ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റലും ഭാഗ്യവാനായിട്ടുള്ള താരം ആരായിരിക്കും? സംശയം വേണ്ട, അതു വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തന്നെയായിരിക്കും. തിളങ്ങിയാലും ഇല്ലെങ്കിലുമെല്ലാം റിഷഭ് തുറുപ്പുചീട്ടാണെന്നാണ് മാറി വരുന്ന ടീം മാനേജ്‌മെന്റും ബിസിസിഐയുമെല്ലാം നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്. പക്ഷെ കളിക്കളത്തില്‍ അതു കാണുന്നുണ്ടോയെന്നു ചോദിച്ചാല്‍ ഇല്ലെന്നു തന്നെ ആണ് ഉത്തരം.
ഫോം വീണ്ടെടുക്കുന്നതു വരെ റിഷഭിനു എത്ര വേണമെങ്കിലും അവസരങ്ങള്‍ ലഭിക്കുമ്പോള്‍ രണ്ടോ, മൂന്നോ കളിയില്‍ ഫ്‌ളോപ്പായാല്‍ കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരെപ്പോലെയുള്ളവരെ പുറത്താക്കുകയും ചെയ്യും. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ശ്രീലങ്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പര. ആദ്യ കളിയില്‍ 31 റണ്‍സെടുത്ത രാഹുല്‍ അടുത്ത മല്‍സരത്തില്‍ ഡെക്കായപ്പോള്‍ ടീമിലെ സ്ഥാനവും തെറിച്ചു. പകരം റിഷഭാണ് മൂന്നാമങ്കം കളിച്ചത്.

ഇന്ത്യക്കു വേണ്ടു അവസാനമായി റിഷഭ് കളിച്ചിട്ടുള്ള 11 ഏകദിന മല്‍സരങ്ങളെടുത്താല്‍ ഇവയിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്നു കാണാം. ഇവയില്‍ ഒന്നില്‍ മാത്രമാണ് അദ്ദേഹം മികച്ച പ്രകടനം നടത്തിയത്. ഇതാവട്ടെ ഇംഗ്ലണ്ടിന്റെ രണ്ടാംനിര ബൗളിങ് നിരയ്‌ക്കെതിരേയുമായിരുന്നു. പരിക്കേറ്റ് കളിക്കളത്തില്‍ നിന്നും വലിയ ബ്രേക്കെടുക്കുന്നതിനു മുമ്പായിരുന്നു റിഷഭിന്റെ ഈ പ്രകടനം. അന്നു പുറത്താവാതെ 125 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.
ഈ സെഞ്ച്വറി മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള 10 മല്‍സരങ്ങളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമേ റിഷഭ് നേടിയിട്ടുള്ളൂ. 56 റണ്‍സ് നേടി അദ്ദേഹം പുറത്താവുകയായിരുന്നു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും മാറ്റിനിര്‍ത്തിയാല്‍ ബാറ്ററെന്ന നിലയില്‍ റിഷഭിനു ഒന്നും തന്നെ എടുത്തു കാണിക്കാനില്ലെന്നു കാണാം. എന്നിട്ടും ഏകദിന ടീമില്‍ അദ്ദേഹത്തിന്റെ സ്ഥാനം സേഫാണ്. ഇന്ത്യ ഇനി കളിക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിയിലുമെല്ലാം റിഷഭ് തന്നെയാവും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍.
ഏകദിനത്തിലെ കഴിഞ്ഞ 11 മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ഇതില്‍ രണ്ടെണ്ണത്തില്‍ റിഷഭ് ഡെക്കായിരുന്നു. രണ്ടു കളിയില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിക്കാതെ പോയപ്പോള്‍ ബാക്കിയുള്ളവയിലൊന്നും അദ്ദേഹം 20 റണ്‍സ് പോലും തികച്ചതുമില്ല. 0, 11, 18, 56, 0, 125*, 15, 10, 6 എന്നിങ്ങനെയാണ് ഒമ്പതു ഏകദിന മല്‍സരങ്ങളില്‍ റിഷഭിന്റെ പ്രകടനം. രണ്ടെണ്ണത്തില്‍ താരം ബാറ്റ് ചെയ്തതുമില്ല.

ഒരൊറ്റ മല്‍സരത്തില്‍ രാഹുല്‍ പൂജ്യത്തിനു പുറത്തായതിന്റെ പേരിലാണ് ലങ്കയുമായുള്ള അവസാന ഏകദിനത്തില്‍ റിഷഭിനെ പ്ലെയിങ് ഇലവനിലേക്കു തിരികെ വിളിച്ചത്. നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള അവസരവും ടീം മാനേജ്‌മെന്റ് അദ്ദേഹത്തിനു നല്‍കി. പക്ഷെ ആറു റണ്‍സ് മാത്രമേ റിഷഭ് നേടിയുള്ളൂ. തീര്‍ത്തും അനാവശ്യമായി ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച റിഷഭിനെ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് സ്റ്റംപ് ചെയ്യുകയായിരുന്നു.
ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു റിഷഭ്. ടൂര്‍ണമെന്റിനു മുമ്പ് ബംഗ്ലാദേശുമായി നടന്ന ഏക സന്നാഹ മല്‍സരത്തില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി താരം ഫിഫ്റ്റി നേടിയിരുന്നു. ഇതിന്റെ പേരില്‍ മാത്രം ടി20 ലോകകപ്പിലെ മുഴുവന്‍ കളിയിലും റിഷഭിനു മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരവും ലഭിച്ചു. പക്ഷെ ഒരു ഫിഫ്റ്റി പോലും കുറിക്കാന്‍ അദ്ദേഹത്തിനായില്ല.