നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ഏകദിന ലോകകപ്പ് വരികയാണ്. ഇത്തവണ ഇന്ത്യയുടെ മണ്ണിലാണ് വിശ്വകിരീട പോരാട്ടം നടക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുമ്പോഴും ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരെല്ലാം വലിയ വെല്ലുവിളി ഉയര്‍ത്താനുണ്ടാവും. 2011ല്‍ ആതിഥേയരായപ്പോള്‍ ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ ഇന്ത്യന്‍ മണ്ണില്‍ പ്രതീക്ഷിക്കുന്നു. ഇത്തവണത്തെ ലോകകപ്പിനെ ആരാധകര്‍ കാത്തിരിക്കുമ്പോഴും ചില സൂപ്പര്‍ താരങ്ങളുടെ അഭാവം ലോകകപ്പിലെ നഷ്ടമായി മാറുന്നു. ഇത്തരത്തില്‍ ലോകകപ്പ് നഷ്ടമാകുന്ന നിര്‍ഭാഗ്യവാന്മാരായ താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം ഇന്ത്യയുടെ റിഷഭ് പന്താണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് ഇന്ത്യന്‍ ടീമിലെ എക്‌സ് ഫാക്ടറായിരുന്നു. എന്നാല്‍ ഇത്തവണ ലോകകപ്പ് കളിക്കാന്‍ അദ്ദേഹം ഉണ്ടാവില്ല. കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് ഏറെ നാളുകളായി ടീമിന് പുറത്താണ്. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിഷഭ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ലോകകപ്പിന് മുമ്പായി അദ്ദേഹത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കില്ല.
ഇന്ത്യയെ സംബന്ധിച്ച് റിഷഭിന്റെ അഭാവം വളരെ വലുതാണ്. ഇടം കൈയന്‍ താരം മധ്യനിരയില്‍ നിര്‍ണ്ണായക പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നവനാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ള റിഷഭ് മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കും. നിലയുറപ്പിച്ചാല്‍ ബൗളര്‍മാരുടെ അന്തകനാവാന്‍ കഴിവുള്ള താരമാണ് റിഷഭ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണെന്ന് പറയാം.

ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസനാണ് മറ്റൊരു താരം. കിവീസ് നായകനായ വില്യംസണിനെ സമീപകാലത്തായി പരിക്ക് വേട്ടയാടുകയാണ്. കാല്‍മുട്ടിന് പരിക്കേറ്റ വില്യംസണിന് ശസ്ത്രക്രിയയടക്കം നടത്തിയിരുന്നു. ഇപ്പോള്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് വരികയാണെങ്കിലും ലോകകപ്പിന് മുമ്പ് വില്യംസണിന് തിരിച്ചുവരവ് നടത്തുക പ്രയാസമായിരിക്കുമെന്ന് പറയാം. ടോം ലാദത്തെ നായകനാക്കിയാണ് നിലവില്‍ കിവീസ് ടീം മുന്നോട്ട് പോകുന്നത്.
അവസാന ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ ഫൈനല്‍ കളിപ്പിച്ച ക്യാപ്റ്റനാണ് വില്യംസണ്‍. കൂടാതെ ക്ലാസിക് ബാറ്റ്‌സ്മാനായ അദ്ദേഹത്തിന് ഇന്ത്യന്‍ പിച്ചില്‍ മികച്ച റെക്കോഡുണ്ട്. ഐപിഎല്ലില്‍ സജീവമായ വില്യംസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായിരുന്നു. അവസാന സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമായിരുന്നു. ഗുജറാത്തിനൊപ്പം കളിക്കവെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് വില്യംസണ് പരിക്കേല്‍ക്കുന്നത്.
ഇതോടെ ഐപിഎല്ലില്‍ നിന്ന് പുറത്തായ താരത്തിന് ഇപ്പോള്‍ ലോകകപ്പും നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. മൂന്നാമത്തെ താരം മാര്‍നസ് ലബ്യുഷെയ്‌നാണ്. ഓസീസിന്റെ ക്ലാസിക് താരമായ ലബ്യുഷെയ്ന്‍ ടെസ്റ്റില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയാണ്. എന്നാല്‍ ഏകദിനത്തില്‍ അദ്ദേഹത്തിന്റെ മികവില്‍ കംഗാരുക്കള്‍ വലിയ പ്രതീക്ഷവെക്കുന്നില്ല. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ ലോകകപ്പിനായുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ലബ്യുഷെയ്‌ന് ഇടമില്ല.
ഓസീസിന്റെ ലോകകപ്പ് പദ്ധതികളില്‍ അദ്ദേഹത്തിന് ഇടമില്ലെന്നാണ് ലഭിക്കുന്ന വിവരം. സ്റ്റീവ് സ്മിത്തിനെപ്പോലെ തന്നെ ഏകദിന ഫോര്‍മാറ്റിലും തിളങ്ങാന്‍ ലബ്യുഷെയ്‌ന് മിടുക്കുണ്ട്. എന്നാല്‍ ഓസീസ് താരത്തിന് അവസരം നല്‍കുന്നില്ല. ഇത്തവണത്തെ ലോകകപ്പില്‍ ലബ്യുഷെയ്‌ന്റെ പ്രകടനം കാണാനാവാത്തത് ആരാധകര്‍ക്ക് നഷ്ടം തന്നെയാണ്.
ഇന്ത്യയുടെ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും പരിക്കിന്റെ പിടിയിലാണ്. ലോകകപ്പിന് മുമ്പ് ഇരുവര്‍ക്കും തിരിച്ചുവരാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏഷ്യാ കപ്പിലൂടെ ഇവര്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പ് പറയാറായിട്ടില്ല. അതുകൊണ്ടുതന്നെ ഇരുവരും ലോകകപ്പ് കളിക്കുന്ന കാര്യം ചോദ്യമായി തുടരുന്നു. ലോകകപ്പില്‍ ഇവര്‍ക്ക് കളിക്കാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യയെ സംബന്ധിച്ചത് നികത്താനാവാത്ത വിടവായി മാറും.