IPL 2026: കളി ജയിക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല, സൺറൈസേഴ്സ് പക്വതയില്ലാത്ത ടീം! തുറന്നടിച്ച് അശ്വിൻ
സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്റർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസ് തകർപ്പൻ വിജയം നേടിയതിന് പിന്നാലെ, ഹൈദരാബാദിന്റെ ബാറ്റിംഗ് നിരയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ആർ. അശ്വിൻ രംഗത്ത്. ഹൈദരാബാദ് ബാറ്റർമാർക്ക് യാതൊരുവിധ ഗെയിം അവബോധവുമില്ലെന്നും അവരുടെ പക്വതയില്ലായ്മയാണ് തോൽവിക്ക് കാരണമായതെന്നും അശ്വിൻ തുറന്നടിച്ചു.
പവർപ്ലേയിലെ ആധിപത്യം കളഞ്ഞുതൂകി!
മത്സരത്തിന്റെ തുടക്കത്തിൽ സൺറൈസേഴ്‌സിന് വലിയ മേധാവിത്തം ഉണ്ടായിരുന്നുവെന്നും എന്നാൽ അനാവശ്യ ഷോട്ടുകളിലൂടെ അവർ അത് നശിപ്പിച്ചുവെന്നും അശ്വിൻ ചൂണ്ടിക്കാണിച്ചു.

"സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിംഗ് നിര തികച്ചും പക്വതയില്ലാത്തതാണ്. അവർക്ക് കളിയുടെ സാഹചര്യങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ല. പവർപ്ലേ ഓവറുകളിൽ രാജസ്ഥാൻ റോയൽസിനേക്കാൾ ഏറെ മുന്നിലായിരുന്നു അവർ. വെറും 3 ഓവറിൽ തന്നെ അവർ 50 റൺസ് അടിച്ചുകൂട്ടിയിരുന്നു. വൺ ഡൗൺ ഇറങ്ങിയ ഇഷാൻ കിഷൻ നേരിട്ട ആദ്യ 4 പന്തിൽ നിന്ന് തന്നെ 16 റൺസ് നേടി മികച്ച ഫോമിലായിരുന്നു. എന്നിട്ടും പെട്ടന്ന് തന്നെ അനാവശ്യമായി ഒരു ലോഫ്റ്റഡ് ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളഞ്ഞു കുളിക്കുകയാണ് അവൻ ചെയ്തത്."
ഈ സീസണിൽ ഉടനീളം നിരാശപ്പെടുത്തിയ ഓപ്പണർ ട്രാവിസ് ഹെഡിന്റെ ഫോമിനെയും അശ്വിൻ വിമർശിച്ചു. ഹെഡ് ഈ സീസണിൽ പൂർണ്ണ പരാജയമായിരുന്നു എന്നാണ് അശ്വിൻ വിലയിരുത്തിയത്.
നിതീഷ് റെഡ്ഡി പുറത്തായതോടെ കളി കൈവിട്ടു
മത്സരത്തിന്റെ മധ്യ ഓവറുകളിൽ ഹൈദരാബാദിന് ജയിക്കാൻ കൃത്യമായ അവസരമുണ്ടായിരുന്നുവെന്നും എന്നാൽ അവർ അത് ഉപയോഗിച്ചില്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
"മത്സരത്തിന്റെ 13-ാം ഓവർ വരെ നിതീഷ് കുമാർ റെഡ്ഡി ക്രീസിലുണ്ടായിരുന്നു, അതുവരെ സൺറൈസേഴ്‌സ് കൃത്യമായി മത്സരത്തിലുണ്ടായിരുന്നു. ആ ഘട്ടത്തിൽ അവർക്ക് ജയിക്കാൻ ഓവറിൽ ഏകദേശം 11 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. ആധുനിക ടി20 ക്രിക്കറ്റിൽ അത് എളുപ്പത്തിൽ മറികടക്കാവുന്ന ഒരു ടാർഗെറ്റ് മാത്രമായിരുന്നു. പക്ഷേ, അവിടെയും കൃത്യമായ ഗെയിം പ്ലാൻ കാണിക്കാൻ അവർക്ക് കഴിഞ്ഞില്ല. ആവശ്യമായ സമയത്ത് ശരിയായ കളി അവബോധം പുറത്തെടുക്കുന്നതിൽ അവർ പൂർണ്ണമായി പരാജയപ്പെട്ടു."
മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വൈഭവ് സൂര്യവംശിയുടെ (97) റൺവേട്ടയ്ക്കും ധ്രുവ് ജുറെലിന്റെ തകർപ്പൻ അർദ്ധസെഞ്ച്വറിക്കും (21 പന്തിൽ 50) പിന്നാലെ രാജസ്ഥാൻ റോയൽസ് അവരുടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്ലേ ഓഫ് സ്കോറായ 243/8 പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ 244 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് തുടക്കം മുതലേ പിഴച്ചു. ജോഫ്ര ആർച്ചറിന്റെ മാരക ബൗളിംഗിന് മുന്നിൽ (3/58) മുൻനിര തകർന്നപ്പോൾ നിതീഷ് കുമാർ റെഡ്ഡിയും (38) സലിൽ അറോറയും ചേർന്ന് കുറച്ചുനേരം പൊരുതിയെങ്കിലും 19.2 ഓവറിൽ 196 റൺസിന് ഹൈദരാബാദ് ഓൾഔട്ടായി. 47 റൺസിന്റെ വമ്പൻ ജയം നേടിയ രാജസ്ഥാൻ റോയൽസ് ക്വാളിഫയർ 2-ലേക്ക് യോഗ്യത നേടിയപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദ് ടൂർണമെന്റിൽ നിന്നും പുറത്തായി.
ഹൈദരാബാദിന്റെ അതിവേഗ ബാറ്റിംഗ് ശൈലി വലിയ പുകഴ്ത്തലുകൾ നേടുന്നുണ്ടെങ്കിലും, സമ്മർദ്ദ ഘട്ടങ്ങളിൽ ഇന്നിങ്സ് എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നറിയാതെ അവർ പതറുന്നു എന്ന യാഥാർത്ഥ്യമാണ് അശ്വിന്റെ ഈ പ്രസ്താവനയിലൂടെ വീണ്ടും ചർച്ചയാകുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications