ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ദുലീപ് ട്രോഫി ഇത്തവണ വമ്പന്‍ വിജയമായേക്കും. കാരണം ദേശീയ ടീമിലെ വമ്പന്‍ താരങ്ങളുള്‍പ്പെടെ ഭൂരിഭാഗം പേരും അടുത്തം മാസം നടക്കാനിരിക്കുന്ന റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുകയാണ്. പുറത്തുവരുന്ന സൂചനകള്‍ പോലെ കാര്യങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ഐപിഎല്‍ പോലെ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്ന ടൂര്‍ണമെന്റായി ദുലീപ് ട്രോഫി മാറുമെന്നുറപ്പാണ്.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവിലെ ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി എന്നിവരും ദുലീപ് ട്രോഫിയില്‍ ഒരുകൈ നോക്കിയേക്കും. ബംഗ്ലാദേശുമായി അടുത്ത മാസം പകുതിയോടെ ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുളള മികച്ച തയ്യാറെടുപ്പ് കൂടിയായാരിക്കും ദുലീപ് ട്രോഫി. സപ്തംബര്‍ അഞ്ചിനാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. ഇന്ത്യ എ, ബി, സി, ഡി എന്നിങ്ങനെ നാലു ടീമുകള്‍ ദുലീപ് ട്രോഫിയില്‍ മാറ്റുരയ്ക്കും.

ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള താരങ്ങള്‍ക്കൊന്നും ഇപ്പോള്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ ഇല്ലെന്നതിനാല്‍ എല്ലാവരോടും ദുലീപ് ട്രോഫിയില്‍ കളിക്കണമെന്നാണ് സെലക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. കോച്ച് ഗൗതം ഗംഭീറും ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന അഭിപ്രായക്കാരനുമാണ്. ഈ ടൂര്‍ണമെന്റിലെ പ്രകടനം കൂടി വിലയിരുത്തിയാവും ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ടീമിനെ തിരഞ്ഞെടുക്കുക. അതുകൊണ്ടു തന്നെ താരങ്ങളെ സംബന്ധിച്ച് സെലക്ഷന്‍ ട്രയലായി ദുലീപ് ട്രോഫി മാറിയിരിക്കുകയാണ്.
രോഹിത്, കോലി എന്നിവരെക്കൂടാതെ ശുഭ്മന്‍ ഗില്‍, കെഎല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, കുല്‍ദീപ് യാദവ് എന്നിവരെല്ലാം ദുലീപ് ട്രോഫിയില്‍ കളിക്കുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടൂര്‍ണമെന്റിന്റെ ഭാഗമാവില്ല. അദ്ദേഹത്തിനു വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇന്ത്യയുടെ സീനിയര്‍ കളിക്കാരില്‍ ബുംറയ്ക്കു മാത്രമേ ഈ തരത്തില്‍ ഇളവ് അനുവദിച്ചിട്ടുള്ളൂ.
അടുത്ത നാലു മാസത്തിനിടെ 10 ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷം ന്യൂസിലാന്‍ഡുമായി നാട്ടില്‍ മൂന്നു ടെസ്റ്റുകളിലും ഇന്ത്യ ഏറ്റുമുട്ടും. ഇതിനു ശേഷം ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു പറക്കും. അഞ്ചു ടെസ്റ്റുകളാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കു യോഗ്യത നേടണമെങ്കില്‍ ഈ മൂന്നു പരമ്പരയുടെയും ഫലം ഇന്ത്യക്കു നിര്‍ണായകമാണ്.

ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ സ്പിന്‍ പിച്ചുകളാണ് ഇന്ത്യയൊരുക്കുകയെന്നതിനാല്‍ ബുംറയ്ക്കു വിശ്രമം അനുവദിച്ചേക്കുമെന്നാണ് വിവരം. പരിക്കില്‍ നിന്നും മോചിതനായി പരിചയസമ്പന്നനായ മുഹമ്മദ് ഷമി തിരികെയെത്തുന്നത് ബുംറയുടെ അഭാവം നികത്താന്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ മാത്രമേ അദ്ദേഹം ടീമില്‍ തിരികെയത്താന്‍ സാധ്യതയുള്ളൂ.
അടുത്ത മാസം നടക്കാനിരിക്കുന്ന പ്രഥമ കേരളാ ക്രിക്കറ്റ് ലീഗ് വേണ്ടെന്നു വച്ചാണ് ദുലീപ് ട്രോഫിയില്‍ സഞ്ജു കളിക്കാനൊരുങ്ങുന്നത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യക്കായി കളിച്ചു കഴിഞ്ഞ അദ്ദേഹം ഇനി ടെസ്റ്റിലും ടീമില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ സഞ്ജു തീരുമാനിച്ചത്. മികച്ച പ്രകടനം നടത്തിയാല്‍ അതു ടെസ്റ്റ് ടീമിലേക്കു തനിക്കു അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
സപ്തംബര്‍ അഞ്ചു മുതല്‍ 24 വരെ നടക്കാനിരിക്കുന്ന ദുലീപ് ട്രോഫിയില്‍ ആറു മല്‍സരങ്ങളാണുള്ളത്. അഗാര്‍ക്കറിനു കീഴിലുള്ള ബിസിസിഐയുടെ മുഖ്യ സെലക്ഷന്‍ കമ്മിറ്റിയാണ് ടൂര്‍ണമെന്റിനുള്ള ടീമുകളെ തിരഞ്ഞെടുക്കുക. സപ്തംബര്‍ 19നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് പരമ്പര നടക്കാനിരിക്കുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്.