
'മെല്‍ബണില്‍ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം വൈകുന്നേരമാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുന്നതായുള്ള റിപ്പോര്‍ട്ട് ലഭിച്ചത്. അതുവരെയുള്ള സാഹചര്യമായിരുന്നില്ല പിന്നീട്. എല്ലാവരും നിശബ്ദമായി. രവി ശാസ്ത്രി ടീം മീറ്റിങ് വിളിച്ചു. എല്ലാവരോടുമായി എംഎസ് ധോണി വിരമിക്കുന്നതായുള്ള കാര്യം അറിയിച്ചു. സുരേഷ് റെയ്‌ന കരയാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഞാന്‍ മറ്റൊരു ലോകത്തായിരുന്നു'- അക്ഷര്‍ പട്ടേല്‍ ബ്രേക് ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന യുട്യൂബ് ചാനലിലൂടെ പറഞ്ഞു.

2014ലെ മെല്‍ബണ്‍ ടെസ്റ്റിന് ശേഷമാണ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ 30നായിരുന്നു ഇത്. മത്സരം സമനിലയായതിന് പിന്നാലെയായിരുന്നു ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എല്ലാവരെയും ഞെട്ടിപ്പിക്കുന്ന അപ്രതീക്ഷിത തീരുമാനമായിരുന്നു ഇത്. ബിസിസി ഐയുടെ സന്ദേശം ലഭിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകരടക്കം ഞെട്ടി. അക്ഷര്‍ പട്ടേല്‍ അന്ന് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്നു. അന്ന് പ്ലേയിങ് 11ല്‍ ഇല്ലായിരുന്നെങ്കിലും ടീമിനൊപ്പം ഇടം കൈയന്‍ ഓള്‍റൗണ്ടറായി അക്ഷറുണ്ടായിരുന്നു. യുവതാരമായതിനാല്‍ത്തന്നെ അക്ഷറിനും ധോണിയുടെ തീരുമാനം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.

' ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം എത്തിയപ്പോള്‍ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. മഹി ഭായിക്കൊപ്പം ഞാന്‍ ആദ്യമായാണ് ടീം മീറ്റിങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുമ്പ് മഹി ഭായ് എന്നോട് പറഞ്ഞു 'നീ എത്തിയില്ലേ ഇനി ഞാന്‍ പടിയിറങ്ങട്ടെ'. എന്താണ് ഞാന്‍ ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ. ഞാന്‍ എത്തിയപ്പോഴേക്കും മഹി ഭായി പോകുന്ന അവസ്ഥ. ഞാന്‍ തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു'- അക്ഷര്‍ കൂട്ടിച്ചേര്‍ത്തു.
ധോണിയുടെ പരിമിത ഓവര്‍ വിരമിക്കല്‍ പ്രഖ്യാപനവും ഇങ്ങനെയായിരുന്നു. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ തോറ്റതോടെ ധോണി ടീമില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ടി20 ലോകകപ്പിലൂടെ ധോണി തിരികെയെത്തുമെന്ന് എല്ലാവരും കരുതിയെങ്കിലും കോവിഡിനെത്തുടര്‍ന്ന് ലോകകപ്പ് 2021ലേക്ക് നീണ്ടു. ഇതോടെയാണ് 2020 ആഗസ്റ്റ് 15ന് വൈകീട്ട 7.30 ഓടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. സിഎസ്‌കെയുടെ പരിശീലന ക്യാംപിന് ശേഷം സാമൂഹ്യ മാധ്യമത്തിലൂടെ ധോണി തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമിലേക്ക് നിരവധി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ധോണിക്ക് സാധിച്ചിരുന്നു. സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ തുടങ്ങിയ ഇന്നത്തെ പല സൂപ്പര്‍ താരങ്ങളേയും ഇന്ത്യന്‍ ടീമിലേക്ക് വളര്‍ത്തിയത് ധോണിയാണ്. ക്രിക്കറ്റിനെക്കുറിച്ച് വ്യക്തമായ ബോധ്യവും മത്സരത്തിന്റെ ഗതിയെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടും ധോണിക്കുണ്ടായിരുന്നു. ഇതൊക്കെയാണ് എംഎസ് ധോണിയെന്ന നായകനെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളായി നിലനിര്‍ത്തുന്നത്.


Click it and Unblock the Notifications
