സൗത്താഫ്രിക്കയുമായി ഈ വര്‍ഷം നടന്ന ടി20 ലോകകപ്പ് ഫൈനലിനിടെ തനിക്കേറ്റ പരിക്കിനെക്കുറിച്ച് ഒടുവില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. റണ്‍ചേസില്‍ സൗത്താഫ്രിക്ക അനായാസം ജയത്തിലേക്കു കുതിക്കവെയാണ് അവവസാന ഓവറുകളില്‍ റിഷഭ് പരിക്കേറ്റു മൈതാനത്തു വീണത്. തുടര്‍ന്നു കളി തടസ്സപ്പെടുകയും മല്‍സരം പുനരാരംഭിച്ചപ്പോള്‍ സൗത്താഫ്രിക്കയുടെ താളം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
സൗത്താഫ്രിക്കയുടെ റണ്‍ചേസിലെ ഒഴുക്ക് നഷ്ടപ്പെടുത്താന്‍ റിഷഭ് പയറ്റിയ തന്ത്രമാണ് ഇതെന്നും ഇന്ത്യയുടെ വിജയത്തില്‍ ഇതും നിര്‍ണായകമായി മാറിയതായും അടുത്തിടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുറന്നു പറഞ്ഞിരുന്നു. കപില്‍ ശര്‍മയുടെ ഷോയില്‍ അതിഥിയായി വന്നപ്പോഴായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്. ഇപ്പോഴിതാ റിഷഭ് തന്നെ ആദ്യമായി തുറന്നു സമ്മതിച്ചിരിക്കുകയാണ്. ഒരു ചടങ്ങില്‍ അതിഥിയായി വന്നപ്പോഴായിരുന്നു അദ്ദേഹം മനസ്സ്തുറന്നത്.

റിഷഭിന്റെ പരിക്ക്
ടി20 ലോകകപ്പ് ഫൈനലില്‍ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ 24 ബോളില്‍ 26 റണ്‍സ് മാത്രം വേണമെന്നിരിക്കെയായിരുന്നു കളിയിലെ ടേണിങ് പോയിന്റായി മാറിയ റിഷഭ് പന്തിന്റെ പരിക്ക്. തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ഹെന്‍ട്രിച്ച് ക്ലാസെന്‍ ടീമിനെ അതിവേഗം വിജയത്തിലേക്കു നയിക്കവെയാണ് തികച്ചും അപ്രതീക്ഷിതമായി കളി തടസ്സപ്പെട്ടത്.
കാല്‍മുട്ടിനു പരിക്കേറ്റതായി കാണപ്പെട്ട റിഷഭ് ഗ്രൗണ്ടിലിരിക്കുകയും തുടര്‍ന്ന് ടീം ഫിസിയോ ഇവിടേക്കു വന്ന് അദ്ദേഹത്തെ പരിശോധിക്കുകയുമായിരുന്നു. കാല്‍മുട്ടിനു കെട്ടിയ ശേഷമാണ് റിഷഭ് തുടര്‍ന്നു കളിച്ചത്. മല്‍സരം പുനരാരംഭിച്ച് ആദ്യത്തെ ബോളില്‍ തന്നെ ക്ലാസനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കുകയും ചെയ്തു. ഇതു സൗത്താഫ്രിക്കയുടെ റണ്‍ചേസിലെ ഒഴുക്കും നഷ്ടപ്പെടുത്തി. പിന്നാലെ തുടരെ വിക്കറ്റുകളെടുത്ത് ഇന്ത്യ കളിയില്‍ പിടിമുറുക്കുകയും ഒടുവില്‍ ജയിച്ച് കയറുകയുമായിരുന്നു.
ഫിസിയോയോടു പറഞ്ഞതെന്ത്?
സൗത്താഫ്രിക്കയുമായുള്ള കലാശപ്പോരാട്ടത്തില്‍ തനിക്കു യഥാര്‍ഥത്തില്‍ പരിക്ക് ഇല്ലായിരുന്നുവെന്നും അന്നു അങ്ങനെ അഭിനയിക്കുകയായിരുന്നുവെന്നുമാണ് റിഷഭ് പന്തിന്റെ വെളിപ്പെടുത്തല്‍. റണ്‍ചേസില്‍ തൊട്ടുമുമ്പത്തെ രണ്ട്- മൂന്ന് ഓവറുകളില്‍ സൗത്താഫ്രിക്കന്‍ ടീം ഒരുപാട് റണ്‍സ് അടിച്ചെടുത്തു കൊണ്ടിരുന്നു. ഇതുപോലെയൊരു ടി20 ലോകകപ്പ് ഫൈനലില്‍ കളിക്കുകയെന്ന മുഹൂര്‍ത്തം ഇനി എപ്പോഴായിരിക്കും വരികയെന്നായിരുന്നു ഞാന്‍ അപ്പോള്‍ മനസ്സില്‍ ചിന്തിച്ചത്.
ഗ്രൗണ്ടിലെത്തിയ ടീം ഫിസിയോയോടു ഞാന്‍ പറഞ്ഞത് നിങ്ങള്‍ സമയമെടുത്ത് ചെയ്താല്‍ മതിയെന്നായിരുന്നു. സമയം പാഴാക്കിക്കൊള്ളൂയെന്നും അദ്ദേഹത്തോടു പറഞ്ഞിരുന്നു. നിങ്ങള്‍ ഓക്കെയാണോയെന്നു ടീം ഫിസിയോ ചോദിക്കുന്നുണ്ടായിരുന്നു. ഞാന്‍ വെറുതെ അഭിനയിക്കുകയാണെന്നു അദേഹത്തിനു മറുപടിയും നല്‍കി.

ഒരു മല്‍സരത്തില്‍ ചിലപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ തരത്തിലുള്ള ബ്രേക്കുകള്‍ ഗുണം ചെയ്യും. പക്ഷെ എല്ലായ്‌പ്പോഴും ഇതു സംഭവിക്കുമെന്നു ഞാന്‍ പറയുന്നില്ല. ചിലപ്പോള്‍ മാത്രം ഇതു വര്‍ക്കാവും. അത്തരമൊരു സന്ദര്‍ഭത്തില്‍ അതു വര്‍ക്കായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കു മറ്റൊന്നും ആവശ്യമില്ലെന്നും റിഷഭ് കൂട്ടിച്ചേര്‍ത്തു.
റിഷഭിന്റെ പ്രകടനം
ഒരു വര്‍ഷത്തിലേറെ നീണ്ട ബ്രേക്കിനു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള റിഷഭ് പന്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ടി20 ലോകകപ്പ്. 2022 ഡിസംബറിലാണ് അദ്ദേഹത്തിനു കാറപകടത്തില്‍ സാരമായി പരിക്കേറ്റത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പുള്‍പ്പെടെ റിഷഭിനു നഷ്ടമാവുകയും ചെയ്തു.
ഈ വര്‍ഷത്തെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നയിച്ചാണ് അദ്ദേഹം മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. ഡിസിക്കായി തിളങ്ങിയതോടെ ടി20 ലോകകപ്പിലും റിഷഭിനു ഇടം ലഭിക്കുകയായിരുന്നു.
ടൂര്‍ണമെന്റിലെ മുഴുവന്‍ മല്‍സരങ്ങളിലും മൂന്നാം നമ്പറിലാണ് അദ്ദേഹത്തെ ഇന്ത്യ പരീക്ഷിച്ചത്. എട്ടിന്നിങ്‌സുകളില്‍ നിന്നും 24.43 ശരാശരിയില്‍ 127.61 സ്‌ട്രൈക്ക് റേറ്റില്‍ 171 റണ്‍സാണ് റിഷഭ് സ്‌കോര്‍ ചെയ്തത്. പക്ഷെ ഫൈനലില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. സൗത്താഫ്രിക്കയ്‌ക്കെതിരേ ഡെക്കായാണ് താരം ക്രീസ് വിട്ടത്.