ഗാംഗുലി ഉപദേശിച്ചു, നേരത്തേ പോണ്ടിങും പറഞ്ഞത് അതു തന്നെ... വെളിപ്പെടുത്തി റിഷഭ് പന്ത്

മുംബൈ: വലിയ പ്രതീക്ഷകളോടെ ടീം ഇന്ത്യയിലേക്കു വന്ന താരമാണ് യുവ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ റിഷഭ് പന്ത്. മുന്‍ ഇതിഹാസം എംഎസ് ധോണിയുടെ പിന്‍ഗാമിയായ ടീമിലെത്തിയ പന്തിന് പക്ഷെ അതിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. വിക്കറ്റ് കീപ്പിങില്‍ പലപ്പോഴും പിഴവുകള്‍ വരുത്തുന്ന പന്ത് ബാറ്റിങിലും സ്ഥിരത പുലര്‍ത്തുന്നില്ല.
നിലവില്‍ നിശ്ചിത ഓവര്‍ ടീമിന്റെ പ്ലെയിങ് ഇലവനില്‍ പന്തിന് സ്ഥാനവും നഷ്ടമായിക്കഴിഞ്ഞു. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേ അവസാനമായി കളിച്ച രണ്ടു പരമ്പരകളിലും പന്തിനെ പുറത്തിരുത്തിയ ഇന്ത്യ കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കുകയും ചെയ്തിരുന്നു. പുതിയ റോളില്‍ മിന്നുന്ന പ്രകടനം നടത്തിയ രാഹുല്‍ പന്തിന്റെ സ്ഥാനത്തിന് ഭീഷണിയുയര്‍ത്തുകയും ചെയ്തിട്ടുണ്ട്. കരിയറിലെ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന ഘ്ടത്തിലൂടെ കടന്നു പോവുന്ന തനിക്കു ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നല്‍കിയ ഉപദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പന്ത്. ഐപിഎല്ലില്‍ തന്റെ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു താരം.

നീ സ്വയം കുറച്ചു സമയം നല്‍കൂയെന്നാണ് ഗാംഗുലി ഉപദേശിച്ചത്. അതിനു ശേഷം നിനക്കു ഇഷ്ടമുള്ളത് ചെയ്‌തോയെന്നും ദാദ പറഞ്ഞതായി 21കാരനായ പന്ത് വെളിപ്പെടുത്തി. എല്ലായ്‌പ്പോഴും താന്‍ മികച്ച പ്രകടനം നടത്തണമെന്നാണ് ഗാംഗുലി ആഗ്രഹിക്കുന്നത്. അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ താന്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചതായും അതു തന്നെ സഹായിച്ചതായും പന്ത് കൂട്ടിച്ചേര്‍ത്തു.
ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ഗാംഗുലിക്കു കീഴില്‍ പ്രവര്‍ത്തിക്കാന്‍ പന്തിനു അവസരം ലഭിച്ചിരുന്നു. നേരത്തേ ഐപിഎല്ലില്‍ ഡല്‍ഹി ടീമിന്റെ ഉപദേഷ്ടാവായി ദാദ പ്രവര്‍ത്തിച്ചിരുന്നു.

ഐപിഎല്ലില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങിനു കീഴില്‍ പ്രവര്‍ത്തിച്ചത് തന്റെ കരിയര്‍ മെച്ചപ്പെടുത്താന്‍ ഏറെ സഹായിച്ചതായി പന്ത് വ്യക്തമാക്കി. നിലവില്‍ ഡല്‍ഹി ടീമിന്റെ കോച്ചാണ് പോണ്ടിങ്.
തന്നെ സ്വതസിദ്ധമായ ശൈലിയില്‍ എല്ലായ്പ്പപോഴും കളിക്കാന്‍ അനുവദിച്ച വ്യക്തിയാണ് പോണ്ടിങ്ങെന്നു പന്ത് വെളിപ്പെടുത്തി. പോണ്ടിങ് ഒരു നിബന്ധയും തനിക്കു മുന്നില്‍ വയ്ക്കാറില്ല. നിനക്ക് ഇഷ്ടമുള്ളതു പോലെ ചെയ്‌തോയെന്നാണ് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ പോണ്ടിങ് ഉദേശിക്കാറുള്ളതെന്നും പന്ത് വ്യക്തമാക്കി.

ദേശീയ ടീമിലേക്കുള്ള പന്തിന്റെ മടങ്ങിവരവില്‍ നിര്‍ണായകമാവേണ്ടിയിരുന്നത് ഐപിഎല്ലായിരുന്നു. എന്നാല്‍ കൊറോണ വൈറസിനെ തുടര്‍ന്നു രാജ്യത്തു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്കു മാറ്റി വയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
ഐപിഎല്ലില്‍ ഡല്‍ഹിക്കു വേണ്ടി മിന്നുന്ന പ്രകടനമാണ് മുന്‍ സീസണുകളിലെല്ലാം പന്ത് കാഴ്ചവച്ചിട്ടുള്ളത്. ഐപിഎല്‍ കരിയറില്‍ ഇതുവരെ 54 മല്‍സരങ്ങളില്‍ കളിച്ച താരം 162.69 സ്‌ട്രൈക്ക് റേറ്റോടെ 1067 റണ്‍സെടുത്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും 11 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications