ഈ മാസം യുഎഇയില്‍ നടക്കാനിരിക്കുന്ന റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററു ഫിനിഷറുമായ ജിതേഷ് ശര്‍മയ്ക്കു കീഴിലാണ് ടി20 ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യ അണിനിരക്കുക. മികച്ച ഒരുപിടി യുവതാരങ്ങളെ ഇന്ത്യന്‍ കുപ്പായത്തില്‍ നമുക്കു കാണാം.
വൈഭവ് സൂര്യവംശി, പ്രിയാന്‍ഷ് ആര്യ, നെഹാല്‍ വദേര, നമാന്‍ ധിര്‍, അഭിഷേക് പൊറേല്‍, സുയാഷ് ശര്‍മ തുടങ്ങി ഐപിഎല്ലിലൂടെ താരപദവിയിലേക്കുയര്‍ന്ന പലരും സ,ംഘത്തിലുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ കസറിയ, ഭാവി സൂപ്പര്‍ താരമായേക്കാവുന്ന ചിലര്‍ അവഗണിക്കപ്പെടുകയും ചെയ്തു. അവര്‍ ആരൊക്കെയാണെന്നു നോക്കാം.

ആയുഷ് മാത്രെ
ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഭാവി ക്യാപ്റ്റനായി വന്നേക്കാവുന്ന കൗമാര താരവും ഓപ്പണറുമായ ആയുഷ് മാത്രെയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നിലവില്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമുകളെ വിവിധ ഫോര്‍മാറ്റുകളില്‍ നയിച്ചുകൊണ്ടിരിക്കുന്നത് മാത്രെയാണ്. അടുത്തിടൈ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യടനങ്ങളിലെല്ലാം വലംകൈന്‍ ബാറ്റര്‍ക്കു കീഴിലാണ് ടീം ഇറങ്ങിയത്.
റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ എ ടീമിനെ പോലും നയിക്കാന്‍ സാധിക്കുമായിരുന്നയാളാണ് മാത്രെ. പക്ഷെ ക്യാപ്റ്റന്‍സി ലഭിച്ചില്ലെന്നു മാത്രമല്ല, ടീമില്‍ നിന്നു പോലും താരം തഴയപ്പെടുകയായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ഇഞ്ചുറി റീപ്ലേസ്‌മെന്റായി ചേര്‍ന്ന മാത്രെ പിന്നീട് അരങ്ങേറാന്‍ അവസരം ലഭിച്ചപ്പോള്‍ മിന്നിക്കുകയും ചെയ്തു.
ഏഴു മല്‍സരങ്ങളിലാണ് ചെന്നൈക്കു വേണ്ടി താരം ഓപ്പണിങില്‍ ഇറങ്ങിയത്. 188.98 സ്‌ട്രൈക്ക്‌റേറ്റില്‍ 240 റണ്‍സും സ്‌കോര്‍ ചെയ്തു. ഈ പ്രകടനം കണ്ടതോടെ മാത്രെയുമായി സ്ഥിരം കരാര്‍ പ്പുവയ്ക്കാനുള്ള ശ്രമവും ചെന്നൈ തുടങ്ങിക്കഴിഞ്ഞു. വൈഭവ് സൂര്യവംശിക്കൊപ്പം ഇന്ത്യന്‍ എ ടീമില്‍ ഉറപ്പായും വേണ്ടിയിരുന്നയാളാണ് മാത്രെ.
ആയുഷ് ബദോനി
യുവ ഓള്‍റൗണ്ടര്‍ ആയുഷ് ബദോനിയാണ് റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ എ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ മറ്റൊരു നിര്‍ഭാഗ്യവാനായ താരം. നേരത്തേ ഇന്ത്യന്‍ ജൂനിയര്‍ ടീമുകള്‍ക്കായി കളിച്ചിട്ടുള്ള അദ്ദേഹം ബാറ്റിങിലും ബൗളിങിലും ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന താരമാണ്.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ബദോനിയുടെ പല മാച്ച് വിന്നിങ് പ്രകടനങ്ങളും നേരത്തേ കണ്ടിട്ടുള്ളതുമാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. 11 മല്‍സരങ്ങളില്‍ നിന്നും 148.20 ശരാശരിയില്‍ 329 റണ്‍സ് ബദോനി സ്‌കോര്‍ ചെയ്തിരുന്നു.
ടീമിനു ബാറ്റിങ് തകര്‍ച്ചകള്‍ നേരിടുമ്പോള്‍ മികച്ച ഇന്നിങ്‌സുകളുമായി രക്ഷകനായി മാറാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് എടുത്തു പറയേണ്ടതാണ്. ഐപിഎല്ലില്‍ ഫ്‌ളോപ്പായ രമണ്‍ദീപ് സിങ്, സൂര്യാന്‍ഷ് ഷെഡ്‌ഗെ, ഗുര്‍ജന്‍പ്രീത് എന്നിവര്‍ക്കെല്ലാം ഏഷ്യാ കപ്പില്‍ സ്ഥാനം ലഭിച്ചപ്പോല്‍ അവരേക്കാള്‍ മിടുക്കനായ ബദോനിയെ പരിഗണിച്ചതുമില്ല.

റിയാന്‍ പരാഗ്
രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത ക്യാപ്റ്റനും യുവ ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗും ഇന്ത്യന്‍ എ ടീനില്‍ നിന്നും അവഗിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. മികച്ച മാച്ച് വിന്നിങ് ഓള്‍റൗണ്ടറായ അദ്ദേഹം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞതാണ്.
കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍സിനായി 14 മല്‍സരങ്ങളില്‍ പരാഗ് കളിച്ചിരുന്നു. സ്ഥിരം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പരിക്കേറ്റ് പുറത്തയപ്പോള്‍ ചില മല്‍സങ്ങളില്‍ ടീമിനെ നയിക്കുകയും ചെയ്തു. 166.53 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 393 റണ്‍സ് സ്‌കോര്‍ ചെയ്യാനും പരാഗിനായിരുന്നു.