ഐപിഎല്ലിൽ ഓരോ സീസണിലും ഏറ്റവും കൃത്യമായ പ്ലാനിംഗോടെ എത്തുന്ന ടീമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. എന്നാൽ 2026 സീസണിൽ ഋതുരാജ് ഗെയ്‌ക്‌വാദിന് കീഴിൽ കിരീടം നേടാൻ ഇറങ്ങിയ ചെന്നൈയെ പരിക്കുകൾ വേട്ടയാടുകയാണ്. ടീമിലെ ഓരോ താരങ്ങളും ഒന്നിനുപുറകെ ഒന്നായി പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്താകുന്ന സാഹചര്യത്തിൽ, സിഎസ്കെ മെഡിക്കൽ ടീമിനെ മാറ്റുന്നതിനെക്കുറിച്ച് മാനേജ്‌മെന്റ് ഗൗരവമായി ചിന്തിക്കണമെന്ന് രവിചന്ദ്രൻ അശ്വിൻ ആവശ്യപ്പെട്ടു.
അശ്വിന്റെ രൂക്ഷ വിമർശനം
തന്റെ യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് അശ്വിൻ ചെന്നൈയുടെ നിലവിലെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തിയത്. "ചെന്നൈ സൂപ്പർ കിംഗ്‌സ് മാനേജ്‌മെന്റ് അവരുടെ മെഡിക്കൽ ടീമിനെ മാറ്റുന്നതിനെക്കുറിച്ച് ഇത്തവണ ഗൗരവമായി ആലോചിക്കണം. ഓരോ ദിവസവും ഓരോ കളിക്കാർ വീതം പരിക്കേറ്റ് പുറത്താകുന്നത് അവിശ്വസനീയമാണ്. ഇത് ടീമിന്റെ ടോപ്പ് ഫോർ (Top 4) സാധ്യതകളെ സാരമായി ബാധിക്കുന്നുണ്ട്. പ്ലേ ഓഫ് ഉറപ്പിക്കാൻ മികച്ച താരങ്ങൾ മൈതാനത്ത് വേണം, അല്ലാതെ ഹോസ്പിറ്റലിലല്ല," അശ്വിൻ തുറന്നടിച്ചു.

ജാമി ഓവർട്ടന്റെ അപ്രതീക്ഷിത വിടവാങ്ങൽ
ടീമിന് വലിയ മുതൽക്കൂട്ടാകുമെന്ന് കരുതിയ ഇംഗ്ലീഷ് ഓൾറൗണ്ടർ ജാമി ഓവർട്ടന്റെ മടക്കമാണ് അശ്വിനെ കൂടുതൽ ചൊടിപ്പിച്ചത്. "ജാമി ഓവർട്ടൻ സിഎസ്കെയുടെ പ്ലാനുകളിൽ എത്രത്തോളം പ്രധാനപ്പെട്ട താരമായിരുന്നു എന്ന് നമുക്കറിയാം. ലഖ്‌നൗവിനെതിരായ മത്സരത്തിനായി ടീമിനൊപ്പം യാത്ര ചെയ്ത താരം പെട്ടെന്ന് പരിക്കേറ്റ് ചികിത്സയ്ക്കായി യുകെയിലേക്ക് മടങ്ങി എന്ന് കേൾക്കുന്നത് നിരാശാജനകമാണ്. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലാകുന്നില്ല. താരങ്ങളുടെ ഫിറ്റ്‌നസ് കാര്യത്തിൽ കൃത്യമായ നിരീക്ഷണം നടക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു," അദ്ദേഹം പറഞ്ഞു.
മാനേജ്‌മെന്റിന് മുന്നിലുള്ള പോംവഴി
സിഎസ്കെ മാനേജ്‌മെന്റ് അടിയന്തരമായി മെഡിക്കൽ സ്റ്റാഫുമായി സംസാരിക്കണമെന്നും പരിക്കുകൾ ഒഴിവാക്കാൻ ആവശ്യമായ മികച്ച സൗകര്യങ്ങളും പിന്തുണയും താരങ്ങൾക്ക് നൽകണമെന്നും അശ്വിൻ നിർദ്ദേശിച്ചു. മികച്ച ഫിസിയോ തെറാപ്പിസ്റ്റുകളെയും ഡോക്ടർമാരെയും ഉൾപ്പെടുത്തി മെഡിക്കൽ ടീമിനെ പുനഃസംഘടിപ്പിക്കുകയോ അല്ലെങ്കിൽ നിലവിലെ സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയോ വേണം.
പഞ്ചാബ് കിംഗ്‌സിനെതിരെ സുബ്രഹ്മണ്യം ബദരീനാഥ് ഉയർത്തിയ ഫീൽഡിംഗ് വിമർശനങ്ങൾക്കിടയിൽ, ചെന്നൈ നേരിടുന്ന ഈ മെഡിക്കൽ പ്രതിസന്ധി ആരാധകരെയും ആശങ്കയിലാഴ്ത്തുന്നു. ഋതുരാജിന്റെ നായകത്വത്തിലും സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവിലും ടീം മുന്നോട്ട് പോകുമ്പോഴും, ബെഞ്ച് സ്ട്രെങ്ത് കുറയുന്നത് വരാനിരിക്കുന്ന പ്ലേ ഓഫ് മത്സരങ്ങളിൽ ചെന്നൈയ്ക്ക് തിരിച്ചടിയായേക്കാം.
ഇപ്പോൾ 11 മത്സരങ്ങളിൽ നിന്നും 12 പോയിന്റുകളാണ് ചെന്നൈയുടെ സമ്പാദ്യം. തുടക്കത്തിൽ ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള എട്ടിൽ ആറും ജയിച്ചാണ് ചെന്നൈ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചത്. ടൂർണമെന്റിന്റെ തുടക്കം മുതലേ പരിക്ക് ചെന്നൈയെ വല്ലാതെ വേട്ടയാടിയിരുന്നു. എം.എസ് ധോണിയുടെ പരിക്ക് മുതൽ, നാഥൻ എല്ലിസിൽ തുടങ്ങി ഇപ്പോൾ ഒവേർട്ടണിൽ എത്തി നിൽക്കുന്ന പരിക്കിന്റെ മാരത്തോൺ ചെന്നൈയ്ക്ക് വലിയ തലവേദന തന്നെയാണ്.