അഡിലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വിപ്പേടി. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 290 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഒന്നാമിന്നിംഗ്‌സിലേത് അടക്കം 363 റണ്‍സിന്റെ ലീഡ്. കളി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ജയിക്കാം എന്ന പ്രതീക്ഷയൊന്നും ഇന്ത്യയ്ക്ക് വേണ്ട. മറിച്ച് സമനിലയെങ്കിലും കിട്ടിയാല്‍ ഭാഗ്യം.
ഇന്ത്യയെ 444 ന് പുറത്താക്കി രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയ വളരെ വേഗം റണ്ണുയര്‍ത്തി. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയോടെ വാര്‍ണര്‍ ഓസീസ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചു. സ്മിത്ത് അര്‍ദ്ധസെഞ്ചുറി നേടി. മിച്ചല്‍ മാര്‍ഷ് കണ്ണടച്ച് തുറക്കുന്ന നേരത്തില്‍ 40 റണ്‍സടിച്ചു. ഇന്ത്യയ്്ക്ക് വേണ്ടി കരണ്‍ ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ ഇന്ത്യ പേടിക്കേണ്ട കാര്യമൊന്നുമില്ല എന്നതാണ് സത്യം. എന്നാല്‍ ഒന്നാമിന്നിംഗ്‌സില്‍ ഇന്ത്യയുടെ ബാറ്റിംഗ് കണ്ടവര്‍ പേടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ക്യാപ്റ്റന്‍ കോലി സെഞ്ചുറിയും മറ്റ് മൂന്ന് മുന്‍നിരക്കാര്‍ അര്‍ദ്ധസെഞ്ചുറിയും നേടിയിട്ടും ഇന്ത്യ 444 ല്‍ ഓളൗട്ടായി. അവസാനത്തെ അഞ്ച് വിക്കറ്റ് നാലാം ദിവസം രാവിലെ അനായാസമായി ഓസീസ് എറിഞ്ഞിട്ടു.
രണ്ടാമിന്നിംഗ്‌സില്‍ ഈ കളിയും കൊണ്ട് പോയാല്‍ ഇന്ത്യ രക്ഷപ്പെടില്ല എന്നത് മൂന്നരത്തരം. സാഹ 25, കരണ്‍ ശര്‍മ 4, ഷമി 34, ഇഷാന്ത് 0, ആരോണ്‍ 3 എന്നിങ്ങനെയാണ് അവസാനത്തെ അഞ്ചുപേര്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിന് സംഭാവന ചെയ്തത്. ഭുവനേശ്വര്‍ കുമാര്‍, ജഡേജ, അശ്വിന്‍ എന്നിവരില്ലാതെ കളിക്കുമ്പോള്‍ ഇന്ത്യയുടെ വാലറ്റം വളരെ ദുര്‍ബലം. ഇത് വെച്ച് ഒരു സമനില പൊരുതി നേടാം എന്ന് കരുതുകയേ വേണ്ട.