ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള അപ്രതീക്ഷിത വിരമിക്കലില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശര്‍മയും ഹര്‍ഭജന്‍ സിങും. ആഗസ്റ്റ് 15ന് ശനിയാഴ്ച രാത്രിയോടയാണ് ഇതിഹാസ താരം എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ റെയ്‌നയും കളി മതിയാക്കുന്നതായി അറിയിച്ചത്.

മഹി നിങ്ങള്‍ക്കൊപ്പം കളിച്ചത് മനോഹരമായ അനുഭവമായിരുന്നു. ഹൃദയം നിറയെ അഭിമാനത്തോടെ തന്നെ ഞാനം നിങ്ങളുടെ ഈ യാത്രയില്‍ ഒപ്പം ചേരുകയാണ്. നന്ദി ഇന്ത്യ, ജയ്ഹിന്ദ് എന്നായിരുന്നു 33 കാരമായ റെയ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചത്.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍ റെയ്‌നയുടെ സഹതാരം കൂടിയായ ഹര്‍ഭജന്‍ ട്വിറ്ററിലൂടെയാണ് ഞെട്ടല്‍ രേഖപ്പെടുത്തിയത്. റെയ്‌നയുടെ വിരമിക്കലിനെക്കുറിച്ച അറിഞ്ഞപ്പോള്‍ ശരിക്കും ഷോക്കായി. ഇന്ത്യന്‍ കുപ്പായത്തില്‍ ഇനിയും നിങ്ങള്‍ക്കു ഒരുപാട് നല്‍കാനുണ്ടെന്നാണ് ഇപ്പോഴും തോന്നുന്നത്. പ്രായവും ഫിറ്റ്‌നസുമെല്ലാം നിങ്ങള്‍ക്കു അനുകൂലവുമാണ്. എങ്കിലും എല്ലാവരും പറയുന്നത് പോലെ നിര്‍ത്തേണ്ട സമയം നിങ്ങള്‍ക്കു അറിയാന്‍ കഴിയും. നിങ്ങളുടെ രണ്ടാമിന്നിങ്‌സിന് എല്ലാവിധ ആശംസകളും. ദൈവം അനുഗ്രഹിക്കട്ടെയെന്നും ഭാജി ട്വീറ്റ് ചെയ്തു.
റെയ്‌നയ്‌ക്കൊപ്പം തന്നെ ദേശീയ ടീമിലേക്കു വന്ന താരമായ രോഹിത്തും ട്വിറ്ററിലൂടെയാണ് വിരമിക്കലില്‍ ഞെട്ടല്‍ അറിയിച്ചത്. തീര്‍ച്ചയായും ഇത് ഷോക്കിങാണ്. പക്ഷെ എനിക്കു തോന്നുന്നത് വിരമിക്കാന്‍ ഇതാണ് ഉചിതമായ സമയെന്ന് നിനക്കു തോന്നിയിട്ടുണ്ടാവുമെന്ന് ഞാന്‍ കരുതുന്നു. മികച്ച കരിയറായിരുന്നു ബ്രോ, മഹത്തായ വിരമിക്കലും ഉണ്ടായിരിക്കുന്നു. ചിരിക്കുന്ന കണ്ണുകളും മുഖവുമായി നമ്മള്‍ ടീമിലേക്കു വന്നത് ഇപ്പോളും ഓര്‍മയുണ്ട്. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും രോഹിത് ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യക്കു വേണ്ടി 226 ഏകദിനങ്ങളും 78 ടി20കളും 18 ടെസ്റ്റുകളും കൡച്ചിട്ടുള്ള റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ 8000ത്തിന് അടുത്ത് റണ്‍സും നേടിയിട്ടുണ്ട്. 2011ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ഐസിസിയുടെ ഏകദിന ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ റെയ്‌ന നേടിയ നിര്‍ണായക ഇന്നിങ്‌സ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചവയില്‍ ഒന്നു കൂടിയാണ്.