സ്പിന്നര്‍മാരെ വരട്ടെ, ആദ്യ ഓവര്‍ നേരിടില്ലെന്ന് ധവാന്‍! അവന്‍ തന്നെ കുടുക്കി- വെളിപ്പെടുത്തി രോഹിത്
മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത് രോഹിത് ശര്‍മ-ശിഖര്‍ ധവാന്‍ ജോടിയാണ്. ഏകദിനത്തിലും ടി20യിലും ഈ സഖ്യം അത്രയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇന്ത്യക്കു വേണ്ടി കാഴ്ച വയ്ക്കുന്നത്. സമീപകാലത്തു ടി20യില്‍ ധവാന്റെ ടി20യിലെ പ്രകടനം ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും ഏകദിനത്തില്‍ ഈ സഖ്യത്തിന്റെ കഴിവില്‍ ആര്‍ക്കും സംശയമില്ല.
മധ്യനിര ബാറ്റ്‌സ്മാനായി കരിയര്‍ ആരംഭിച്ച താരമാണ് രോഹിത്. 2013ലാണ് ഹിറ്റ്മാന് ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിക്കുന്നത്. അന്നു തനിക്കു ധവാന്‍ തന്നിരുന്ന എട്ടിന്റെ പണികളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. തുടക്കക്കാരനായ തന്നോട് ഇന്നിങ്‌സിലെ ആദ്യ ഓവര്‍ കളിക്കാന്‍ അന്നു ധവാന്‍ ആവശ്യപ്പെട്ടിരുന്നതായി ഹിറ്റ്മാന്‍ തമാശയായി പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുമായുള്ള ലൈവില്‍ സംസാരിക്കവെയാണ് രസകരമായ ഓര്‍മകള്‍ രോഹിത് പങ്കുവച്ചത്.

2013ലെ ചാംപ്യന്‍സ് ട്രോഫി
2013ല്‍ എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ ചാംപ്യന്‍മാരായ ചാംപ്യന്‍സ് ട്രോഫിക്കിടെയുണ്ടായ രസകരമായ സംഭവമാണ് രോഹിത് വെളിപ്പെടുത്തിയത്. അന്നു ഇംഗ്ലണ്ടിലായിരുന്നു ടൂര്‍ണമെന്റ്. രോഹിത് ഏകദിനത്തില്‍ ഓപ്പണറായി പരീക്ഷിക്കപ്പെട്ടിരുന്ന സമയമായിരുന്നു അത്.
ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ധവാനൊടൊപ്പം ക്രീസിലേക്കു വരുമ്പോള്‍ എല്ലായ്‌പ്പോഴും തന്നോട് ആദ്യ ഓവറില്‍ സ്‌ട്രൈക്ക് നേരിടാന്‍ ധവാന്‍ പറയുമായിരുന്നുവെന്ന് രോഹിത് വെളിപ്പെടുത്തി. അന്ന് അത് വലിയ വെല്ലുവിളിയുയര്‍ത്തുന്ന കാര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ധവാന്‍ വിഡ്ഢിയാണ്
ധവാനെ വിഡ്ഢിയെന്നാണ് തമാശയായി രോഹിത് വിശേഷിപ്പിച്ചത്. വിഡ്ഢിയെന്നല്ലാതെ അവനെ വേറെയെന്താണ് പറയുക? ഇന്നിങ്‌സിലെ ആദ്യ പന്ത് നേരിടാന്‍ ധവാന് ഇഷ്ടമില്ലായിരുന്നു. സ്പിന്നര്‍മാര്‍ വരട്ടെയെന്നു പറയും. ഫാസ്റ്റ് ബൗളര്‍മാരെ ആദ്യ ഓവറില്‍ നേരിടാന്‍ അവന് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു.
2013ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ധവാനോടൊപ്പം ഓപ്പണറായി ഇറങ്ങിയത് ഇപ്പോഴും ഓര്‍മയുണ്ട്. ടൂര്‍ണമെന്റില്‍ താന്‍ ഓപ്പണറായി കളിച്ച രണ്ടാം മല്‍സരം, എതിരാളികള്‍ ദക്ഷിണാഫ്രിക്ക. മോര്‍നെ മോര്‍ക്കല്‍, ഡെയ്ല്‍ സ്‌റ്റെയ്ന്‍ എന്നിവരടക്കമുള്ളവര്‍ ബൗളിങ് നിരയില്‍. ഇവര്‍ക്കെതിരേ അതുവരെ താന്‍ ന്യൂബോള്‍ കളിച്ചിരുന്നില്ലെന്നും രോഹിത് വിശദമാക്കി.

നീ തന്നെ കളിക്കണം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നീ ആദ്യ ഓവര്‍ കളിക്കണമെന്ന് അന്നു ധവാനോടു പറഞ്ഞു. പറ്റില്ലെന്നായിരുന്നു അവന്റെ മറുപടി. ഇത് ആദ്യ ഓവറാണ്. നീ കുറച്ചു കാലമായില്ലേ ഓപ്പണറായി കളിക്കുന്നു, നീ തന്നെ ആദ്യ ഓവര്‍ ബാറ്റ് ചെയ്യണമെന്ന് ധവാനോടു പറഞ്ഞു. സ്ഥിരമായി ഓപ്പണറായി കളിച്ചു കൊണ്ടിരുന്ന ധവാന്‍ എന്തു കൊണ്ട് ആദ്യ ഓവര്‍ കളിക്കുന്നില്ലെന്ന് അന്നു തോന്നി.
ഒടുവില്‍ ധവാന്‍ കൂട്ടാക്കാതിരുന്നതോടെ താന്‍ ആദ്യ ഓവര്‍ സ്‌ട്രൈക്ക് നേരിട്ടു. മോര്‍ക്കലെറിഞ്ഞ ആദ്യത്തെ കുറച്ചു പന്തുകള്‍ കാണാന്‍ പോലുമായില്ല. അത്രയും ബൗണ്‍സ് പ്രതീക്ഷിച്ചിരുന്നില്ല. അതിനു താന്‍ തയ്യാറെടുത്തിരുന്നില്ലെതാണ് യാഥാര്‍ഥ്യം. ന്യൂ ബോളിനെതിരേ എങ്ങനെ കളിക്കണമെന്ന് പോലും അറിയില്ലായിരുന്നു, പ്രത്യേകിച്ചും ഇംഗ്ലണ്ടിലെ പിച്ചിലെന്നും രോഹിത് വെളിപ്പെടുത്തി.

ധവാന്‍ ശല്യക്കാരന്‍
ധവാന്‍ ചിലപ്പോള്‍ കളിക്കളത്തില്‍ ശല്യക്കാരനായി മാറാറുണ്ടെന്നു രോഹിത് തമാശയായി പറഞ്ഞു. കളിയുടെ മധ്യ ഓവറുകളില്‍ താന്‍ ചില പ്ലാനുകള്‍ തയ്യാറാക്കും. ആ ബൗളര്‍ അങ്ങനെയാണ് പന്തെറിയുന്നത്, നമ്മള്‍ അതുകൊണ്ട് ഇങ്ങനെ കളിക്കണമൊന്നൊക്കെ താന്‍ പദ്ധതിയിടും. അത് ധവാനുമായി സംസാരിക്കുകയും ചെയ്യും. എന്നാല്‍ അഞ്ചു സെക്കന്റ് കഴിഞ്ഞാല്‍ അവന്‍ ചോദിക്കും, നീ എന്തായിരുന്നു നേരത്തേ പറഞ്ഞത്?
കളിയുടെ ആ ഘട്ടത്തില്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കും ബാറ്റ് ചെയ്യുക. അതിനിടെയാണ് ധവാന്റെ വക ഈ തരത്തിലുള്ള പ്രശ്‌നങ്ങള്‍. അത് തന്നെ കൂടുതല്‍ അസ്വസ്ഥനാക്കും, എങ്ങനെ പ്രതികരിക്കണമെന്നു പോലും അപ്പോള്‍ അറിയില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

ആശയക്കുഴപ്പം
ബാറ്റ് ചെയ്യുന്നതിനിടെ ആശയക്കുഴപ്പമുണ്ടാക്കുന്ന മറ്റൊരു കാര്യം ധവാന്‍ ചെയ്യാറുണ്ടെന്ന് രോഹിത് വെളിപ്പെടുത്തി. പന്ത് ഡിഫന്‍ഡ് ചെയ്യുമ്പോള്‍ അവന്‍ ഒന്നോ, രണ്ടോ സ്‌റ്റെപ്പ് മുന്നോട്ട് കയറി വന്ന് കളിക്കും. നോണ്‍ സ്‌ട്രൈക്കറായ തന്നെ സംബന്ധിച്ച് ഇത് ആശയക്കുഴപ്പമുണ്ടാക്കും. അവന്‍ റണ്ണിനായി ഓടുമോ, ഇല്ലയോ എന്നതായിരുന്നു സംശയം. ഇപ്പോള്‍ വര്‍ഷങ്ങളായി ധവാനോടൊപ്പം കളിച്ചതോടെ അതുമായി താന്‍ പൊരുത്തപ്പെട്ടു. ധവാന്റെ ഷോട്ട് ഗ്യാപ്പിലേക്ക് പോയാല്‍ മാത്രമേ റണ്ണിനായി ഓടൂയെന്ന് ഇപ്പോള്‍ തീരുമാനിച്ചു. നിരവധി റണ്‍സ് അങ്ങനെ തനിക്കു നഷ്ടമായിട്ടുണ്ട്, അതില്‍ കുറ്റബോധമില്ല. കുറച്ചു തവണ ഇതു കാരണം താന്‍ അപകടത്തിലായിട്ടുണ്ടെന്നും രോഹിത് തമാശയായി പറഞ്ഞു. പൊട്ടിച്ചിരിയോടെയാണ് രോഹിത്തിന്റെ വാക്കുകളോട് വാര്‍ണര്‍ പ്രതികരിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications