അന്നു സച്ചിനും സെവാഗും ഇഞ്ചോടിഞ്ച്! പിന്നാലെ യുവി- വീണ്ടും വരുന്നു ഇതിഹാസങ്ങളുടെ ലീഗ്
റോഡ് സുരക്ഷയെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ തുടക്കമിട്ട റോഡ് സേഫ്റ്റി ലോക സീരിസ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ പ്രഥമ സീസണ്‍ വന്‍ വിജയമായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷവവം ഈ വര്‍ഷവുമായിട്ടായിരുന്നു ടൂര്‍ണമെന്റ് നടന്നത്. വിരമിച്ച മുന്‍ ഇതിഹാസ താരങ്ങളുടെ പ്രകടനം ഒരിക്കല്‍ക്കൂടി ആസ്വദിക്കാനുള്ള അവസരമായിരുന്നു ഈ ടൂര്‍ണമെന്റിലൂടെ ക്രിക്കറ്റ് പ്രേമികള്‍ക്കു ലഭിച്ചത്. അതുകൊണ്ടു തന്നെ സ്റ്റേഡിയത്തിലേക്കു കാണികള്‍ ഒഴുകിയെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ടൂര്‍ണമെന്റ് ആരംഭിച്ചതെങ്കിലും കൊവിഡ് മഹാമാരിയും തുടര്‍ന്നു ലോക്ക്ഡൗണുമുള്‍പ്പെടെയുള്ള നിയന്ത്രമങ്ങളും വന്നതോടെ പകുതിയില്‍ വച്ച് നിര്‍ത്തിവയ്ക്കുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ശേഷിച്ച മല്‍സരങ്ങള്‍ നടത്തുകയായിരുന്നു.
ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യ ലെജന്റ്‌സായിരുന്നു പ്രഥമ സീസണില്‍ ജേതാക്കളായത്. ആവേശകരമായ ഫൈനലില്‍ തിലകരത്‌നെ ദില്‍ഷന്‍ നയിച്ച ശ്രീലങ്ക ലെജന്റ്‌സിനെ തോല്‍പ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഇന്ത്യ ലെജന്റ്‌സ്, ശ്രീലങ്ക ലെജന്റ്‌സ്, സൗത്താഫ്രിക്ക ലെജന്റ്‌സ്, വെസ്റ്റ് ഇന്‍ഡീസ ലെജന്റ്‌സ്, ഇംഗ്ലണ്ട് ലെജന്റ്‌സ്, ബംഗ്ലാദേശ് ലെജന്റ്‌സ്, ഓസ്ട്രേലിയ ലെജന്റ്‌സ് എന്നിവയായിരുന്നു ടൂര്‍ണമെന്റില്‍ പങ്കെടുത്ത ടീമുകള്‍. ഓസീസ് ടീം ഒരു മല്‍സരത്തിനു ശേഷം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുകയായിരുന്നു.
റോഡ് സേഫ്റ്റി സീരീസിന്റെ രണ്ടാമത്തെ എഡിഷന്‍ നടക്കാന്‍ പോവുകയാണ്. അടുത്ത വര്‍ഷം ജനുവരിയിലാവും ടൂര്‍ണമെന്റ് നടക്കുകയെന്നാണ് വിവരം. തിയ്യതിയോ, വേദിയോ ഒന്നും ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.2022 ജനുവരി ഒമ്പത് മുതല്‍ ഫെബ്രുവരി 16 വരെ യുഎഇയിലോ സൗത്താഫ്രിക്കയിലോ ആയിരിക്കും ടൂര്‍ണമെന്റ് നടന്നേക്കുക. പ്രഥമ സീസണിലെ റണ്‍വേട്ടക്കാരും വിക്കറ്റ് വേട്ടക്കാരുമെല്ലാം ആരൊക്കെയായിരുന്നുവെന്നു നോക്കാം.

റണ്‍വേട്ടയില്‍ ലങ്കന്‍ ആധിപത്യം
പ്രഥമ സീസണിലെ റോഡ് സേഫ്റ്റി സീരീസിലെ റണ്‍വേട്ടക്കാരെയെടുത്താല്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലും ശ്രീലങ്കന്‍ താരങ്ങളായിരുന്നു. ശ്രീലങ്ക ലെജന്റ്‌സിന്റെ നായകന്‍ കൂടിയായ മുന്‍ വെടിക്കെട്ട് താരം തിലകരത്‌നെ ദില്‍ഷനായിരുന്നു ഏറ്റവുമധികം റണ്‍സെടുത്തത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 45.16 ശരാശരിയില്‍ അദ്ദേഹം 271 റണ്‍സ് നേടിയിരുന്നു. രണ്ടു ഫിഫ്റ്റികളടക്കമായിരുന്നു ഇത്. പുറത്താവാതെ നേടിയ 61 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. തൊട്ടു പിന്നിലെത്തിയത് ലങ്കയുടെ മുന്‍ ഓപ്പണര്‍ ഉപുല്‍ തരംഗയായിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 118.50 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ അദ്ദേഹം 237 റണ്‍സ് സ്‌കോര്‍ ചെയ്തു. രണ്ടു ഫിഫ്റ്റികളായിരുന്നു തരംഗ നേടിയത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 99 റണ്‍സായിരുന്നു.
റണ്‍വേട്ടയില്‍ മൂന്നാംസ്ഥാനത്ത് ഇന്ത്യ ലെജന്റ്‌സിന്റെ ക്യാപ്റ്റനും ഓപ്പണറുമായ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം 38.83 ശരാശരിയില്‍ 223 റണ്‍സെടുത്തു.

ബൗളിങിലും ദില്‍ഷന്‍
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും പ്രഥമ സീസണിലെ ഹീറോ ശ്രീലങ്ക ലെജന്റ്‌സ് ക്യാപ്റ്റന്‍ തിലരത്‌നെ ദില്‍ഷനായിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളുമായാണ് അദ്ദേഹം വിക്കറ്റ് വേട്ടയില്‍ ഒന്നാമനായത്. 6.39 ഇക്കോണമി റേറ്റിലായിരുന്നു ദില്‍ഷന്‍ 12 പേരെ പുറത്താക്കിയത്. വിക്കറ്റ് കൊയ്ത്തില്‍ രണ്ടക്കം കടന്ന ഏക താരവും അദ്ദേഹമായിരുന്നു. ആറു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു പേരെ പുറത്താക്കിയതായിരുന്നു ദില്‍ഷന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം.
വിക്കറ്റ് വേട്ടയില്‍ രണ്ടാംസ്ഥാനത്ത് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിനു ഒമ്പത് വിക്കറ്റുകള്‍ ലഭിച്ചു. 7.92 ആയിരുന്നു യൂസുഫിന്റെ ഇക്കോണമി റേറ്റ്. 28 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തതായിരുന്നു മികച്ച പ്രകടനം. ഇന്ത്യ ലെജന്റ്‌സിന്റെ തന്നെ പേസര്‍ മുനാഫ് പട്ടേല്‍ ഒമ്പത് വിക്കറ്റുകള്‍ തന്നെ വീഴ്ത്തി മൂന്നാമെത്തി. അദ്ദേഹത്തിനു പക്ഷെ ഏഴു മല്‍സരങ്ങള്‍ വേണ്ടി വന്നു. ഇംഗ്ലണ്ടിന്റെ മോണ്ടി പനേസര്‍, ശ്രീലങ്കയുടെ രംഗന ഹെരാത്ത് എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ഇരുവരും എട്ടു വിക്കറ്റുകളാണ് വീഴ്ത്തിയത്.

സിക്‌സര്‍ വീരനായി യുവരാജ്
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് ടൂര്‍ണമെന്റിലെ സിക്‌സര്‍ വീരനായത്. ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞിട്ടും ബാറ്റിങില്‍ തന്റെ പ്രഹരശേഷിക്കു ഒരു കുറവും സംഭവിച്ചിട്ടില്ലെന്നു ടൂര്‍ണമെന്റില്‍ യുവി കാണിച്ചു തന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പറത്തിയത് 17 സിക്‌സറുകളായിരുന്നു. സിക്‌സറുകളുടെ എണ്ണത്തില്‍ മറ്റാരും യുവിയുടെ ഏഴയലത്തു പോലുമെത്തിയില്ലെന്നതാണ് ശ്രദ്ധേയം.
10 സിക്‌സറുകളുമായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയാണ് യുവിക്കു പിന്നില്‍ സിക്‌സര്‍ നേട്ടത്തില്‍ രണ്ടാംസ്ഥാനത്തെത്തിയത്. ഇന്ത്യയുടെ യൂസുഫ് പഠാനും വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വയ്ന്‍ സ്മിത്തും ഒമ്പത് സിക്‌സറുകള്‍ വീതമടിച്ചു. ഇന്ത്യയുടെ വീരേന്ദര്‍ സെവാഗും ബംഗ്ലാദേശിന്റെ നസിമുദ്ദീനും ഏഴു സിക്‌സറുകള്‍ വീചം നേടിയിരുന്നു.

സച്ചിന്‍, സെവാഗ്, യുവി
ഇന്ത്യ ലെജന്റ്‌സിന്റെ റണ്‍വേട്ടയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു അമരത്ത്. നായകന്റെ പ്രകടനവുമായി അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിച്ചു. ഏഴു മല്‍സരങ്ങളില്‍ നിന്നും 233 റണ്‍സുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഇന്ത്യയുടെ ബാറ്റിങ് ഹീറോയായി മാറി. ഇത്രയും കളികളില്‍ നിന്നും 214 റണ്‍സുമായി വീരേന്ദര്‍ സെവാഗ് രണ്ടാമെത്തി. 42.80 ശരാശരിയില്‍ 153.95 സ്‌ട്രൈക്ക് റേറ്റിലാണ് വീരു ഇത്രയും റണ്ണെടുത്തത്. രണ്ടു ഫിഫ്റ്റികള്‍ അദ്ദേഹം നേടി. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 80 റണ്‍സായിരുന്നു.
യുവരാജ് സിങാണ് റണ്‍വേട്ടയിലെ മൂന്നാമന്‍. ഏഴു മല്‍സരങ്ങളില്‍ നിന്നും 194 റണ്‍സായിരുന്നു യുവിയുടെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 60 റണ്‍സായിരുന്നു. യൂസുഫ് പഠാന്‍ (138), സഹോദരന്‍ ഇര്‍ഫാന്‍ പഠാന്‍ (126) എന്നിവരാണ് 100ന് മുകളില്‍ നേടിയ മറ്റു താരങ്ങള്‍
ബൗളിങില്‍ ഒമ്പത് വിക്കറ്റുകള്‍ വീതമെടുത്ത് യൂസുഫ് പഠാനും മുനാഫ് പട്ടേലും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തി. ഇര്‍ഫാന്‍ പഠാന് ഏഴു വിക്കറ്റ് ലഭിച്ചു. പ്രഗ്യാന്‍ ഓജ (ആറു വിക്കറ്റ്), ആര്‍ വിനയ് കുമാര്‍ (അഞ്ച്) എന്നിവരും ബൗളിങില്‍ തിളങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications