രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിലേക്ക് രഹാനെയും, പൃഥ്വി ഷാക്ക് കീഴില്‍ കളിക്കും, റിപ്പോര്‍ട്ട്

മുംബൈ: സൗരവ് ഗാംഗുലിയുടെ നിര്‍ദേശം പാലിച്ച് രഞ്ജി ട്രോഫി കളിക്കാന്‍ അജിന്‍ക്യ രഹാനെ. വരാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിനൊപ്പം രഹാനെയും കളിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പൃഥ്വി ഷായുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും രഹാനെക്ക് കളിക്കേണ്ടി വരിക. ഇന്ത്യയുടെ മുന്‍ വൈസ് ക്യാപ്റ്റനായ രഹാനെ വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലേക്കെത്തിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി രഹാനെയുടെ ബാറ്റിങ് പ്രകടനം വളരെ മോശമാണ്. അതുകൊണ്ട് തന്നെ ടെസ്റ്റ് ടീമിലെ സ്ഥാനം നഷ്ടമാകുമെനന്ന അവസ്ഥയിലാണ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രം പരിഗണിക്കപ്പെടുന്ന രഹാനെയുടെ ആ സ്ഥാനം കൂടി പോകുമെന്ന അവസ്ഥയാണുള്ളത്. എ ഗ്രേഡ് കരാറില്‍ നിന്നും താഴോട്ട് പോകാനും സാധ്യതയുണ്ട്. നിലവില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ട രഹാനെക്ക് പൂര്‍ണ്ണമായും തഴയപ്പെടാതിരിക്കാന്‍ ബാറ്റിങ് മികവ് കാട്ടേണ്ടതായുണ്ട്.

കഴിഞ്ഞ ദിവസം ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. മധ്യനിരയില്‍ പ്രയാസപ്പെടുന്ന താരങ്ങള്‍ രഞ്ജി ട്രോഫി കളിക്കണമെന്ന നിര്‍ദേശമാണ് ഗാംഗുലി മുന്നോട്ട് വെച്ചത്. ഇതനുസരിച്ചാണ് രഹാനെ രഞ്ജി കളിക്കാനൊരുങ്ങുന്നതെന്ന് വ്യക്തം. രഞ്ജി ട്രോഫിയില്‍ കളിച്ച് മികവ് കാട്ടാനായാല്‍ അല്‍പ്പനാള്‍ക്കൂടി അന്താരാഷ്ട്ര കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ രഹാനെക്ക് സാധിക്കും. രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തിയാല്‍ പിന്നീടൊരു തിരിച്ചുവരവ് പ്രയാസമാവും.
അതേ സമയം ചേതേശ്വര്‍ പുജാരയുടെ കാര്യം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏറെ നാളുകളായി മോശം ഫോമിലുള്ള പുജാരക്ക് പകരക്കാരനെന്നത് ഏറെ നാളുകളായി വലിയ ചര്‍ച്ചയായിരിക്കുന്ന കാര്യമാണ്. മോശം ഫോമിലുള്ള പുജാരയുടെ ടീമിലെ സ്ഥാനവും കൈയാലപ്പുറത്തെ തേങ്ങ പോലെയാണ്. ഈ അവസരത്തില്‍ രഞ്ജിയില്‍ കളിച്ച് ഫോം കണ്ടെത്തി പുജാരക്കും തിരിച്ചുവരേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ പുജാരയും രഞ്ജി കളിക്കുമെന്ന് പ്രതീക്ഷിക്കാം.

അതേ സമയം പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ രഞ്ജി ട്രോഫിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായാണ് അദ്ദേഹം രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ അഹമ്മദാബാദ് ടൈറ്റാന്‍സിന്റെ നായകനാണ് ഹര്‍ദിക്. ഐപിഎല്ലില്‍ തിളങ്ങി ദേശീയ ടീമിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം.
രഞ്ജി ട്രോഫി കളിക്കാന്‍ സീനിയര്‍ താരങ്ങള്‍ മടി കാട്ടേണ്ടതില്ലെന്ന് ഗാംഗുലി പറഞ്ഞിരുന്നു. നമ്മളെല്ലാവരും രഞ്ജി ട്രോഫി കളിച്ച് മികവ് കാട്ടി ഉയര്‍ന്നുവന്നവരാണെന്നും ഇന്ത്യയിലെ പ്രധാന ടൂര്‍ണമെന്റുകളിലൊന്നാണ് രഞ്ജി ട്രോഫിയെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ യുവ നായകന്മാര്‍ക്ക് കീഴിലാവും രഞ്ജി ട്രോഫിയില്‍ കളിക്കേണ്ടി വരിക. അപ്പോള്‍ ഉണ്ടായേക്കാവുന്ന മാനസിക പ്രശ്‌നങ്ങള്‍ വേണ്ടെന്നാണ് മുന്‍കൂട്ടി ഗാംഗുലി വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡിന്റെ സാഹചര്യത്തില്‍ രണ്ട് ഘട്ടങ്ങളിലായാവും രഞ്ജി ട്രോഫി നടത്തുക. കഴിഞ്ഞ രണ്ട് സീസണുകളിലും കോവിഡിനെത്തുടര്‍ന്ന് രഞ്ജി ട്രോഫി മുടങ്ങിയിരുന്നു. ഇത്തവണ കര്‍ശന സുരക്ഷയൊരുക്കി രണ്ട് ഘട്ടങ്ങളിലായി ടൂര്‍മെന്റ് നടത്താമെന്ന കണക്കുകൂട്ടലിലാണ് ബിസിസി ഐ. എന്തായാലും രഞ്ജി ട്രോഫിയില്‍ ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും ഉണ്ടാവുമെന്ന കാര്യം ഇപ്പോള്‍ ഉറപ്പായിരിക്കുകയാണ്.
ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാറ്റത്തിനായുള്ള മുറവിളി ശക്തമായിരിക്കവെ സ്ഥാനം നിലനിര്‍ത്താന്‍ ഫോം തെളിയിക്കേണ്ടത് സീനിയര്‍ താരങ്ങളുടെ ആവിശ്യമാണ്. അതുകൊണ്ട് തന്നെ ഈ പരീക്ഷണം അതിജീവിച്ച് ആരൊക്കെ ശക്തമായി തിരിച്ചെത്തുമെന്ന് കാത്തിരുന്ന് തന്നെ കാണാം. വരും ദിവസങ്ങളില്‍തന്നെ രഞ്ജി ട്രോഫി ടീമുകളെ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications