ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫിനിങ്ങിലെ പുതിയ ഹീറോയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന യുവതാരം റിങ്കു സിങിനു റെഡ് ബോള്‍ ക്രിക്കറ്റില്‍ കഷ്ടകാലം തുടരുകയാണ്. വൈകാതെ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറുമെന്നു കരുതപ്പെടുന്ന അദ്ദേഹത്തെ റെഡ് ബോള്‍ ക്രിക്കറ്റിലും ഇന്ത്യ പരീക്ഷിച്ചെങ്കിലും ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ട് ലയണ്‍സുമായുള്ള മൂന്നു മല്‍സരങ്ങളുടെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യന്‍ എ ടീമിനായി റിങ്കു കളിച്ചുകൊണ്ടിരിക്കുന്നത്.
പക്ഷെ തുടര്‍ച്ചയായി രണ്ടാമത്തെ ഇന്നിങ്‌സിലും റിങ്കു പൂജ്യത്തിനു പുറത്തായി ആരാധകരെ നിരാശരാക്കി. അഹമ്മദാബാദില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാണ് താരം ഡെക്കായിരിക്കുന്നത്. അഞ്ചാം നമ്പറില്‍ ഇറങ്ങിയ റിങ്കുവിനു അഞ്ചു ബോളുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. മാത്യു പോട്‌സിന്റെ ബൗളിങില്‍ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

നേരത്തേ ഇതേ മൈതാനത്തു നടന്ന രണ്ടാം ടെസ്റ്റിലും റിങ്കുവിനു അക്കൗണ്ട് തുറക്കാന്‍ സാധിച്ചിരുന്നില്ല. സമനിലയില്‍ കലാശിച്ച ഈ കളിയില്‍ ഇന്ത്യക്കു വേണ്ടി ആദ്യ ഇന്നിങ്‌സില്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത റിങ്കു ഡെക്കാവുകയായിരുന്നു. നേരിട്ട നാലാമത്തെ ബോളിലാണ് അദ്ദേഹം മടങ്ങിയത്. ബ്രൈഡന്‍ കാഴ്‌സെയുടെ ബൗളിങില്‍ മൗസ്ലിയാണ് റിങ്കുവിന്റെ ക്യാച്ചെടുത്തത്. കളിയില്‍ ഇന്ത്യന്‍ എ ടീം രണ്ടാമതു ബാറ്റ് ചെയ്യാത്തതിനാല്‍ തന്നെ റിങ്കുവിനു രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയതുമില്ല.
രണ്ടാം ടെസ്റ്റിലെ ഡെക്കിനു മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ വലിയൊരു ഇന്നിങ്‌സുമായി റിങ്കു പ്രായശ്ചിത്തം ചെയ്യുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം വന്നതു പോലെ തന്നെ മടങ്ങുകയും ചെയ്തു. ഈ പ്രകടനത്തോടെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു ടെസ്റ്റില്‍ റിങ്കു ഉടനെയൊന്നും വിളി പ്രതീക്ഷിക്കുകയും ചെയ്യേണ്ടതില്ലെന്ന് ഉറപ്പിക്കാം.
ദേശീയ ടീമിനോടൊപ്പം റിങ്കുവിനെ അവസാനമായി കണ്ടത് കഴിഞ്ഞ മാസം അഫ്ഗാനിസ്താനെതിരേ നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പരയിലായിരുന്നു. ഇന്ത്യ പരമ്പര തൂത്തുവാരിയപ്പോള്‍ ഇടിവെട്ട് ഫിഫ്റ്റിയടക്കം നേടിയ റിങ്കു മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ഈ പരമ്പയിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലും റിങ്കു തന്റെ സ്ഥാനമുറപ്പിച്ചിരുന്നു.

ഈ പരമ്പരയ്ക്കു ശേഷമാണ് ഇംഗ്ലണ്ട് ലയണ്‍സുമായുള്ള അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ രണ്ടു മല്‍സരങ്ങളിലേക്കു റിങ്കുവിനു വിളിയുമെത്തിയത്. പക്ഷെ ബാറ്റ് ചെയ്യാന്‍ ലഭിച്ച രണ്ടു അവസരങ്ങളും ഡെക്കുകളുമായി അദ്ദേഹം പാഴാക്കിയിരിക്കുകയാണ്. ഇനി ഇന്ത്യന്‍ എ ടീമിനു രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അതു നന്നായി മുതലാക്കാന്‍ തന്നെയായിരിക്കു റിങ്കുവിന്റെ ശ്രമം.
ഇംഗ്ലണ്ട് ലയണ്‍സിനെതിരേ വലിയ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യന്‍ എ ടീമിനു ഒന്നാമിന്നിങ്‌സില്‍ നേരിട്ടിരിക്കുന്നത്. അഭിമന്യു ഈശ്വരന്‍ നയിച്ച ഇന്ത്യ വെറും 192 റണ്‍സിനു ആദ്യ ഇന്നിങ്‌സില്‍ പുറത്തായി. ദേവ്ദത്ത് പടിക്കല്‍ (65), സാരാന്‍ഷ് ജെയ്ന്‍ (64) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യന്‍ എ ടീമിന്റ മാനംകാത്തത്. തിലക് വര്‍മ 22 റണ്‍സും നേടി.
അതേസമയം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡാണ് റിങ്കുവിനുള്ളത്. ഉത്തര്‍ പ്രദേശിനു വേണ്ടി 45 മല്‍സരങ്ങളില്‍ നിന്നും 56.52 ശരാശരിയില്‍ 3109 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏഴു സെഞ്ച്വറികളും 20 ഫിഫ്റ്റികളുമടക്കമാണിത്. റിങ്കുവിന്റെ ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 163 റണ്‍സുമാണ്.