ഇവന്റ് മാനേജ്‌മെന്റ് മാനേജറായി പരിചയപ്പെട്ടു, ഇപ്പോള്‍ രോഹിത്തിന്റെ എല്ലാം, ഹിറ്റ്മാന്റെ പ്രണയകഥ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് എളുപ്പത്തില്‍ മാറ്റിനിര്‍ത്താനാവുന്ന പേരല്ല രോഹിത് ശര്‍മയുടേത്. മധ്യനിര ബാറ്റ്‌സ്മാനായി തുടങ്ങി പിന്നീട് ഓപ്പണറാവുകയും ഇന്ന് പരിമിത ഓവറിലെ നായകന്‍ എന്ന നിലയില്‍ വരെയുള്ള വളര്‍ച്ച രോഹിത്തിന്റെ ഏതൊരു ക്രിക്കറ്റ് താരത്തിനും ആരാധകനും വലിയ പ്രചോദനം നല്‍കുന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ രോഹിത് യുഗമാണ്. വിരാട് കോലി നായകസ്ഥാനം ഒഴിയുന്നതോടെ ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്തേക്കും രോഹിത് ശര്‍മ എത്തുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഉടന്‍ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.
രോഹിത് ശര്‍മയെന്ന താരത്തെ ഹിറ്റ്മാനെന്ന് വിശേഷണം നല്‍കിയാണ് ആരാധകര്‍ ആദരിക്കുന്നത്. രോഹിത്തിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ജീവിതവും ആരാധകരുടെ ഇഷ്ട വിഷയമാണ്. രോഹിത്തിന്റെ ഭാര്യ റിതിക സജ്‌ദേവും അവരുടെ പെണ്‍കുഞ്ഞ് സമെയ്‌റയും ആരാധകര്‍ക്ക് വളരെ സുപരിചിതമായ മുഖമാണ്. രോഹിത്തിന്റെ പ്രണയം ആരാധകര്‍ വളരെ ആഘോഷമാക്കിയ സംഭവമാണ്. ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് റിതികയും രോഹിത്തും വിവാഹിതരായത്. ഇവന്റെ മാനേജറായി എത്തി രോഹിത്തിന്റെ മനം കീഴടക്കിയ റിതികയുമായുള്ള അദ്ദേഹത്തിന്റെ പ്രണയത്തെക്കുറിച്ചറിയാം.

മുംബൈയിലെ ഒരു സ്‌പോര്‍ട്‌സ് ക്ലബ്ബിലെ ഇവന്റ് മാനേജറായിരുന്നു റിതിക. ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്ങുമായി അടുത്ത ബന്ധമാണ് റിതികയ്ക്കുണ്ടായിരുന്നത്. ഇതിലൂടെയാണ് രോഹിത് ശര്‍മയുമായി പരിചയപ്പെടുന്നതും സുഹൃത്തുക്കളാവുന്നതും. ആറ് വര്‍ഷത്തെ സുഹൃത് ബന്ധത്തിനും പ്രണയത്തിനും ശേഷമാണ് രോഹിത്തും റിതികയും വിവാഹിതരായത്. മുംബൈയിലെ ബോര്‍വാലി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന പരിപാടിയില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഡിസംബര്‍ 13നായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹത്തിന് ശേഷം രോഹിത്തിന്റെ പല മത്സരങ്ങളും കാണാന്‍ റിതിക എത്തിയിരുന്നു. പ്രത്യേകിച്ച് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മത്സരം നടക്കുമ്പോള്‍ ഗ്യാലറിയിലുള്ള സജീവ മുഖങ്ങളിലൊന്നാണ് റിതികയുടേത്. വിവാഹത്തിന് ശേഷം രോഹിത് ശ്രീലങ്കയ്‌ക്കെതിരേ ഇരട്ട സെഞ്ച്വറി നേടിയപ്പോള്‍ തന്റെ വിവാഹ മോതിരത്തില്‍ ഉമ്മവെച്ച് രോഹിത് തന്റെ ഇരട്ട സെഞ്ച്വറി റിതികയ്ക്ക് സമര്‍പ്പിച്ചിരുന്നു. അത് ഇന്നും ആരാധക മനസില്‍ മായാതെ നില്‍ക്കുന്നു.

സാമൂഹ്യ മാധ്യമങ്ങളിലും രണ്ട് പേരും സജീവമാണ്. ഒരുമിച്ചുള്ള യാത്രകളുടെയും ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം വലിയ ആരാധക പിന്തുണയും ലഭിക്കാറുണ്ട്. മകള്‍ സമെയ്‌റയോടൊപ്പം രോഹിത് കളിക്കുന്നതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെക്കാറുണ്ട്. എന്തായാലും രോഹിത്-റിതിക പ്രണയവും മകള്‍ സമെയ്‌റയുടെ വികൃതികളുമെല്ലാം ആരാധകരുടെ ഇഷ്ട വിഷയങ്ങളില്‍ ഒന്ന് തന്നെയാണ്.
സൂപ്പര്‍ താര പദവിയിലേക്കെത്തുന്നതിന് മുമ്പും രോഹിത്തിന് പ്രണയമുണ്ടായിരുന്നു. അന്ന് നടിയും മോഡലുമായ സോഫിയ ഹയാട്ടായിരുന്നു രോഹിത്തിന്റെ കാമുകി. രണ്ട് പേരുടെയും പ്രണയ കഥകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഏറെ നാള്‍ നിറഞ്ഞു നിന്നതാണ്. പലപ്പോഴും രോഹിത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ സോഫിയ ഒളിയമ്പ് എയ്യാറുമുണ്ട്. രോഹിത് സൂപ്പര്‍ താര പരിവേഷത്തിലേക്ക് എത്തിയതോടെയാണ് ഈ പ്രണയ ബന്ധം വേര്‍പിരിഞ്ഞത്. രോഹിത്താണ് പിന്മാറ്റം നടത്തിയതെന്നാണ് പാപ്പരസികള്‍ പറയുന്നത്.

രോഹിത്തുമായുള്ള പ്രണയ ബന്ധം ട്വിറ്ററിലൂടെ സോഫിയ ഹയാട്ട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നതാണ് ഇതില്‍ എടുത്തു പറയേണ്ട കാര്യം. 'അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിടാം. രോഹിത് ശര്‍മയുമായി ഞാന്‍ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എല്ലാം അവസാനിച്ചിരിക്കുന്നു. ഇനി അവനുമായി ഡേറ്റ് ചെയ്യാനില്ല. മറ്റൊരു മാന്യനെയാണ് ഇനി ആഗ്രഹിക്കുന്നത്'- സോഫിയ ഹയാട്ട് ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതൊന്നും രോഹിത്തിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. ഇപ്പോഴും ആരാധകരുടെ പ്രിയ താരമാണ് രോഹിത് ശര്‍മ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications