മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ നിയമിതനായിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയതോടെയാണ് തല്‍സ്ഥാനത്തേക്ക് ഗംഭീറിന്റെ വരവ്. ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം വരുത്താന്‍ ഗംഭീര്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം. ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലടക്കം പൊളിച്ചെഴുത്ത് കൊണ്ടുവരാനാണ് അദ്ദേഹം ആഗ്രഹിക്കിക്കുന്നത്. ഇതിന്റെ ഭാഗമായി ബൗളിങ് പരിശീലകനായി സഹീര്‍ ഖാനെയടക്കം കൊണ്ടുവരാന്‍ നീക്കം നടത്തുന്നത്.
സഹ പരിശീലകനായി അഭിഷേക് നായരെ കൊണ്ടുവരാനുള്ള നീക്കവും ഗംഭീര്‍ നടത്തുന്നു. ഇന്ത്യന്‍ ടീമില്‍ ചില നിര്‍ണ്ണായക മാറ്റങ്ങളും നടത്താന്‍ ഗംഭീര്‍ ആഗ്രഹിക്കുന്നു. അദ്ദേഹം നടപ്പിലാക്കാന്‍ സാധ്യതയുള്ള പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ജസ്പ്രീത് ബുംറയുടെ ജോലി ഭാരം നിയന്ത്രിക്കാന്‍ ചെറിയ ടീമുകള്‍ക്കെതിരായ മത്സരങ്ങളില്‍ നിന്ന് ബുംറക്ക് വിശ്രമം നല്‍കിയേക്കും. ബംഗ്ലാദേശ്, സിംബാബ് വെ തുടങ്ങിയ ടീമുകള്‍ക്കെതിരേ ബുംറയെ കളിപ്പിച്ചേക്കില്ല.
വിദേശ പര്യടനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന തരത്തിലേക്ക് ബുംറയെ മാറ്റാനുള്ള നീക്കമാണ് ഗംഭീര്‍ നടത്തുക. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ടി20 മതിയാക്കിയതിനാല്‍ മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും കൂടുതല്‍ അവസരം നല്‍കാം. ടി20 കളിക്കാത്തതിനാല്‍ സ്വാഭാവികമായി ആവശ്യത്തിന് വിശ്രമം ഇരുവര്‍ക്കും ലഭിക്കും. വിരാട് കോലിയും ഗംഭീറും തമ്മില്‍ അത്ര നല്ല ബന്ധമല്ല. ഇത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.
മറ്റൊരു പ്രധാന കാര്യം റിഷഭ് പന്തിന്റെ ജോലി ഭാരം നിയന്ത്രിക്കുമെന്നതാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭിനെയാണ് പരിഗണിക്കുന്നത്. എന്നാല്‍ ഇതിന് മാറ്റമുണ്ടാകുമെന്നാണ് ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ടി20യിലും ടെസ്റ്റിലും റിഷഭിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ഏകദിനത്തില്‍ റിഷഭ് പന്തിന് വിശ്രമം നല്‍കുകയും ചെയ്യാനാണ് ഗംഭീര്‍ ആഗ്രഹിക്കുന്നതെന്നാണ് വിവരം.

പകരം സഞ്ജു സാംസണെ ഒന്നാം നമ്പര്‍ കീപ്പറാക്കാനും കെ എല്‍ രാഹുലിനെ ബാക്കപ്പ് കീപ്പറാക്കാനും ഗംഭീര്‍ ആഗ്രഹിക്കുന്നു. കെ എല്‍ രാഹുലിന് ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ അവസരം നല്‍കി ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നുറപ്പാണ്. ടി20യിലെ രാഹുലിന്റെ ശൈലി അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ രാഹുലിന് ഇനി ടി20 ടീമിലേക്കെത്തുക കടുപ്പമാണ്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനാണ് രാഹുല്‍.
മറ്റൊരു കാര്യം ശ്രേയസ് അയ്യരെ ഏകദിനത്തിലേക്കും ടെസ്റ്റിലേക്കും തിരിച്ചുവിളിച്ചേക്കുമെന്നതാണ്. നിലവില്‍ ബിസിസി ഐ കരാറിന് പുറത്തുള്ള താരമാണ് ശ്രേയസ്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ക്ക് ഗംഭീര്‍ പരിഗണന നല്‍കിയേക്കും. മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ശ്രേയസ് അയ്യര്‍ ടീമിന് പുറത്താകാന്‍ കാരണം ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയാണ്.
ഇതിന് പരിഹാരം കാണാന്‍ ഗംഭീര്‍ ഇടപെട്ടേക്കും. ടി20യില്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് ഗംഭീര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ശിവം ദുബെയെ തഴഞ്ഞേക്കും. കെകെആര്‍ താരം വെങ്കടേഷ് അയ്യര്‍ക്ക് തിരിച്ചുവരവിന് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. ശുബ്മാന്‍ ഗില്ലിന്റെ ടി20യിലെ സീറ്റ് തെറിച്ചേക്കും. ഗംഭീര്‍ ഗില്ലിനെ പിന്തുണച്ചേക്കില്ല. ഏകദിനത്തിലും ടെസ്റ്റിലുമായി ഗില്ലിനെ ഒതുക്കാനാണ് സാധ്യത. ബൗളിങ് നിരയില്‍ ഹര്‍ഷിത് റാണയെപ്പോലുള്ള യുവ പേസര്‍മാരെ വളര്‍ത്തിയേക്കും.
വിദേശ പര്യടനങ്ങളില്‍ യുവതാരങ്ങളുടെ ആക്രമണ ശൈലിയെ ഗംഭീര്‍ പിന്തുണക്കാനാണ് സാധ്യത കൂടുതല്‍. ആക്രമണോത്സകതയുള്ള താരമാണ് ഗംഭീര്‍. വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ മനോഭാവത്തിലേക്ക് ടീമിനേയും കൊണ്ടുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും വലിയ മാറ്റങ്ങള്‍ ഗംഭീറിന് കീഴില്‍ പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ശ്രീലങ്കന്‍ പരമ്പരയാണ് ഗംഭീറിന് കീഴില്‍ ആദ്യമായി ഇന്ത്യ കളിക്കുക.