ഐപിഎല്ലിന്റെ കണ്ടെത്തലുകളിലൊന്നായ യുവ മധ്യനിര ബാറ്റര്‍ റിങ്കു സിങിനെ വാനോളം പുകഴ്ത്തിയിരിക്കുയാണ് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പറും മുഖ്യ സെലക്ടറുമായ കിരണ്‍ മോറെ. അയര്‍ലാന്‍ഡിനെതിരേ കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നടന്ന ആദ്യ ടി20 മല്‍സരത്തിലൂടെ റിങ്കു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴ കാരണം ഇന്ത്യക്കു ബാറ്റ് ചെയ്യാന്‍ അധികം ഓവറുകള്‍ ലഭിക്കാതെ പോയതിനാല്‍ റിങ്കുവിന്റെ പ്രകടനം ആരാധകര്‍ മിസ് ചെയ്തിരുന്നു. എന്നാല്‍ ഫീല്‍ഡിങില്‍ ചടുലമായ ചില പ്രകടനങ്ങളിലൂടെ താരം തന്റെ സാന്നിധ്യമറിയിച്ചിരുന്നു. ജിയോ സിനിമയുടെ ഷോയില്‍ അതിഥിയായി വന്നപ്പോഴായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി മാറാനുള്ള കഴിവ് റിങ്കുവിനുണ്ടെന്നു മോറെ അഭിപ്രായപ്പെട്ടത്.

ഇന്ത്യന്‍ ടീമില്‍ റിങ്കു സിങിനു അവസരം ലഭിക്കുന്നതു കാണാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. അഞ്ച്, ആറ് ബാറ്റിങ് പൊസിഷനുകളില്‍ അവനു വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിക്കുമെന്നു ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
റിങ്കു സിങിനു ഭാവിയില്‍ ഇന്ത്യയുടെ മികച്ച ഫിനിഷറായി മാറാന്‍ കഴിയും. എംഎസ് ധോണിയെയും യുവരാജ് സിങിനെയുമെല്ലാം ഈ റോളില്‍ നമ്മള്‍ നേരത്തേ കണ്ടിട്ടുള്ളതാണ്. പക്ഷെ അവര്‍ക്കു ശേഷം പിന്നീട് നമുക്ക് അവരെപ്പോലെയുള്ള കളിക്കാരെ ലഭിച്ചതുമില്ല. ധോണിയെയും യുവിയെയും പോലെയുള്ള താരങ്ങളെ സൃഷ്ടിച്ചെടുക്കാന്‍ നമ്മള്‍ ശ്രമിച്ചിരുന്നെങ്കിലും അതു വിജയിക്കാതെ പോവുകയായിരുന്നു.
പക്ഷെ ഇപ്പോള്‍ റിങ്കുവിലൂടെ അടുത്ത ധോണിയോ, യുവരാജോ ആവാന്‍ സാധിക്കുന്ന ഒരാളെ നമുക്കു ലഭിച്ചിരിക്കുകയാണ്. റിങ്കുവിനെക്കൂടാതെ തിലക് വര്‍മയും ഇപ്പോള്‍ ടീമിലുണ്ട്. തിലകിനും ആ റോള്‍ വഹിക്കാന്‍ കഴിയും. റിങ്കു വളരെ മികച്ച ഫീല്‍ഡറും കൂടിയാണ്. ആഭ്യന്തര ക്രിക്കറ്റിലും അവന്റെ പ്രകടനം ഞാന്‍ നേരത്തേ കണ്ടിട്ടുള്ളതാണ്. റിങ്കു ഇപ്പോള്‍ ഒരുപാട് മെച്ചപ്പെട്ടതായി താന്‍ കരുതുന്നതായും കിരണ്‍ മോറെ വിശദമാക്കി.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഫിനിഷറുടെ റോളില്‍ റിങ്കു കസറിയിരുന്നു. അഞ്ച്, ആറ് പൊസിഷനുകളില്‍ ഇറങ്ങി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരവും അദ്ദേഹമായിരുന്നു. 13 ഇന്നിങ്‌സുകളില്‍ നിന്നും 145.45 സ്‌ട്രൈക്ക് റേറ്റോടെ റിങ്കുവിന്റെ സമ്പാദ്യം 416 റണ്‍സായിരുന്നു. മൂന്നു ഫിഫ്റ്റികള്‍ ഉള്‍പ്പെടെയായിരുന്നു ഇത്.

ഡെത്ത് ഓവറുകളില്‍ കുറഞ്ഞത് 75 ബോളുകളെങ്കിലും നേരിട്ട 12 താരങ്ങളെയെടുത്താല്‍ 186.67 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും റിങ്കുവിനുണ്ടായിരുന്നു. സണ്‍റൈസേഴ്‌സിന്റെ സൗത്താഫ്രിക്കന്‍ താരം ഹെന്‍ഡ്രിച്ച് ക്ലാസെന്‍ (187.36) മാത്രമേ സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ റിങ്കുവിനു മുന്നിലുണ്ടായിരുന്നുള്ളൂ.
കിരണ്‍ മോറെയുടെ അഭിപ്രായം ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ താരം അഭിഷേക് നായര്‍ ശരിവയ്ക്കുകയും ചെയ്തു. റിങ്കുവിനു ഇന്ത്യ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്നും അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലേക്കു ഫിനിഷറായി വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹാര്‍ദിക് പാണ്ഡ്യ ബാറ്ററുടെ റോളിലേക്കു മാറിക്കൊണ്ടിരിക്കുകയും ബാറ്റിങില്‍ മുന്‍നിരയില്‍ കളിക്കാനും തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ മല്‍സരം ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന ഒരാളെ ടീമിനു ആവശ്യമാണ്. അക്ഷര്‍ പട്ടേല്‍ അതു സാധിക്കുന്നയാളാണെങ്കലും റിങ്കു കുറേക്കൂടി നന്നായി ഈ റോള്‍ ഏറ്റെടുക്കും. ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും റണ്‍സ് അടിച്ചെടുത്തിട്ടുള്ളയാളാണ് അദ്ദേഹമെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.