For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

RCB vs MI: പതിവ് തെറ്റിച്ചില്ല, തോറ്റ് തുടങ്ങി മുംബൈ, ആര്‍സിബിക്ക് വമ്പന്‍ ജയം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരത്തിലെ പതിവ് മുംബൈ ഇന്ത്യന്‍സ് തെറ്റിച്ചില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിനോട് എട്ട് വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് മുംബൈ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബി 16.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രോഹിത് ശര്‍മയേയും സംഘത്തേയും തറപറ്റിക്കുകയായിരുന്നു.

ഫഫ് ഡുപ്ലെസിസിന്റെയും (73) വിരാട് കോലിയുടെയും (82*) തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ആര്‍സിബിക്ക് ഗംഭീര ജയമൊരുക്കിയത്. തട്ടകത്തില്‍ ഇരുവരും നിറഞ്ഞാടിയതോടെ മുംബൈ ബൗളര്‍മാര്‍ക്ക് ഉത്തരമില്ലാതെയായി. ജസ്പ്രീത് ബുംറയുടെ അഭാവം മുംബൈ ബൗളിങ് നിരയില്‍ നിറഞ്ഞുനിന്നു. വലിയ പ്രതീക്ഷവെച്ച ജോഫ്രാ ആര്‍ച്ചര്‍ക്ക് കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനായില്ല. 43 പന്തില്‍ അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 73 റണ്‍സ് നേടിയ ഡുപ്ലെസിസിനെ യുവതാരം അര്‍ഷാദ് ഖാനാണ് പുറത്താക്കിയത്.

virat kohli, faf du plessis

ഒന്നാം വിക്കറ്റില്‍ 148 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ആര്‍സിബി നായകന്റെ മടക്കം. മൂന്നാം നമ്പറിലെത്തിയ ദിനേഷ് കാര്‍ത്തിക് മൂന്ന് പന്തില്‍ അക്കൗണ്ട് തുറക്കാതെ മടങ്ങി. കാമറൂണ്‍ ഗ്രീനിനാണ് വിക്കറ്റ്. പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ് വെല്ലിനെ (3 പന്തില്‍ 12*) കൂട്ടുപിടിച്ച് കോലി ടീമിനെ വിജയത്തിലേക്കെത്തിച്ചു. 49 പന്തില്‍ 6 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് കോലിയുടെ 82* റണ്‍സ് പ്രകടനം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഇഷാന്‍ കിഷനും രോഹിത് ശര്‍മയും ഓപ്പണിങ്ങില്‍ റണ്‍സുയര്‍ത്താനാവാതെ വിറച്ചു. ആദ്യം ഇഷാന്‍ കിഷനെയാണ് (13 പന്തില്‍ 10) മുംബൈക്ക് നഷ്ടമായത്. രണ്ട് ബൗണ്ടറി നേടിയെങ്കിലും പവര്‍പ്ലേയിലെ ബാറ്റിങ് എന്ന നിലയില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു ഇഷാന്റെ പ്രകടനം. ടീമിനെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്നതായിരുന്നു താരത്തിന്റെ പുറത്താകല്‍.

മുഹമ്മദ് സിറാജാണ് ഇഷാനെ മടക്കിയത്. മൂന്നാമനായെത്തിയ കാമറൂണ്‍ ഗ്രീനും (4 പന്തില്‍ 5) പെട്ടെന്ന് പുറത്തായതോടെ മുംബൈ പതറി. രോഹിത് ശര്‍മയും സമ്മര്‍ദ്ദത്തിലായതോടെ പവര്‍പ്ലേയില്‍ റണ്‍റേറ്റ് ഉയര്‍ത്താനായില്ല. മുഹമ്മദ് സിറാജിന്റെ പന്തില്‍ ഒരു തവണ ലൈഫ് കിട്ടിയിട്ടും രോഹിത്തിനത് മുതലാക്കാനായില്ല. 10 പന്തില്‍ 1 റണ്‍സ് മാത്രമെടുത്ത രോഹിത്തിനെ യുവതാരം ആകാശ് ദീപ് വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന്റെ കൈയിലെത്തിച്ചു.

tilak varma

അവസാന 15 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി പോലുമില്ലാതെ രോഹിത് നാണംകെട്ട പ്രകടനം തുടരുകയാണ്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3 വിക്കറ്റിന് 29 എന്ന തകര്‍ന്ന നിലയിലായിരുന്നു മുംബൈ. അല്‍പ്പ സമയം ചെറുത്തുനിന്ന ശേഷം സൂര്യകുമാര്‍ യാദവും മടങ്ങി. മോശം ഫോമിലുള്ള സൂര്യ 16 പന്തില്‍ 1 ബൗണ്ടറിയടക്കം 15 റണ്‍സാണ് നേടിയത്. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട മുംബൈയെ ഒറ്റക്ക് തോളിലേറ്റിയത് തിലക് വര്‍മയാണ്.

അഞ്ചാം വിക്കറ്റില്‍ നേഹല്‍ വധീരയും തിലകും ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 13 പന്തില്‍ 21 റണ്‍സുമായി നേഹല്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. കരണ്‍ ശര്‍മയെ തുടര്‍ച്ചയായി മൂന്നാമത്തെ സിക്‌സിന് ശ്രമിച്ചാണ് താരം മടങ്ങിയത്. വമ്പന്‍ പ്രതീക്ഷവെച്ച ടിം ഡേവിഡ് (7പന്തില്‍ 4) കരണ്‍ ശര്‍മക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. ഹൃതിക് ഷൊക്കീനും (3 പന്തില്‍ 5) കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല്‍ ഒരുവശത്ത് തിലക് റണ്‍സുയര്‍ത്തി.

mohammed siraj

46 പന്തില്‍ 9 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 84* റണ്‍സുമായി തിലക് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. 120ലൊതുങ്ങുമെന്ന് തോന്നിച്ച മുംബൈ ഇന്ത്യന്‍സിനെ 171 എന്ന നിലയിലേക്കെത്തിക്കാന്‍ തിലകിനായി. അര്‍ഷാദ് ഖാന്‍ (9 പന്തില്‍ 15*) നിര്‍ണ്ണായക റണ്‍സുമായി പുറത്താവാതെ നിന്നു. ആര്‍സിബിക്കായി കരണ്‍ ശര്‍മ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ്, റീസെ ടോപ്ലി, ആകാശ് ദീപ്, ഹര്‍ഷല്‍ പട്ടേല്‍, മിച്ചല്‍ ബ്രാസ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

പ്ലേയിങ് 11: മുംബൈ ഇന്ത്യന്‍സ് - രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, നേഹല്‍ വധീര, അര്‍ഷാദ് ഖാന്‍, പീയൂഷ് ചൗള, ഹൃതിക് ഷൊക്കീന്‍, ജോഫ്ര ആര്‍ച്ചര്‍

ആര്‍സിബി- ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, മിച്ചല്‍ ബ്രാസ്വെല്‍, ഗ്ലെന്‍ മാക്‌സ് വെല്‍, ഷഹബാസ് അഹമ്മദ്, ദിനേഷ് കാര്‍ത്തിക്, ഹര്‍ഷല്‍ പട്ടേല്‍, ആകാശ് ദീപ്, റീസെ ടോപ്ലി, മുഹമ്മദ് സിറാജ്, കരണ്‍ ശര്‍മ

Story first published: Sunday, April 2, 2023, 14:09 [IST]
Other articles published on Apr 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+