ടി20 ലോക സീരീസ്: സച്ചിനും പടയും വീണ്ടുമിറങ്ങുന്നു... എതിരാളി ദില്‍ഷന്റെ ലങ്ക, കളിയെക്കുറിച്ച് അറിയാം
മുംബൈ: റോഡ് സുരക്ഷാ ലോക സീരീസില്‍ ഇന്ത്യ ലെജന്റ്‌സ് ഇന്നു രണ്ടാമങ്കത്തിന് ഇറങ്ങുന്നു. ഇതിഹാസ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യന്‍ ലെജന്റ്‌സ് തിലകരത്‌നെ ദില്‍ഷന്റെ ശ്രീലങ്ക ലെജന്റ്‌സുമായി ഏറ്റുമുട്ടും. രാത്രി ഏഴു മണിക്കു മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് മല്‍സരം. കളേഴ്‌സ് സിനിപ്ലക്‌സ്, കളേഴ്‌സ് കന്നഡ ചാനലുകളില്‍ മല്‍സരം തല്‍സമയം കാണാം. കൂടാതെ ജിയോ, വൂട്ട് മൊബൈല്‍ ആപ്പുകളിലൂടെയും കളിയാസ്വദിക്കാം.
ആദ്യ മല്‍സരത്തില്‍ മിന്നുന്ന ജയം കൊയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയും ലങ്കയും രണ്ടാമങ്കത്തിന് ഇറങ്ങുന്നത്. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനെയും ലങ്ക ഓസ്‌ട്രേലിയ ലെജന്റ്‌സിനെയു പരാജയപ്പെടുത്തുകയായിരുന്നു.

മിന്നുന്ന പ്രകടനം
ഉദ്ഘാടന മല്‍സരത്തില്‍ ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ വിന്‍ഡീസ് ലെജന്റ്‌സിനെതിരേ മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവച്ചത്. ഏഴു വിക്കറ്റിന്റെ ഗംഭീര വിജയമായിരുന്നു ഇന്ത്യ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ (61) മികവില്‍ എട്ടു വിക്കറ്റിന് 150 റണ്‍സായിരുന്നു നേടിയത്.
മറുപടിയില്‍ വീരേന്ദര്‍ സെവാഗ് (74*) കത്തിക്കയറിയപ്പോള്‍ 18.2 ഓവറില്‍ മൂന്നു വിക്കറ്റിനു ഇന്ത്യ ലക്ഷ്യത്തിലെത്തി. സെവാഗിനെക്കൂടാതെ നായകന്‍ സച്ചിനും (36) ഇന്ത്യക്കായി തിളങ്ങി.

സെവാഗിന്റെ ഫോം
തന്റെ സുവര്‍ണകാലത്തെ അനുമസ്മരിപ്പിക്കും വിധമായിരുന്നു സെവാഗ് വിന്‍ഡീസിനെതിരേ നിറഞ്ഞാടിയത്. ക്ലാസിക്ക് ബാറ്റിങ് പ്രകടനത്തിലൂടെ വിന്‍ഡീസ് ബൗളര്‍മാരെ വീരു തല്ലിച്ചതച്ചു. അന്ന് 57 പന്തില്‍ 11 ബൗണ്ടറികളുള്‍പ്പെടെയാണ് അദ്ദേഹം 74 റണ്‍സ് നേടിയത്.
സച്ചിന്‍- സെവാഗ് ജോടി ആദ്യ വിക്കറ്റില്‍ 83 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ഇതാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്.

ലങ്ക കഷ്ടിച്ചു ജയിച്ചു
ഇന്ത്യയുടെ വിജയം ആധികാരികമായിരുന്നെങ്കില്‍ ലങ്ക കഷ്ടിച്ചാണ് ഓസ്‌ട്രേലിയ ലെജന്റ്‌സിനെതിരേ ജയിച്ചുകയറിയത്. ഏഴു റണ്‍സിനായിരുന്നു ലങ്കയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലങ്ക എട്ടു വിക്കറ്റിന് 161 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയയുടെ മറുപടി 154 റണ്‍സില്‍ അവസാനിച്ചു.
മധ്യനിരയില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ച നതാന്‍ റെയര്‍ഡോണാണ് (96) ഓസീസിനെ ജയത്തിന് തൊട്ടരികിലെത്തിച്ചത്. എട്ടിന് 97 റണ്‍സെന്ന നിലയിലേക്കു വീണ ശേഷമായിരുന്നു ഓസീസ് 154 റണ്‍സിലെത്തിയത്. വെറും 53 പന്തില്‍ ഒമ്പത് ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കാണ് അന്ന് റെയര്‍ഡോണ്‍ 96 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായത്.

ഇന്ത്യ ലെജന്റ്‌സ് പ്ലെയിങ് ഇലവന്‍
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പഠാന്‍, അജിത് അഗാര്‍ക്കര്‍, മുനാഫ് പട്ടേല്‍, മുഹമ്മദ് കൈഫ്, പ്രഗ്യാന്‍ ഓജ, സായിരാജ് ബഹുതുലെ, സമീര്‍ ദിഗെ (വിക്കറ്റ് കീപ്പര്‍).

ശ്രീലങ്ക ലെജന്റ്‌സ് പ്ലെയിങ് ഇലവന്‍
തിലകരത്‌നെ ദില്‍ഷന്‍ (ക്യാപ്റ്റന്‍), ചമര കപുഗേതര, ചാമിന്ദ വാസ്, ഫര്‍വീസ് മഹറൂഫ്, മര്‍വന്‍ അട്ടപ്പട്ടു, മുത്തയ്യ മുരളീധരന്‍, രംഗന ഹെരാത്ത്, റൊമേഷ് കലുവിതരണ, സചിത്ര സേനനായകെ, ഉപുല്‍ ചന്ദന, അജന്ത മെന്‍ഡിസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications