മൂന്നാമങ്കത്തില്‍ ഇന്ത്യ ജയിച്ചത് വെറുതെയല്ല... കാരണങ്ങളുണ്ട്, രണ്ടു വീക്ക്‌നെസുകളും മറികടന്നു
നോട്ടിങ്ഹാം: ആദ്യ രണ്ടു ടെസ്റ്റുകളിലും ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ടീം ഇന്ത്യക്കു ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നു ആരാധകര്‍ ഭയന്നിരുന്നു. കാരണം പൊരുതാന്‍ പോലുമാവാതെയായിരുന്നു ഇന്ത്യയുടെ കീഴടങ്ങല്‍. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ഉജ്ജ്വല തിരിച്ചുവരവാണ് ടീം ഇന്ത്യ നടത്തിയത്. കളിയുടെ സര്‍വ്വമേഖലയിലും ആതിഥേയരെ പിന്നിലാക്കിയ ഇന്ത്യ 203 റണ്‍സിന്റെ വമ്പന്‍ ജയമാണ് കൊയ്തത്. ഇതോടെ ഇന്ത്യ പരമ്പര 2-1 ആക്കുകയും ചെയ്തിരുന്നു.
ആദ്യ രണ്ടു ടെസ്റ്റുകളിലെയും വീക്ക്‌നെസുകള്‍ സമര്‍ഥമായി മറികടക്കാന്‍ ഇന്ത്യക്കു മൂന്നാമങ്കത്തില്‍ സാധിച്ചു. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിനു പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

സ്ലിപ്പ് ക്യാച്ചിങ് മെച്ചപ്പെടുത്തി
സ്ലിപ്പ് ക്യാച്ചിങിലെ ചില പിഴവുകള്‍ ആദ്യ രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യക്കു തിരിച്ചടിയായിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ സ്ലിപ്പ് ക്യാച്ചിങില്‍ ഇന്ത്യ ഒരു പിഴവ് പോലും വരുത്തിയില്ല. ലോകേഷ് രാഹുലിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. രണ്ടിന്നിങ്‌സുകളിലായി സ്ലിപ്പില്‍ ഏഴു ക്യാച്ചുകളാണ് താരമെടുത്തത്.
അരങ്ങേറ്റ ടെസ്റ്റ് കളിച്ച വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും മിന്നുന്ന പ്രകടനം നടത്തി. രാഹുലിനെപ്പോലെ തന്നെ പന്തും ഏഴു ക്യാച്ചുകളെടുത്തു. സ്ലിപ്പിലെ ഈ ക്യാച്ചിങ് മികവ് തന്നെയാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിച്ചത്.

ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി
ഓപ്പണര്‍മാര്‍ക്കു മികച്ച തുടക്കം നല്‍കാന്‍ കഴിയുന്നില്ലെന്നതായിരുന്നു ആദ്യ രണ്ടു ടെസ്റ്റുകളിലും ഇന്ത്യയെ അലട്ടിയ പ്രധാന പ്രശ്‌നം. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ഈ വീക്ക്‌നെസും ഇന്ത്യ മറികടന്നു. പുതിയ ഓപ്പണിങ് സഖ്യമായ ശിഖര്‍ ധവാനും ലോകേഷ് രാഹുലും രണ്ടിന്നിങ്‌സുകളിലും ആദ്യ വിക്കറ്റില്‍ 50ല്‍ കൂടുതല്‍ റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.
മികച്ച രീതിയില്‍ തുടങ്ങിയ രണ്ടു ഓപ്പണര്‍മാര്‍ക്കും ഇവ വലിയ സ്‌കോറിലേക്കു മാറ്റാന്‍ കഴിഞ്ഞില്ലെന്നതു മാത്രമാണ് ഇന്ത്യയെ നിരാശപ്പെടുത്തുന്ന ഏക ഘടകം.

കംപ്ലീറ്റ് ടീം പെര്‍ഫോമന്‍സ്
ഒരു താരത്തെ മാത്രം ആശ്രയിച്ചല്ല മൂന്നാം ടെസ്റ്റിലെ ഇന്ത്യന്‍ വിജയമെന്നതാണ് ശ്രദ്ധേയം. ആദ്യ ടെസ്റ്റില്‍ ക്യാപ്റ്റന്‍ കോലി ബാറ്റിങില്‍ വണ്‍മാന്‍ ഷോ നടത്തിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ കോലി പതിവുപോലെ ബാറ്റിങില്‍ ടീമിന്റെ നട്ടെല്ലായപ്പോള്‍ മറ്റുള്ളവരില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചു. ഇതാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്.
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും സ്ലിപ്പിലെ ക്യാച്ചിങിലുമെല്ലാം ഇന്ത്യ മിന്നുന്ന പ്രകടനം തന്നെ നടത്തി. ഇവയെല്ലാം കൂടി പരിഗണിക്കുമ്പോള്‍ ടീമെന്ന നിലയില്‍ കംപ്ലീറ്റ് പെര്‍ഫോമന്‍സാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications