ഏകദിന നായകനായി 11 ഇന്നിങ്‌സ്, കൂടുതല്‍ റണ്‍സ് ആര്‍ക്ക്? കോലിക്ക് മുകളില്‍ ഹിറ്റ്മാന്‍, പട്ടിക

അഹമ്മദാബാദ്: ഇന്ത്യയുടെ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് വിരാട് കോലിയെ മാറ്റി പകരം രോഹിത് ശര്‍മയെ എത്തിച്ചത് സമീപകാലത്തെ ഇന്ത്യന്‍ ക്രിക്കറ്റിലെ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഐസിസി ട്രോഫികളുടെ കുറവ് ചൂണ്ടിക്കാട്ടി കോലിയെ ഇന്ത്യ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. പകരക്കാരനായി രോഹിത് എത്തുമ്പോള്‍ വലിയ വെല്ലുവിളി തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ പരിമിത ഓവര്‍ സ്ഥിര നായകനായി കളിച്ച ആദ്യ ഏകദിന പരമ്പര തന്നെ അലമാരയിലെത്തിച്ച് രോഹിത് വിരോധികളുടെ വായടപ്പിച്ചിരിക്കുകയാണ്.
ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ടും തിളങ്ങിയ രോഹിത് രണ്ട് മത്സരത്തിലും നായകനെന്ന നിലയില്‍ കൈയടി നേടുന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഫീല്‍ഡിങ് വിന്യാസത്തിലും ബൗളിങ് മാറ്റത്തിലുമെല്ലാം കൃത്യത കാട്ടുന്ന രോഹിത് വളരെ ഭാഗ്യമുള്ള നായകന്മാരിലൊരാള്‍ക്കൂടിയാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ രോഹിത്തിനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

നായകനെന്ന നിലയിലെ തന്റെ മികവ് നേരത്തെ തന്നെ തെളിയിക്കാന്‍ രോഹിത്തിനായിട്ടുണ്ട്. വലിയ വെല്ലുവിളികള്‍ വരാനിരിക്കുന്നതേ ഉള്ളൂവെങ്കിലും നായകനായുള്ള രോഹിത്തിന്റെ ഇതുവരെയുള്ള പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനിക്കാവുന്ന ഐസിസി കിരീടങ്ങള്‍ നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
ഏകദിനത്തില്‍ നായകനായി 11 ഇന്നിങ്‌സ് പൂര്‍ത്തിയാവുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയത് ആരാണ്. ഇതിഹാസ നായകന്മാര്‍ നിരവധി ഉണ്ടായിട്ടുള്ള അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ റെക്കോഡിലെ ടോപ് ഫൈവില്‍ ആരൊക്കെയാണ് ഉള്‍പ്പെടുന്നതെന്ന് പരിശോധിക്കാം.

ജോര്‍ജ് ബെയ്‌ലി
ഈ പട്ടികയില്‍ തലപ്പത്തുള്ളത് സര്‍പ്രൈസ് താരമാണ്. മറ്റാരുമല്ല ഓസ്‌ട്രേലിയന്‍ നായകനായിരുന്ന ജോര്‍ജ് ബെയ്‌ലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 720 റണ്‍സാണ് അദ്ദേഹം ബെയ്‌ലി നായകനായ ശേഷം ആദ്യ 11 ഏകദിന ഇന്നിങ്‌സില്‍ നിന്ന് നേടിയത്. വമ്പനടിക്കാരനെന്ന് വിളിക്കാനാവില്ലെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ ബെയ്‌ലിക്കായിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന താരം വളരെ വൈകിയാണ് ഓസ്‌ട്രേലിയന്‍ ടീമില്‍ സജീവമാകുന്നത്.
ഓസീസ് നായകനായി അപ്രതീക്ഷിതമായി എത്തുകയും വിസ്മയിപ്പിക്കുകയും ചെയ്‌തെങ്കിലും നായകനെന്ന നിലയില്‍ വലിയൊരു കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ ജോര്‍ജ് ബെയ്‌ലിക്കായിട്ടില്ല. 2012ലാണ് അദ്ദേഹം ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 90 ഏകദിനത്തില്‍ നിന്ന് 40.59 ശരാശരിയില്‍ 3044 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. മൂന്ന് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. മികച്ച ബാറ്റിങ് കണക്കുകളാണെങ്കിലും പല കാരണങ്ങളാല്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാനായില്ല.

കെയ്ന്‍ വില്യംസന്‍
ഈ റെക്കോഡ് പട്ടികയില്‍ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്‍ രണ്ടാം സ്ഥാനത്താണ്. അണ്ടര്‍ 19 ലോകകപ്പിലൂടെ പ്രതിഭകാട്ടി വളര്‍ന്നുവന്ന വില്യംസന്‍ നായകനായ ശേഷമുള്ള ആദ്യ 11 ഏകദിന ഇന്നിങ്‌സില്‍ നിന്ന് 678 റണ്‍സാണ് നേടിയത്. ശാന്തശീലനായ നായകനാണ് കെയ്ന്‍ വില്യംസന്‍. നിറഞ്ഞ പുഞ്ചിരിയോടെ ഏത് സാഹചര്യത്തെയും നേരിടുന്ന അദ്ദേഹം 2019ലെ ഏകദിന ലോകകപ്പിലും 2021ലെ ടി20 ലോകകപ്പിലും ന്യൂസീലന്‍ഡിനെ ഫൈനലിലെത്തിച്ചെങ്കിലും കിരീടത്തിലേക്കെത്തിക്കാനായില്ല.
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡിന് നേടിക്കൊടുക്കാന്‍ വില്യംസന് സാധിച്ചിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് വില്യംസന്‍. 151 ഏകദിനത്തില്‍ നിന്ന് 47.49 ശരാശരിയില്‍ 6174 റണ്‍സാണ് വില്യംസന്‍ നേടിയത്. ഇതില്‍ 13 സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നിലയുറപ്പിച്ച് കളിക്കാന്‍ വലിയ മിടുക്കുള്ള താരമാണ് അദ്ദേഹം.

അസര്‍ അലി
പാകിസ്താന്‍ നായകനായിരുന്ന അസര്‍ അലിയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. നായകനായ ശേഷമുള്ള ആദ്യ 11 ഏകദിന ഇന്നിങ്‌സില്‍ നിന്ന് 653 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ ഈ മികച്ച തുടക്കത്തെ വലിയ നേട്ടമാക്കി മാറ്റാന്‍ അദ്ദേഹത്തിനായില്ല. പാകിസ്താന്‍ നായകനെന്ന നിലയില്‍ തിളങ്ങാന്‍ സാധിക്കാത്ത താരത്തെ നിലവില്‍ ടെസ്റ്റ് ടീമിലേക്ക് മാത്രമാണ് പരിഗണിക്കുന്നത്. 2011ല്‍ ഏകദിന അരങ്ങേറ്റം കുറിച്ച താരം 2018വരെ ടീമിലേക്ക് പരിഗണിക്കപ്പെട്ടു. 53 ഇന്നിങ്‌സില്‍ നിന്ന് 36.9 ശരാശരിയില്‍ 1845 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. നായകനെന്ന നിലയില്‍ പേരെടുക്കാന്‍ അസറിനായില്ല.

രോഹിത് ശര്‍മ
നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഈ പട്ടികയിലെ നാലാമന്‍. 2021ന്റെ അവസാനത്തോടെയാണ് പൂര്‍ണ്ണമായും ഇന്ത്യയുടെ പരിമിത ഓവര്‍ നായകസ്ഥാനം രോഹിത്തിലേക്കെത്തുന്നത്. ഹിറ്റ്മാനെന്ന് ആരാധകര്‍ വിളിക്കുന്ന രോഹിത് സമ്മര്‍ദ്ദത്തിന് അടിമപ്പെടാത്ത നായകനാണ്. നായകനായ ശേഷമുള്ള ആദ്യ 11 ഏകദിന ഇന്നിങ്‌സില്‍ നിന്ന് 603 റണ്‍സാണ് അദ്ദേഹം നേടിയത്. നായകനല്ലാതിരുന്നപ്പോഴുള്ള ബാറ്റിങ് ശരാശരിയേക്കാളും ഉയര്‍ന്ന ശരാശരിയാണ് നായകനാക്കിയ ശേഷം രോഹിത്തിനുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറി നേടി കൈയടി നേടാനും രോഹിത്തിനായി. എന്നാല്‍ നായകസ്ഥാനം രോഹിത്തിന്റെ കൈയിലേക്കെത്താന്‍ വളരെ വൈകി. പ്രായം പരിഗണിക്കുമ്പോള്‍ 34കാരനായ രോഹിത്തിന് ഇനി എത്ര നാള്‍ കളിക്കാനാവുമെന്നത് കണ്ടറിയണം.

വിരാട് കോലി
ഇന്ത്യയുടെ വിരാട് കോലിയാണ് ഈ പട്ടികയിലെ അഞ്ചാമന്‍. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന കോലിക്ക് കൃത്യമായ സമയത്താണ് ഇന്ത്യയുടെ നായകസ്ഥാനം ലഭിച്ചത്. എംഎസ് ധോണിക്ക് പകരക്കാരനായെത്തിയ കോലിക്ക് ഐസിസി കിരീടം നേടിക്കൊടുക്കാനായില്ലെങ്കിലും നായകനെന്ന നിലയിലെ ബാറ്റിങ് പ്രകടനം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഏകദിന നായകനായ ശേഷമുള്ള ആദ്യ 11 ഇന്നിങ്‌സില്‍ നിന്ന് 592 റണ്‍സാണ് കോലിക്ക് നേടാനായത്. നായകനെന്ന നിലയില്‍ ഉയര്‍ന്ന വിജയ ശതമാനവും മറ്റാരേക്കാളും മികച്ച ബാറ്റിങ് റെക്കോഡും കോലിക്ക് അവകാശപ്പെടാനാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications