സിക്‌സറടിച്ച് തുടങ്ങി, പിന്നാലെ അഞ്ച് ക്യാച്ചും... പന്ത് വീണ്ടും റെക്കോര്‍ഡ് ബുക്കില്‍!!
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആധിപത്യം നേടവെ ചില റെക്കോര്‍ഡുകള്‍ സ്ഥാപിക്കാനായത് ഇന്ത്യക്ക് ഇരട്ടി ആഹ്ലാദം നല്‍കുന്നു. അരങ്ങേറ്റക്കാരനായ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് രണ്ടാംദിനം നേട്ടങ്ങളുടെ പട്ടികയില്‍ തന്റെ പേരും എഴുതിച്ചേര്‍ത്തത്.
കളിയില്‍ ഇന്ത്യ മികച്ച ലീഡിലേക്ക് നീങ്ങുകയാണ്. എട്ടു വിക്കറ്റുകളും മൂന്നു ദിനവും ബാക്കിനില്‍ക്കെ ഇന്ത്യയുടെ ലീഡ് 300ന് അടുത്ത് എത്തിക്കഴിഞ്ഞു.

അരങ്ങേറ്റത്തില്‍ അഞ്ചു ക്യാച്ച്
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അഞ്ചു ക്യാച്ചുകളെടുക്കുന്ന നാലാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന എലൈറ്റ് പട്ടികയിലാണ് പന്ത് ഇടം പിടിച്ചത്. രണ്ടാംദിനം അഞ്ചു പേരെയാണ് പന്ത് കൈപ്പിടിയിലൊതുക്കിയത്. ഒരിന്നിങ്‌സില്‍ തന്നെ അഞ്ചു ക്യാച്ചുകളെടുത്ത ഏഷ്യയിലെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡിനും പന്ത് അവകാശിയായി.
അലെസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിങ്‌സ്, ഓലി പോപ്പ്, ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവരായിരുന്നു പന്തിന്റെ ഇരകള്‍.

അവസാനം ഓജ
നേരത്തേ അരങ്ങേറ്റ ടെസ്റ്റില്‍ മൂന്ന് ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍മാരാണ് അഞ്ചു ക്യാച്ചുകളെടുത്തിട്ടുള്ളത്. 1955ല്‍ പാകിസ്താനെതിരായ ടെസ്റ്റില്‍ നരെന്‍ തമാനെയാണ് ആദ്യമായി ഈ നേട്ടം കൈവരിച്ചത്.
പിന്നീട് 1986ല്‍ ഇംഗ്ലണ്ടിനെതിരേ കിരണ്‍ മോറെയും കന്നി ടെസ്റ്റില്‍ അഞ്ചു പേരെ പുറത്താക്കി. അവസാനമായി 2015ല്‍ നമാന്‍ ഓജയാണ് ആദ്യ ടെസ്റ്റില്‍ അഞ്ചു ക്യാച്ചുകളെടുത്ത് എലൈറ്റ് ക്ലബ്ബിലെത്തിയത്. ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ഓജയുടെ മിന്നും പ്രകടനം.

ആദ്യ ദിനവും റെക്കോര്‍ഡ്
ഇതു തുടര്‍ച്ചയായി രണ്ടാം ദിനമാണ് പന്ത് നേട്ടങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. ആദ്യ ദിനം ബാറ്റിങിലായിരുന്നു താരം റെക്കോര്‍ഡിട്ടത്. കന്നി ടെസ്റ്റില്‍ സിക്‌സറോടെ അക്കൗണ്ട് തുറന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് പന്ത് സ്വന്തം പേരിലാക്കിയിരുന്നു.
ആദ്യ രണ്ടു ടെസ്റ്റുകളിലും നിരാശപ്പെടുത്തിയ ദിനേഷ് കാര്‍ത്തികിന്റെ പകരക്കാരനായാണ് പന്തിനെ മൂന്നാം ടെസ്റ്റില്‍ ടീമിലുള്‍പ്പെടുത്തിയത്.

ഇന്ത്യ തോറ്റിട്ടില്ല
ഇംഗ്ലണ്ടില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം ഒന്നാമിന്നിങ്‌സില്‍ 300ല്‍ കൂടുതല്‍ റണ്‍സ് നേടിയ ഒരു ടെസ്റ്റിലും ഇന്ത്യ ഇതുവരെ പരാജയപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ നോട്ടിങ്ഹാം ടെസ്റ്റിലും ഇന്ത്യ ജയം സ്വപ്‌നം കാണുകയാണ്.
1952ല്‍ ലീഡ്‌സില്‍ നടന്ന ടെസ്റ്റില്‍ ഒന്നാമിന്നിങ്‌സില്‍ 293 റണ്‍സ് നേടിയ ശേഷം പരാജയപ്പെട്ട ശേഷം പിന്നീട് ഇന്ത്യക്ക് തോല്‍വി നേരിട്ടിട്ടില്ല.

ഭാജിക്കു പിന്നില്‍ പാണ്ഡ്യ
അഞ്ചു വിക്കറ്റെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകര്‍ത്തത്. കുറഞ്ഞ പന്തുകളില്‍ ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ ഇന്ത്യന്‍ ബൗളറായി പാണ്ഡ്യ മാറി. അഞ്ചു വിക്കറ്റെടുക്കാന്‍ താരത്തിന് 28 പന്ത് മാത്രമേ വേണ്ടിവന്നുള്ളൂ.
27 പന്തില്‍ അഞ്ചു വിക്കറ്റെടുത്ത സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് ഈ ലിസ്റ്റില്‍ തലപ്പത്ത്. 2006ല്‍ ജമൈക്കയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ഭാജിയുടെ മാസ്മരിക ബൗളിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications