ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ പ്രതിഭകളുടെ കാര്യത്തില്‍ ഒട്ടും തന്നെ പഞ്ഞമില്ലെന്നു കാണം. ഐപിഎല്ലിന്റെ വരവോടെയാണ് ഈ തരത്തില്‍ കളിക്കാരുടെ വലിയ കുത്തൊഴുക്ക് തന്നെയുണ്ടായത്. ഒരേ സമയത്തു തന്നെ രണ്ടോ, മൂന്നോ മികച്ച ടീമുകളെ അണിനിരത്താനുള്ള ശേഷി ഇപ്പോള്‍ ഇന്ത്യക്കുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഈ തരത്തില്‍ രണ്ടു കിടിലന്‍ ടീമുകളെ തിരഞ്ഞെടുക്കുകയും ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്താല്‍ വിജയം ആര്‍ക്കൊപ്പമായിരിക്കും?
നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒരു ടീമിനെ നയിക്കുകയെങ്കില്‍ മറ്റൊരു ടീമിനെ നയിക്കുക മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമാണ്. നിലവില്‍ മല്‍സരരംഗത്തുള്ള പ്രധാന താരങ്ങളെല്ലാം തന്നെ രോഹിത്തിന്റെ ടീം എയിലും കോലിയുടെ ടീം ബിയിലുമുണ്ട്. ഏകദിനത്തില്‍ ഈ ടീമുകള്‍ തമ്മില്‍ മുഖാമുഖം വന്നാല്‍ പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല.

രോഹിത്തിന്റെ ടീം എയില്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി കളിക്കുക യുവതാരവും വെടിക്കെട്ട് ബാറ്ററുമായ യശസ്വി ജയ്‌സ്വാളായിരിക്കും. ഇന്ത്യക്കായി ഇതിനകം ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ കളിച്ചു കഴിഞ്ഞ അദ്ദേഹം രണ്ടിലും തകര്‍പ്പന്‍ പ്രകടനവും നടത്തിയിട്ടുണ്ട്. മൂന്നാം നമ്പറില്‍ കളിക്കുക ശ്രേയസ് അയ്യരായിരിക്കും. ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്.
നാലാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ്. പരിക്കില്‍ നിന്നും മോചിതനായി മടങ്ങിയെത്തിയ ശേഷം അത്ര മികച്ച ഫോമിലല്ലെങ്കിലും റിഷഭിന്റെ ഫേവറിറ്റ് ഫോര്‍മാറ്റുകളിലൊന്നാണ് ഏകദിനം. അഞ്ചാം നമ്പറില്‍ 360 ബാറ്ററും സൂപ്പര്‍ താരവുമായ സൂര്യകുമാര്‍ യാദവാണ്. ടി20യില്‍ ടീമിന്റെ അവിഭാജ്യ ഘടകമായ അദ്ദേഹം മറ്റു ഫോര്‍മാറ്റുകളിലും സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമാണ് ടീം എയിലെ ഓള്‍റൗണ്ടര്‍മാര്‍. നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരാണ് ഇരുവരും. ബാറ്റും ബോളും കൊണ്ട് കളി ജയിപ്പിക്കാനുള്ള മിടുക്ക് രണ്ടു പേര്‍ക്കുമുണ്ട്. ഇവരെക്കൂടാതെ സീം ബൗളിങ് ഓള്‍റൗണ്ടറായി ശര്‍ദ്ദുല്‍ ടാക്കൂറും ടീമിന്റെ ഭാഗമാണ്. സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക കുല്‍ദീപ് യാദവാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അര്‍ഷ്ദീപ് സിങും പേസ് നിരയിലുണ്ട്.
അതേസമയം, കോലിയുടെ ടീം ബിയിലേക്കു വന്നാല്‍ അവിടെ യുവ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലും റുതുരാജ് ഗെയ്ക്വാദുമാണ് ഓപ്പണര്‍മാര്‍. ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ കോലി തന്നെ കളിക്കും. നാലാം നമ്പര്‍ ലഭിക്കുക മലയാളി താരം സഞ്ജു സാംസണിനാണ്.

ഏകദിനത്തില്‍ മികച്ച റെക്കോര്‍ഡുണ്ടായിട്ടും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ അദ്ദേഹം തഴയപ്പെടുകയാണ്. 50ന് മുകളില്‍ ശരാശരി ഏകദിനത്തില്‍ സഞ്ജുവിനുണ്ട്. അദ്ദേഹത്തിനു ശേഷം അഞ്ചാം നമ്പറില്‍ കളിക്കുക കെഎല്‍ രാഹുലാണ്. ടീമിന്റെ വിക്കറ്റ് കാക്കുന്നതും അദ്ദേഹമായിരിക്കും.
തുടര്‍ന്നു ഓള്‍റൗണ്ടര്‍മാരുടെ ഊഴമായിരിക്കും. ആറാം നമ്പറില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് കളിക്കുക. അതിനു ശേഷം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇറങ്ങും. ടീമിലെ മറ്റൊരു ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറാണ്. സ്പിന്‍ ബൗളിങിനെ നയിക്കുക യുസ്വേന്ദ്ര ചഹലാണ്. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ പരിചയസമ്പന്നനായ മുഹമ്മദ് ഷമിയുണ്ട്. മുഹമ്മദ് സിറാജായിരിക്കും പേസ് ബൗളിങില്‍ അദ്ദേഹത്തിന്റെ പങ്കാളി.
ടീം എ
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.
ടീം ബി
ശുഭ്മന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.