ടി20യിലെ എക്കാലത്തെയും മികച്ച പ്ലെയിങ് ഇലവനെ തിരഞ്ഞടുത്തിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. ഇന്ത്യന്‍ ആധിപത്യമാണ് ടീമില്‍ സാധിക്കുക. ഇലവനിലെ 11 പേരില്‍ അഞ്ചും ഇന്ത്യക്കാരാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാല്‍ മുന്‍ ടി20 ലോകകപ്പ് ചാംപ്യന്‍മാരായ പാകിസ്താന്‍ ടീമില്‍ നിന്നും ഒരാള്‍ക്കു പോലും ഇലവനില്‍ സ്ഥാനം പിടിക്കാനായില്ലെന്നതും കൗതുകമാണ്.
ഇന്ത്യ കഴിഞ്ഞാല്‍ ഇലവനില്‍ കൂടുതല്‍ കളിക്കാരുള്ളത് വെസ്റ്റ് ഇന്‍ഡീസില്‍ നിന്നാണ്. അവരുടെ മൂന്നു പേര്‍ക്കു ഇലവനില്‍ സ്ഥാനം ലഭിച്ചിട്ടുണ്ട്. സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരുടെ ഓരോ കളിക്കാര്‍ വീതവും ഇലവന്റെ ഭാഗമായിരിക്കുകയാണ്. ഈ സ്വപ്‌ന ഇലവന്റെ നായകനായി മോറിസ് തിരഞ്ഞെടുത്തിരിക്കുന്നത് ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെയാണ്.

രോഹിത്- ഗെയ്ല്‍ ഓപ്പണിങ്
ടി20 ഫോര്‍മാറ്റില്‍ ഏതൊരു ടീമും കൊതിക്കുന്ന കിടിലന്‍ ഓപ്പണിങ് ജോടിയെയാണ് ക്രിസ് മോറിസ് തിരഞ്ഞെടുത്തത്. യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലും ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററും മുന്‍ ടി20 ക്യാപ്റ്റനുമായ രോഹിത് ശര്‍മയും ചേര്‍ന്നാണ് ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക.
ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരുടെ നിരയിലുള്ള ഗെയ്ല്‍ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ അവകാശി കൂടിയാണ്. രോഹിത്താവട്ടെ ടി20 കരിയറില്‍ 11,000ത്തിനു റണ്‍സ് വാരികൂട്ടിയ ശേഷമാണ് ഈ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ശക്തമായ മധ്യനിര
അതിശക്തമായ മധ്യനിരയെയാണ് ഓള്‍ടൈം ഇലവനിലേക്കു ക്രിസ് മോറിസ് തിരഞ്ഞെടുത്തിരിക്കുന്നത്. ലോക ക്രിക്കറ്റിലെ 360 ബാറ്ററെന്ന വിശേഷിപ്പിക്കപ്പെടുന്ന നാട്ടുകാരന്‍ കൂടിയായ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനെയാണ് മൂന്നാം നമ്പറിലേക്കു അദ്ദേഹം ഉള്‍പ്പെടുത്തിയത്.
തന്റെ ടീമിലെ ഏറ്റവും മികച്ച താരം എബിഡിയാണെന്നും അതിനാല്‍ കൂടുതല്‍ ബോളുകള്‍ നേരിടേണ്ടതും ആവശ്യമാണെന്നും ഈ കാരണത്താലാണ് മൂന്നാം നമ്പര്‍ നല്‍കിയതെന്നും മോറിസ് വ്യക്തമാക്കി. നാലാം നമ്പറില്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം വിരാട് കോലിയാണുള്ളത്. മൂന്നാം നമ്പറാണ് അദ്ദേഹത്തിന്റെ ഫേവറിറ്റ് ബാറ്റിങ് പൊസിഷനെങ്കിലും നാലാം നമ്പറാണ് മോറിസ് നല്‍കിയിട്ടുള്ളത്.
കോലിക്കു ശേഷം അഞ്ചാം നമ്പറിലുള്ളത് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡാണ്. ഈ ഫോര്‍മാറ്റിലെ മാച്ച് വിന്നര്‍മാരിലൊരാളായ അദ്ദേഹത്തിനു ബാറ്റിങിനൊപ്പം ബൗളിങിലും വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കും.
ആറാം നമ്പറിലാണ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുള്ളത്. പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം. കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സിനേടൊപ്പം അഞ്ചു ഐപിഎല്‍ ട്രോഫികളും ധോണിയുടെ പേരില്‍ കുറിക്കപ്പെട്ടിട്ടുണ്ട്.

ധോണി കഴിഞ്ഞാല്‍ രണ്ടു ഓള്‍റൗണ്ടര്‍മാരാണ് മോറിസിന്റെ ഇലവനിലുള്ളത്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നുമാണിത്. ടീമിലെ ഏക സ്പിന്നറും അദ്ദേഹം തന്നെയാണ്. മൂന്നു ഫാസ്റ്റ് ബൗളര്‍മാര്‍ ഇലവനിലുണ്ട്. ശ്രീലങ്കയുടെയും ഓസ്‌ട്രേലിയയുടെയും മുന്‍ ഇതിഹാസങ്ങളായ ലസിത് മലിങ്ക, ബ്രെറ്റ് ലീ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ കുന്തമുനയായ ജസ്പ്രീത് ബുംറയും കളിക്കും.
മോറിസിന്റെ ഓള്‍ടൈം ടി20 11
രോഹിത് ശര്‍മ, ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, വിരാട് കോലി, കരെണ്‍ പൊള്ളാര്‍ഡ്, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സുനില്‍ നരെയ്ന്‍, ജസ്പ്രീത് ബുംറ, ലസിത് മലിങ്ക, ബ്രെറ്റ് ലീ.