രോഹിത്തിനെ ഒഴിവാക്കിയത് ശരിയല്ലെന്ന് രവി ശാസ്ത്രി, കോലിയുമായി സംസാരിച്ചിരുന്നു
പൂനെ: വിശാഖപട്ടണത്ത് ഓപ്പണറായി അരങ്ങേറ്റം നടത്തിയ രോഹിത് ശര്‍മ്മ വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്നത് ക്രിക്കറ്റ് ലോകം കണ്ടു. പരിമിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത് കേമനായിരിക്കും, പക്ഷെ ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യനല്ലെന്നായിരുന്നു താരം ഇതുവരെ കേട്ട ആക്ഷേപം. എന്തായാലും ഈ പേരുദോഷം ഹിറ്റ്മാന്‍ മാറ്റി. ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തുടരെ രണ്ടു സെഞ്ചുറികളാണ് രോഹിത് കണ്ടെത്തിയത്. ഇതോടെ ദീര്‍ഘകാലം ഇന്ത്യയെ അലട്ടിയ ടെസ്റ്റ് ഓപ്പണര്‍ പദവിക്കും അറുതിയായി.

ഇപ്പോള്‍ രോഹിത് ശര്‍മ്മയില്‍ പൂര്‍ണ വിശ്വാസമുണ്ട് ടീം മാനേജ്‌മെന്റിന്. പരിശീലകന്‍ രവി ശാസ്ത്രിയ്ക്കാകട്ടെ താരത്തെ കുറിച്ച് പറയുമ്പോഴെല്ലാം നൂറു നാവാണ്.
പക്ഷെ കഴിഞ്ഞ കരീബിയന്‍ പര്യടനത്തില്‍ സൈഡ് ബെഞ്ചിലായിരുന്നു രോഹിത്തിന് സ്ഥാനം. അന്നു രോഹിത്തിനെ ഇറക്കാന്‍ വിരാട് കോലി കൂട്ടാക്കിയില്ല. പകരം ടെസ്റ്റ് പരമ്പരയില്‍ ഉടനീളം കെഎല്‍ രാഹുലിനെ ടീം പരീക്ഷിച്ചു; തുടരെ പരാജയപ്പെട്ടു.

രോഹിത്തിനെ പോലൊരു താരം സൈഡ് ബെഞ്ചിലിരിക്കുന്നത് കണ്ടുനില്‍ക്കാനാവില്ലെന്നാണ് സംഭവത്തില്‍ രവി ശാസ്ത്രിയുടെ പക്ഷം. ഇക്കാര്യം നായകന്‍ വിരാട് കോലിയോടും താന്‍ പറഞ്ഞിട്ടുള്ളതായി ശാസ്ത്രി വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഇന്നിങ്‌സുകള്‍ക്ക് രോഹിത് ശര്‍മ്മ തുടക്കമിടണമെന്നാണ് ആഗ്രഹിച്ചത്. പ്രതിഭയുള്ള താരങ്ങള്‍ സൈഡ് ബെഞ്ചിലിരിക്കുന്നത് അങ്ങേയറ്റം എതിര്‍ക്കുന്നു. രോഹിത്തിനെ ഓപ്പണറാക്കുന്നത് സംബന്ധിച്ച് അന്ന് വിരാട് കോലിയുമായും സംസാരിച്ചിരുന്നതായി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി പറഞ്ഞു.

വിശാഖപട്ടണം ടെസ്റ്റില്‍ കരുതലോടെ തുടങ്ങിയ രോഹിത് സ്വതസിദ്ധമായ ബാറ്റിങ് ശൈലിയിലേക്ക് പെട്ടെന്നു വന്നെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി.
നിശ്ചയദാര്‍ഢ്യമുള്ളൊരു മനസാണ് ടെസ്റ്റില്‍ ഇന്നിങ്‌സുകള്‍ ഓപ്പണ്‍ ചെയ്യാന്‍ പ്രധാനമായും വേണ്ടത്. പുതിയ പന്തിനെ ബഹുമാനിക്കാന്‍ ശ്രമിക്കണം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒട്ടേറെ താരങ്ങള്‍ക്ക് ടെസ്റ്റ് ഓപ്പണറാവാമായിരുന്നു. പക്ഷെ വിരലില്ലെണ്ണാവുന്നവര്‍ മാത്രമാണ് സ്വമേധയാ കടന്നുവന്നതെന്ന് ശാസ്ത്രി ഓർമ്മപ്പെടുത്തി.
ഫേവറിറ്റ് ഇന്ത്യന്‍ ഫീല്‍ഡറെ തിരഞ്ഞെടുത്ത് റോഡ്‌സ്... യുവിയും ജഡേജയുമല്ല, ഇപ്പോള്‍ ടീമിന് പുറത്ത്

ദീര്‍ഘകാലം ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറായിരുന്ന വിരേന്ദര്‍ സെവാഗിന്റെ മികവ് എടുത്തുപറയാനും ഇന്ത്യന്‍ പരിശീലകന്‍ തയ്യാറായി. ടെസ്റ്റ് ഓപ്പണര്‍ ചുമതല വീരേന്ദര്‍ സെവാഗിനെപോലെ ആസ്വദിച്ച മറ്റൊരു താരം തന്റെ അറിവിലില്ല. ടെസ്റ്റില്‍ 50 റണ്‍സിനോടടുത്ത് സെവാഗ് ബാറ്റിങ് ശരാശരി കുറിക്കുമെന്ന് ആരെങ്കിലും കരുതിയോ?, രവി ശാസ്ത്രി ചോദിച്ചു.
വ്യാഴാഴ്ച്ച ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരം പൂനെയില്‍ ആരംഭിക്കവെ എല്ലാ കണ്ണുകളും ഇന്ത്യയുടെ പുതിയ ഓപ്പണര്‍ --- രോഹിത് ശര്‍മ്മയിലാണ്. വിശാഖപട്ടണത്തെ മികവ് ആവര്‍ത്തിക്കാന്‍ താരത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ വിശാഖപട്ടണം ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായിരുന്നു രോഹിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications