മുംബൈ: യുവരാജ് സിംഗിനെ പോലെ 16 കോടിയൊന്നും വിലയുള്ള കളിക്കാരനല്ല ബറോഡക്കാരന്‍ ഹര്‍ദീക് പാണ്ഡ്യ. വെറും പത്തേ പത്ത് ലക്ഷത്തിനാണ് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ പിടിച്ചത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഈ 21കാരന്‍ ഓള്‍റൗണ്ടര്‍ പറത്തിയ മൂന്ന് സിക്‌സുകള്‍ക്ക് മുംബൈ ഇന്ത്യന്‍സ് വില പറഞ്ഞാല്‍ തീരില്ല. പ്ലേ ഓഫിലേക്ക് വരെ എത്താന്‍ വരെ മുംബൈയ്ക്ക് കരുത്ത് നല്‍കുന്നതാണ് പാണ്ഡ്യ 8 പന്തില്‍ അടിച്ച 21 റണ്‍സ്.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ജോണ്ടി റോഡ്‌സ് തുടങ്ങിയ മഹാരഥന്മാര്‍ അടങ്ങുന്ന മുംബൈ ഡഗ് ഔട്ടിനെ പോലും വിസ്മയിപ്പിച്ചു പാണ്ഡ്യയുടെ കൂറ്റനടികള്‍. പേടിയില്ലാത്ത പയ്യന്‍ എന്നാണ് മുംബൈയുടെ കോച്ച് റിക്കി പോണ്ടിംഗ് പാണ്ഡ്യയെ വിളിക്കുന്നത്. തീര്‍ച്ചയായും ഭാവിയുടെ താരമാണ് പാണ്ഡ്യ എന്നും പോണ്ടിംഗ് കരുതുന്നു. പരിശീലന സമയത്ത് പാണ്ഡ്യയുടെ കളി അടുത്തു കാണാനും പോണ്ടിംഗിന് കഴിയുന്നുണ്ട്.

പോണ്ടിംഗിന്റെ മാത്രമല്ല കമന്റേറ്റര്‍മാരുടെയും പ്രിയ താരമായിക്കഴിഞ്ഞു പാണ്ഡ്യ. ക്രീസില്‍ നിന്നും ഇറങ്ങാതെ പാണ്ഡ്യ അടിച്ച മൂന്ന് സിക്‌സറുകള്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയെയും വിസ്മയിപ്പിച്ചു. ജീവിതത്തില്‍ കളിക്കാന്‍ കിട്ടിയ ഏറ്റവും വലിയ അവസരം എന്നാണ് വിനയത്തോടെ പാണ്ഡ്യ ഐ പി എല്ലിനെ കുറിച്ച് പറയുന്നത്. ഹര്‍ഭജന് മുമ്പേ തന്നെ ഇറക്കിയതിന് ക്യാപ്റ്റനോടും പാണ്ഡ്യ നന്ദി പറയുന്നു.
മൂന്ന് ക്യാച്ചുകളും എടുത്ത പാണ്ഡ്യ കളിയിലെ മാന്‍ ഓഫ് ദ മാച്ചുമായി. ഒരോവര്‍ മാത്രമേ പാണ്ഡ്യ പന്തെറിഞ്ഞുള്ളൂ. നാല് റണ്‍സ് വിട്ടുകൊടുത്തു. ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ അവസാന ഓവറില്‍ ക്രീസിലെത്തിയ പാണ്ഡ്യ രണ്ട് കൂറ്റന്‍ സിക്‌സറുകള്‍ പറത്തിയിരുന്നു. മീഡിയം പേസ് ബൗളറായ പാണ്ഡ്യ 140 കിലോമീറ്റര്‍ വേഗത്തില്‍ വരെ പന്തെറിയാറുണ്ട്.