിനുണ്ട്. 60, 70,80 എന്നിങ്ങനെ അത് ഉയര്‍ന്നു കൊണ്ടിരിക്കും. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഒരിക്കലും 90കളില്‍ തന്നെ തട്ടി നില്‍ക്കില്ല. ഈ മികവ് തന്നെയാണ് രോഹിത്തിനെ അപകടകാരിയായ ഓപ്പണറാക്കി മാറ്റുന്നതെന്നും ഡൂള്‍ വിലയിരുത്തി.

ഏകദിന കരിയറില്‍ നിരവധി തവണയാണ് സച്ചിന്‍ 90നും സെഞ്ച്വറിക്കുമിടയില്‍ പുറത്തായിട്ടുള്ളത്. ഇതില്‍ 2007ല്‍ മാത്രം ഏഴു തവണ അദ്ദേഹം 90 കളില്‍ ക്രീസ് വിട്ടിട്ടുണ്ട്. മൂന്നു തവണ 99 റണ്‍സില്‍ വച്ചും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പുറത്തായിട്ടുണ്ട്. സെഞ്ച്വറിയിലേക്കു അടുക്കുന്തോറും പലത്തോഴും സച്ചിന്റെ ഇന്നിങ്‌സിനു വേഗം കുറയുന്നതായി കാണാം.
2012 ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരേ 80 റണ്‍സെടുക്കാന്‍ സച്ചിനു വേണ്ടി വന്നത് 102 പന്തുകളായിരുന്നു. തുടര്‍ന്ന് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ 36 പന്തുകള്‍ കൂടി അദ്ദേഹമെടുത്തു. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ അന്താരാഷ്ട്ര കരിയറിലെ നൂറാമത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്. ഏകദിനത്തിലെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ 100 പ്ലസ് സ്‌കോര്‍ കൂടിയായിരുന്നു സച്ചിന്റെ അന്നത്തെ ഇന്നിങ്‌സ്.

രോഹിത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2019. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തിയതും ഹിറ്റ്മാന്‍ തന്നെ. 28 മല്‍സരങ്ങളില്‍ നിന്നും 57.30 ശരാശരിയില്‍ 89 സ്‌ട്രൈക്ക് റേറ്റോടെ 1490 റണ്‍സ് രോഹിത് നേടിയിരുന്നു. ഏഴു സെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. ഈ സെഞ്ച്വറികളെല്ലാം ഏഴു വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരേ ആയിരുന്നുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികളടിച്ച് ലോക റെക്കോര്‍ഡ് സ്ഥാപിച്ച രോഹിത് 150-200നും ഇടയില്‍ കൂടുതല്‍ തവണ സ്‌കോര്‍ ചെയ്ത താരം കൂടിയാണ്. അഞ്ചു തവണയാണ് ഹിറ്റ്മാന്‍ ഈ നേട്ടം കൈവരിച്ചത്.

സച്ചിനേക്കാള്‍ കേമനാണ് ഏകദിനത്തില്‍ രോഹിത്തെന്നു താന്‍ പറയാന്‍ ചില കാരണങ്ങളുണ്ടെന്നു ഡൂള്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ നമ്പറുകള്‍ നോക്കൂ. 49 ശരാശരിയും 88 സ്‌ട്രൈക്ക് റേറ്റും ഏകദിനത്തില്‍ രോഹിത്തിനുണ്ട്. മറുഭാഗത്ത് സച്ചിന്റെ ശരാശരി 44ഉം സ്‌ട്രൈക്ക് റേറ്റ് 86ഉം ആണ്.
നമ്പറുകള്‍ നോക്കൂമ്പോള്‍ രോഹിത്ത് തന്നെയാണ് മുന്നില്‍. സച്ചിനേക്കാള്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടാണ് ഏകദിന ഇലവനെ തിരഞ്ഞെടുത്തപ്പോള്‍ ആദ്യം രോഹിത്തിനെ തന്നെ താന്‍ പരിഗണിച്ചത്. കാരണം എല്ലായ്‌പ്പോഴും നമ്പര്‍ വണ്‍ താരത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും ഡൂള്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications