ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫിനിഷിങിലൂടെ അടുത്ത സൂപ്പര്‍ ഹീറോയായി മാറുമെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് റിങ്കു സിങ്. വളരെ കുറച്ചു മല്‍സരങ്ങളിലൂടെ തന്നെ അദ്ദേഹം തന്റെ മികവ് ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. സമാപിച്ച ടി20 ലോകകപ്പില്‍ ടീമില്‍ ഇടം ലഭിക്കാതെ പോയെങ്കിലും വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ റിങ്കു ടീമിന്റെ ഭാഗമാണ്.
ബാറ്റിങില്‍ വളരെ പെട്ടെന്നി ഗിയര്‍ മാറ്റാനും അനായാസം സിക്‌സറുകളടിക്കാനുള്ള കഴിവുമാണ് റിങ്കുവിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. കൂടാതെ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ അദ്ദേഹം വളരെ കൂളുമാണ്. പക്ഷെ ഇന്ത്യയുടെ ടി20യില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയെന്നത് അദ്ദേഹത്തിനു അത്ര എളുപ്പമായിരിക്കില്ല. ഇതിനു പിന്നിലെ കാരണമെന്താണെന്നു നോക്കാം.

ഇന്തന്‍ ടി20 ടീമിന്റെ ലൈനപ്പ് നോക്കുകയാണെങ്കില്‍ പല സ്‌പോട്ടുകളും ചിലര്‍ ഉറപ്പാക്കഴിഞ്ഞതായി കാണാം. ചുരുക്കം ചില സ്‌പോട്ടുകളുടെ കാര്യത്തില്‍ മാത്രമേ ആരെ വേണമെന്ന കാര്യത്തില്‍ സംശയമുള്ളൂ. രണ്ടു ഓപ്പണര്‍മാര്‍ക്കു ശേഷം മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും നാലാം നമ്പറില്‍ വിക്കറ്റ് കീപ്പറുമായിരിക്കും കളിക്കുക. ഈ റോളുകള്‍
നേരെ തിരിച്ചും വരാം.
കഴിഞ്ഞ ടി20 ലോകകപ്പില്‍ റിഷഭ് പന്ത് മൂന്നാം നമ്പറിലും സൂര്യ നാലാമനായുമാണ് ബാറ്റ് ചെയ്തത്. അഞ്ചാം നമ്പര്‍ മാത്രമാണ് റിങ്കുവിനു പ്രതീക്ഷയുള്ള ഏക പൊസിഷന്‍. പക്ഷെ ഇതാവട്ടെ ഫിനിഷറുടേതല്ല. മാത്രമല്ല ഒരുപാട് ഓപ്ഷനുകളും ഈ റോളിലേക്കു ഇന്ത്യക്കുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ശിവം ദുബെയായിരുന്നു അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തത്.
യുവ ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ തിലക് വര്‍മ, മറ്റൊരു ഇടംകൈയന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍, സഞ്ജു സാംസണ്‍ തുടങ്ങി ഒരുപാട് പേര്‍ ഈ റോള്‍ മോഹിക്കുന്നുണ്ട്. ഇവരില്‍ സഞ്ജുവൊഴികെ മറ്റുള്ളവരെല്ലാം കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യാനും സാധിക്കുന്നവരാണ്. പക്ഷെ റിങ്കുവിനെ ബാറ്റിങില്‍ മാത്രമേ ടീമിനു ഉപയോഗിക്കാന്‍ സാധിക്കുകയയുള്ളൂ. ഇതൊരു പോരായ്മ തന്നെയാണ്.
മാത്രമല്ല ആറ്, ഏഴ് പൊസിഷനുകളാണ് ഫിനിഷറെന്ന നിലയില്‍ അദ്ദേഹത്തിനു കൂടുല്‍ അനുയോജ്യമായത്. പക്ഷെ ഈ രണ്ടു സ്ഥാനങ്ങളും റിങ്കു പ്രതീക്ഷിക്കേണ്ടതില്ല. കാരണം അടുത്ത സ്ഥിരം ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ് ആറാം നമ്പറില്‍ കളിക്കുക. ഏഴാം നമ്പറില്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമായിരുക്കും. തുടര്‍ന്നു കുല്‍ദീപ് യാദവ് അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം മറ്റൊരു ബൗളര്‍ കൂടിയുണ്ടാവും.

ഈയൊരു ലൈനപ്പായിരിക്കും ടി20യില്‍ ഇന്ത്യയുടേത്. അഞ്ചാം നമ്പറൊഴികെ മറ്റു സ്‌പോട്ടുകളെല്ലാം താരങ്ങള്‍ ഉറപ്പാക്കിയതും ബൗളിങ് കൂടി വശമുള്ള പല താരങ്ങളും മല്‍സരരംഗത്തുള്ളതും റിങ്കുവിനു കാര്യങ്ങള്‍ കടുപ്പമാക്കുന്നു. കൂടാതെ അഞ്ചാം നമ്പറില്‍ ഒരു ഫിനിഷറയെല്ല ടീമിനു ആവശ്യമെന്നതും റിങ്കുവിന്റെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിക്കു ന്നുണ്ട്.
പ്രതിഭയുണ്ടായിട്ടും അനുയോജ്യമായ സ്‌പോട്ടും കടുത്ത മല്‍സരവും കാരണം തഴയപ്പെട്ടു കൊണ്ടിരിക്കുന്ന മലയാളി താരം സഞ്ജു സാംസണിന്റെ വിധി തന്നെയാണോ റിങ്കുവിനെയും കാത്തിരിക്കുന്നതെന്നു അറിയാനിരിക്കുന്നു.
റിങ്കുവിന്റെ അന്താരാഷ്ട്ര കരിയറെടുത്താല്‍ 15 ടി20കളിലായി 11 ഇന്നിങ്‌സുകളിലാണ് താരം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 89 എന്ന ഗംഭീര ശരാശരിയില്‍ 176.24 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 359 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 69 റണ്‍സാണ്.