ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ചില കാര്യങ്ങളില്‍ റിഷഭ് തന്നെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ ആരാധകന്‍ കൂടിയാണ് താനെന്നും എബിഡി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ലോക ക്രിക്കറ്റിലെ 360 ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന എബിഡി.
റിഷഭ് പന്തിനെക്കുറിച്ച് എനിക്കു ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഞാന്‍ അദ്ദേത്തിന്റെ വലിയൊരു ആരാധകനും കൂടിയാണ്. റിഷഭിന്റെ ജഴ്‌സി നമ്പര്‍ 17 ആണ്. എന്റെയും ജഴ്‌സി നമ്പറും ഇതായിരുന്നു. ഞങ്ങള്‍ പരസ്പരം വിളിക്കാറുള്ളതു അങ്ങനെ തന്നെയാണ്. വിരാടിനെ (കോലി) ഞാന്‍ ബിസ്‌കറ്റെന്നാണ് വിളിക്കാറുള്ളത്. അദ്ദേഹം എന്നെ വിളിക്കുന്നതും ഇതേ പേര് തന്നെയാണ്. റിഷഭിനെ ഞാന്‍ വിളിക്കുക നമ്പര്‍ 17 എന്നാണ്. അദ്ദേഹം വിളിക്കുന്നതും ഇങ്ങനെ തന്നെയാണെന്നും എബിഡി വ്യക്തമാക്കി.

ഒരുപാട് പ്രത്യേകതകളുള്ള ക്രിക്കറ്ററാണ് റിഷഭ് പന്ത്. പക്ഷെ അധികമാളുകള്‍ക്കും അതറിയില്ല എന്നതാണ് സത്യം. അദ്ദേഹം വളരെ അഗ്രസീവായി കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്ററാണ്. ഓസ്‌ട്രേലിയയില്‍ പോയി ടെസ്റ്റില്‍ ഈ രീതിയിലുള്ള ഇന്നിങ്‌സുകള്‍ കളിക്കുകയെന്നത് എളുപ്പമല്ല. വലിയ സ്‌കോറുകളും റിഷഭ് കുറിച്ചിട്ടുണ്ട്. ടീമിനും ഏറ്റവും ആവശ്യമായ ഘട്ടങ്ങളില്‍ അദ്ദേഹം റണ്‍സെടുക്കുകയും ചെയ്യുന്നു. കളിക്കളത്തിലേക്കു റിഷഭ് മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും എബിഡി പറയുന്നു.
റിഷഭിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. ബാറ്റ് ചെയ്യുമ്പോള്‍ ഒരു ബൗളറുടെ അടുത്ത ബോള്‍ എങ്ങനെയായിരിക്കുമെന്നു മുന്‍കൂട്ടി കാണുകയും അതിനു അനുസരിച്ച് ആക്രമിക്കുകയും ചെയ്യുതയെന്നതാണ് റിഷഭിന്റെ ശൈലി. സ്വന്തം ടീമിനു വേണ്ടി മല്‍സരം മാറ്റിമറിക്കുകയെന്ന വലിയൊരു ആഗ്രഹം കൂടി അദ്ദേഹത്തിനുണ്ടെന്നും എബിഡി നിരീക്ഷിച്ചു.
ബാറ്റിങെടുക്കുകയാണെങ്കില്‍ എല്ലാ തരത്തിലുള്ള ഷോട്ടുകളും റിഷഭിന്റെ പക്കലുണ്ട്. ബോള്‍ സ്‌ട്രൈക്ക് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനു സ്വാഭാവികമായി തന്നെ ലഭിച്ചിട്ടുള്ളതാണ്. അതിനായി പല ട്രിക്കുകളും റിഷഭിനു പുറത്തെടുക്കേണ്ടതായും വന്നിട്ടില്ല. കാരണം അത്രയും മിടുക്കനാണ് അദ്ദേഹമെന്നും എബിഡി വിലയിരുത്തി.

ബാറ്റിങിനിടെ റിഷഭ് പലപ്പോഴും നിയന്ത്രണം വിട്ട് വീഴുന്നതിനെയും ഒറ്റക്കൈ കൊണ്ടുള്ള സിക്‌സറുകളെക്കുറിച്ചുമെല്ലാം എബിഡി സംസാരിച്ചു. ഇതിനെ എക്‌സ് ഫാക്ടറെന്നാണ് താന്‍ വിളിക്കുകയെന്നാണ് അദ്ദേഹം പറഞ്ഞത്. മറ്റാര്‍ക്കും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ റിഷഭിനു കഴിയും. ഒരുകൈ കൊണ്ടുള്ള അദ്ദേഹത്തിന്റെ സിക്‌സറുകള്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ബോളിലേക്കു അല്‍പ്പം നേരത്തേയെത്താന്‍ റിഷഭിനു ഇതിലൂടെ സാധിക്കുന്നു. ഇതു കാരണം അദ്ദേഹത്തിന്റെം വലതുകൈ അല്‍പ്പം കൂടി മുന്നിലേക്കു നീട്ടുവാന്‍ സാധിക്കുകയും ചെയ്യുന്നു.
ബോളുമായി കണ്ണുകളുടെ മികച്ച രീതിയിലുള്ള സമ്പര്‍ക്കവും റിഷഭിനെ ബാറ്റിങില്‍ ഏറെ സഹായിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്തായി പറയാവുന്നത് ബാറ്റ് ചെയ്യുമ്പോഴുള്ള ശരീരഭാഷയാണ്. ക്രീസിലെത്തിയാല്‍ ഷോട്ട് കളിക്കും മുമ്പ് എല്ലായ്‌പ്പോഴും തന്റെ ഷൂസിലേക്കു നോക്കുന്നയാളല്ല റിഷഭ്.
പകരം അദ്ദേഹം ബൗളറെയും തനിക്കു ചുറ്റുമുള്ള ഫീല്‍ഡര്‍മാരെയുമാണ് നോക്കാറുള്ളത്. മാത്രമല്ല അവര്‍ ഓരോരുത്തരുടെയും കണ്ണില്‍ നോക്കിയ ശേഷം ഞാന്‍ ഇവിടെയുള്ളത് കളി ജയിപ്പിക്കാനാണെന്നു അവരോടു മനസ്സ് കൊണ്ട് പറയുകയും ചെയ്യാറുണ്ടെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.