'2021ലെ ടി20 ലോകകപ്പില്‍ അവനെ ഇന്ത്യ മിസ് ചെയ്തു', സൂപ്പര്‍ താരത്തെക്കുറിച്ച് രവി ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ഇത്തവണത്തെ ഐപിഎല്ലിന് വലിയ പ്രാധാന്യമാണുള്ളത്. മികവ് കാട്ടുന്ന താരങ്ങള്‍ക്ക് ദേശീയ ടീമില്‍ ഇടം പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്. നിലവില്‍ ടീമിന് പുറത്തുള്ള താരങ്ങള്‍ക്ക് സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രകടനം കാഴ്ചവെക്കാനുള്ള അവസരവും മുന്നിലുണ്ട്.
ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. 2021ലെ ടി20 ലോകകപ്പില്‍ നിലം തൊടാനാവാതെ പോയ ഇന്ത്യക്ക് ഒക്ടോബറില്‍ ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. വലിയ മാറ്റങ്ങളോടെയാണ് ഇന്ത്യ വരാനിരിക്കുന്ന ലോകകപ്പിലിറങ്ങുക. പരിശീലകസ്ഥാനത്ത് രവി ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡും നായകസ്ഥാനത്ത് വിരാട് കോലിക്ക് പകരം രോഹിത് ശര്‍മയുമാണുള്ളത്.

ഇന്ത്യക്ക് പ്രതീക്ഷ നല്‍കി പല താരങ്ങളും തകര്‍പ്പന്‍ പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യ മിസ് ചെയ്ത താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് 2021ലെ ലോകകപ്പില്‍ ഇന്ത്യയുടെ പരിശീലകനായിരുന്ന രവി ശാസ്ത്രി. അത് മറ്റാരുമല്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇടം കൈയന്‍ പേസര്‍ ടി നടരാജനാണ്. 2020ലെ ഐപിഎല്ലിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ നടരാജന്‍ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

2021ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ച താരമായിരുന്നു നടരാജനെങ്കിലും പരിക്കാണ് അദ്ദേഹത്തിന് വില്ലനായത്. ഇതോടെ നടരാജന് ടീമില്‍ ഇടം ലഭിക്കാതെ പോയി. 'ടി നടരാജന്റെ ഇത്തവണത്തെ പ്രകടനം കാണുമ്പോള്‍ വളരെ സന്തോഷം. 2021ലെ ടി20 ലോകകപ്പില്‍ അവനെ നന്നായി മിസ് ചെയ്തു. അവന്‍ ഫിറ്റായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെയാണ് അവന് പരിക്കേറ്റത്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണവന്‍. യോര്‍ക്കറുകളെറിയാന്‍ സ്വാഭാവിക പ്രതിഭയുള്ളവനാണവന്‍. പന്തില്‍ മികച്ച നിയന്ത്രണമുണ്ട്. ബാറ്റിലേക്കെത്തുമ്പോള്‍ പ്രതീക്ഷിക്കുന്നതിലും വേഗം നടരാജന്റെ പന്തിലുണ്ടാവും. അത് അവന്റെ സവിശേഷതയാണ്'-ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കവെ രവി ശാസ്ത്രി പറഞ്ഞു.

ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഈ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നടരാജന്‍ ഇടം പിടിച്ചേക്കും. ഡെത്ത് ഓവറില്‍ നന്നായി പന്തെറിയാനുള്ള മികവാണ് നടരാജനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. യോര്‍ക്കറുകള്‍ അനായാസമായി എറിയാന്‍ താരത്തിന് മികവുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ മറ്റൊരു ഇടം കൈയന്‍ പേസറില്ലെന്നതും നടരാജന്റെ മടങ്ങിവരവ് എളുപ്പമാക്കും.

ഓസ്‌ട്രേലിയയില്‍ ടി20, ഏകദിന പരമ്പര കളിച്ചപ്പോള്‍ മികച്ച പ്രകടനം നടത്താന്‍ നടരാജനായിരുന്നു. പരമ്പരയില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെയടക്കം നടരാജന്‍ പുറത്താക്കിയിരുന്നു. എന്നാല്‍ മികച്ച പ്രകടനം തുടരുകയും പരിക്കേല്‍ക്കാതെ നോക്കേണ്ടതും വളരെ പ്രധാനപ്പെട്ടതാണ്. ഇടം കൈയന്‍ പേസര്‍ ടീമിന് അത്യാവശ്യമായതിനാല്‍ ഖലീല്‍ അഹമ്മദ്, നടരാജന്‍ എന്നിവരിലൊരാളെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. പ്രകടനം വിലയിരുത്തുമ്പോള്‍ ഡെത്ത് ഓവറിലെ മികവിന്റെ അടിസ്ഥാനത്തില്‍ നടരാജന് അല്‍പ്പം മുന്‍തൂക്കം ലഭിക്കും.

നടരാജന്‍ ഇന്ത്യന്‍ ടീമിലെ ഭാഗ്യ താരമാണെന്നും രവി ശാസ്ത്രി പറഞ്ഞു. 'നടരാജനെ ഞാന്‍ ടീമിലേക്ക് പരിഗണിച്ച മത്സരങ്ങളൊന്നും ഇന്ത്യ തോറ്റിട്ടില്ല. ടി20യിലെ അവന്റെ അരങ്ങേറ്റ മത്സരം ഇന്ത്യ ജയിച്ചു. ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തിലും ഇന്ത്യ ജയിച്ചു. നെറ്റ്ബൗളറായി വന്നാണ് അവന്‍ എല്ലാ ഫോര്‍മാറ്റിലും അരങ്ങേറിയത്. ടീമിന്റെ ഭാഗ്യ താരമാണവന്‍' -രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ന് ദ്രാവിഡും രോഹിത്തും ചേര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതുകൊണ്ട് തന്നെ ലോകകപ്പിലെ പദ്ധതികള്‍ എങ്ങനെയാവുമെന്നത് കാത്തിരുന്ന് തന്നെ കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications