ലോക ക്രിക്കറ്റില്‍ താരസമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയെ വെല്ലാന്‍ മറ്റൊരും ടീമും ഇല്ലെന്നു തന്നെ പറയേണ്ടിവരും. ഐപിഎല്ലിന്റെ വരവോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയതെന്നു നിസംശയം പറയാം. ടീമിലെ സ്ഥാനത്തിനു വേണ്ടി താരങ്ങള്‍ക്കിടയില്‍ മുമ്പൊരിക്കലും കണ്ടില്ലാത്ത തരത്തിലുള്ള മല്‍സരവും ഇപ്പോളുണ്ട്.
അതുകൊണ്ടു തന്നെ ദേശീയ ടീമിനായി ലഭിക്കുന്ന അവസരങ്ങള്‍ പരമാധി മുതലാക്കുകയെന്നത് ഏതൊരു താരത്തെയും സംബന്ധിച്ച് വളരെ പ്രധാനമാണ്. കാരണം പകരം ഈ റോളിലേക്കു വരാന്‍ നിരവധി പേര്‍ ക്യൂവിലുണ്ട്. ഒരേ സമയത്തു നാലു വ്യത്യസ്ത ഏകദിന ടീമുകളെ അണിനിരത്താന്‍ ഇപ്പോള്‍ ഇന്ത്യക്കു കഴിയും. ഏകദിനത്തില്‍ നാലു വ്യത്യസ്ത ടീമിനെ പരീക്ഷിച്ചാല്‍ ആരൊക്കെയുണ്ടാവുമെന്നു നോക്കാം.

നാലു ടീം തയ്യാര്‍
ഇന്ത്യയുടെ നാലു വ്യത്യസ്ത ലുക്കിലുള്ള ഏകദിന ടീമുകളെ രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് നയിക്കുക. നാലു ഇലവനുകളിലും മികച്ച മാച്ച് വിന്നര്‍മാരുടെ നിര തന്നെ നമുക്കു കാണാന്‍ സാധിക്കും.
ഇതില്‍ രോഹിത്തിന്റെ ടീമിലേക്കു വന്നാല്‍ അദ്ദേഹത്തിനൊപ്പം സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ് ഓപ്പണിങില്‍ ഇറങ്ങുക. ഇവര്‍ക്കു ശേഷം വണ്‍ഡൗണായി റുതുരാജ് ഗെയ്ക്വാദിന്റെ ഊഴമായിരിക്കും. നാലാമന്‍ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ നിതീഷ് റാണയാണ്. അഞ്ചാമനായി ഫിനിഷര്‍ റിങ്കു സിങുണ്ട്.
തുടര്‍ന്ന് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായ വാഷിങ്ടണ്‍ സുന്ദറിന്റെയും ഷഹബാസ് അഹമ്മദിന്റെ ഊഴമായിരിക്കും. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ദീപ് ചാഹറാണ് എട്ടാമന്‍. ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ്. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ജസ്പ്രീത് ബുംറയണ്. അന്‍ഷുല്‍ കാംബോജാണ് ടീമിലെ മറ്റൊരപ പേസര്‍.
ഇനി കോലിയുടെ ഇന്ത്യന്‍ ഇലവനെടുത്താല്‍ ഓപ്പണിങ് ജോടികള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും സായ് സുദര്‍ശനുമാണ്. മൂന്നാം നമ്പറിലായിരിക്കും ക്യാപ്റ്റന്‍ കോലി ക്രീസിലെത്തുക. നാലാമനായി കളിക്കുക യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ്. അഞ്ചാമനായി ധ്രുവ് ജുറേലിനെയും കാണാം.
അഞ്ചില്‍ ഫിനിഷര്‍ റോളില്‍ ജിതേഷ് ശര്‍മയുണ്ട്. രവീന്ദ്ര ജഡേജയും ശര്‍ദ്ദുല്‍ ടാക്കൂറുമാണ് ഓള്‍റൗണ്ടര്‍മാര്‍. സ്പിന്‍ ബൗളിങിന്റെ കടിഞ്ഞാണ്‍ കുല്‍ദീപ് യാദവിനാണ്. മുഹമ്മദ് സിറാജും ടി നടരാജനും ചേര്‍ന്നാണ് ടീമിന്റെ പേസ് ബൗളിങ് കൈകാര്യം ചെയ്യുക.

ഇനി ശ്രേയസ് ക്യാപ്റ്റനായ മൂന്നാമത്തെ ടീമിലേക്കു വരാം. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളുമാണ് ഓപ്പണിങ് ജോടികള്‍. മൂന്നാമനായി മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലുണ്ടാവും. നായകന്‍ ശ്രേയസാണാണ് നാലാം നമ്പറില്‍.
അഞ്ച്, ആറ് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയും അക്ഷര്‍ പട്ടേലും കളിക്കും. ഫിനിഷറായ രാഹുല്‍ തേവാത്തിയയാണ് ഏഴാം നമ്പറിലുള്ളത്. എട്ടില്‍ ഹര്‍ഷിത് റാണയാണ്. സ്പിന്നറായി വരുണ്‍ ചക്രവര്‍ത്തിയുണ്ട്. അര്‍ഷ്ദീപ് സിങും ഖലീല്‍ അഹമ്മദും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കും.
നാലാമത്തെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് ജോടികള്‍ അഭിഷേക് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ്. ഓള്‍റൗണ്ടര്‍ തിലക് വര്‍മ മൂന്നിലത്തുമ്പോള്‍ നാലില്‍ സര്‍ഫറാസ് ഖാനാണ്. അഞ്ചില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്കും കളിക്കും. ആറാമന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്.
ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ നിതീഷ് റെഡ്ഡിയും ക്രുനാല്‍ പാണ്ഡ്യയുമുണ്ട്. രവി ബിഷ്‌നോയിയാണ് ടീമിലെ സ്പിന്നര്‍. പേസ് ബൗളിങിന്റെ ചുമതല മുഹമ്മദ് ഷമിക്കും പ്രസിദ്ധ് കൃഷ്ണയ്ക്കുമായിരിക്കും.