ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ വിമര്‍ശനശരങ്ങളേറ്റ് വാങ്ങിയ ടീം പരിശീലകന്‍ ഗൗതം ഗംഭീറും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും 2027 ഏകദിന ലോകകപ്പിലേക്കുള്ള 'തന്ത്രങ്ങള്‍' മെനയുന്നു. ഇതിനായി മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോലി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും.
ഇരുവരുമില്ലാതെ ഏകദിന ലോകകപ്പ് പദ്ധതികള്‍ തയ്യാറാക്കാനാണ് ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും ശ്രമിക്കുന്നത് എന്നാണ് വിവരം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങള്‍ പൂര്‍ത്തിയായ ശേഷം ബിസിസിഐ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും ഭാവി പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യും. ടി-20 യില്‍ നിന്നും ടെസ്റ്റില്‍ നിന്നും ഇരുവരും നേരത്തെ വിരമിച്ചിരുന്നു.

ഏകദിന ഫോര്‍മാറ്റില്‍ തുടരുന്നത് 2027 ലെ ഐസിസി ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് കൊണ്ടാണ്. എന്നാല്‍ ടൂര്‍ണമെന്റിന് ഇനിയും 22 മാസമുണ്ട്. അത് ഒരു വലിയ കാലഘട്ടമാണ് എന്നതിനാല്‍ തന്നെ ഫോമും ഫിറ്റ്്‌നസും നിലനിര്‍ത്തുക എന്നത് മാത്രമാണ് ഇരുവര്‍ക്കും മുന്നിലുള്ള പോംവഴി. കോലിക്ക് 37 വയസായി, രോഹിതിന് 39 ഉം. ക്രിക്കറ്റില്‍ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും ഇനി ഒന്നും തെളിയിക്കാനില്ല.
എന്നിരുന്നാലും, അവര്‍ ഇപ്പോള്‍ അവരുടെ ഫോമിന്റെ ഉന്നതിയിലല്ല അതിനാല്‍ മാനേജ്മെന്റ് അവരെ എങ്ങനെ കാണുന്നു എന്നത് നിര്‍ണായകമായിരിക്കും. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, ഹെഡ് കോച്ച് ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും അടുത്ത ആഴ്ച രോഹിതും കോലിയുമായും കൂടിക്കാഴ്ച നടത്തും. അന്താരാഷ്ട്ര ക്രിക്കറ്റിന് പുറത്തുള്ള ജോലിഭാരം മാനേജ്‌മെന്റ്, റോള്‍ വ്യക്തത, പ്രതീക്ഷകള്‍, ഫോം, ലഭ്യത എന്നിവയെക്കുറിച്ചായിരിക്കും ചര്‍ച്ച.
'രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലുള്ള കളിക്കാര്‍ക്ക് അവരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നും നിലവിലെ മാനേജ്മെന്റ് അവരുടെ റോളുകളെ എങ്ങനെ കാണുന്നുവെന്നും വ്യക്തത നല്‍കേണ്ടത് വളരെ പ്രധാനമാണ്. അവര്‍ക്ക് അനിശ്ചിതത്വത്തോടെ കളിക്കാന്‍ കഴിയില്ല,' ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ലോകകപ്പിന് അടുത്ത് ഏതെങ്കിലും കളിക്കാരന്‍ ലഭ്യമല്ലെങ്കില്‍ ബാക്കപ്പ് ഓപ്ഷനുകള്‍ തിരിച്ചറിയുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ട്.
ഇരുവരും തങ്ങളുടെ ഭാവിയെക്കുറിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ലാത്തതിനാല്‍ ഇത് കൗതുകകരവും സുപ്രധാനവുമാണ്. 2027 ലെ ഏകദിന ലോകകപ്പ് കളിക്കുന്നതില്‍ രോഹിത്തിനും കോലിക്കും താല്‍പര്യമില്ലെന്ന് അജിത് അഗാര്‍ക്കര്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല രോഹിത് തന്റെ ഫിറ്റ്നസിനായി വളരെയധികം കഠിനാധ്വാനം ചെയ്യുന്നുമുണ്ട്.
'ഓസ്‌ട്രേലിയയില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇരുവരും മികച്ച പ്രകടനം നടത്തിയിരുന്നു. പക്ഷേ പരമ്പര ഇതിനകം തന്നെ തോറ്റിരുന്നു, ആദ്യ ഇന്നിംഗ്‌സില്‍ ബൗളര്‍മാരാണ് മത്സരം സജ്ജമാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ അവര്‍ മോശം പ്രകടനം കാഴ്ചവച്ചു. എല്ലാ പരമ്പരയിലും അത് താങ്ങാനാവില്ല,'' ബിസിസിഐ വൃത്തം പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിയിലൂടെ രോഹിത് തന്റെ സമീപനത്തെ നിര്‍വചിച്ച നിര്‍ഭയമായ ആക്രമണ ക്രിക്കറ്റ് കളിക്കുന്നത് തുടരണമെന്ന് മാനേജ്മെന്റ് ആഗ്രഹിക്കുന്നു.
ഓസ്ട്രേലിയയില്‍, പതിവിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തിയ അദ്ദേഹം സ്ഥിരത കൈവരിക്കാന്‍ കൂടുതല്‍ സമയമെടുത്തു. എന്നിരുന്നാലും, ഇത്രയും മാസങ്ങള്‍ക്ക് ശേഷം ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഒരു കളിക്കാരനില്‍ നിന്ന് അത് പ്രതീക്ഷിക്കാം എന്നും രണ്ട് സീനിയര്‍ ബാറ്റ്സ്മാന്‍മാരും യുവ ടീമംഗങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ വേഗത കൂട്ടുമെന്നാണ് പ്രതീക്ഷ എന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ ഒരു ഹോം പരമ്പരയാണ്, തുടര്‍ന്ന് ജൂലൈയില്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്ന സമയം വരെ നീണ്ട ഇടവേളയുണ്ട്. മതിയായ മത്സര പരിശീലനം ഉറപ്പാക്കാന്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഇരു താരങ്ങളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.