ട്രാവിസ് ഹെഡിന്റെ ബാറ്റിൽ പന്ത് തട്ടിയിട്ടും അപ്പീൽ ചെയ്യാതിരുന്ന മുംബൈ ഇന്ത്യൻസ് താരങ്ങളുടെ നടപടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈയ്ക്കെതിരെ വെറും 30 പന്തുകളിൽ നിന്നും 76 റൺസാണ് ട്രാവിസ് അടിച്ച് കൂട്ടിയത്. ഇത്രയും വിലപ്പെട്ട വിക്കറ്റ് അശ്രദ്ധമായി വിട്ടുകളഞ്ഞ ഈ സംഭവത്തിൽ മുംബൈ താരങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് ആർ. അശ്വിൻ പ്രതികരിച്ചത്. മത്സരത്തിന്റെ വിധി മാറ്റിയ നിമിഷമായിരുന്നു അതെന്നും അശ്വിൻ നിരീക്ഷിച്ചു.
"മത്സരം തോൽപ്പിച്ചത് ആ അശ്രദ്ധ!"
ആഷ് കി ബാത്തിൽ അശ്വിൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്: "ട്രാവിസ് ഹെഡിന്റെ ആ എഡ്ജിനായി അവർ എന്തുകൊണ്ട് അപ്പീൽ ചെയ്തില്ല? കളിക്കാരെല്ലാം മൈതാനത്ത് ഉറങ്ങുകയായിരുന്നോ? ആ മത്സരത്തിലെ ഏറ്റവും വലിയ ഗെയിം-ചേഞ്ചിംഗ് നിമിഷമായിരുന്നു അത്. ട്രാവിസിന്റെ വിക്കറ്റ് അപ്പോൾ വീഴ്ത്തിയിരുന്നെങ്കിൽ, പവർപ്ലേ സ്കോർ വളരെ കുറയുമായിരുന്നു. മുംബൈ ഇന്ത്യൻസ് ഈ മത്സരം വിജയിക്കുമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്."

ആകാശ് അംബാനിയും രോഷത്തിൽ!
മത്സരത്തിനിടയിൽ സ്‌ക്രീനിൽ പന്ത് ബാറ്റിൽ തട്ടിയത് വ്യക്തമായി കാണിച്ചിട്ടും മുംബൈ താരങ്ങൾ അപ്പീൽ ചെയ്യാതിരുന്നത് ഉടമ ആകാശ് അംബാനിയെയും ചൊടിപ്പിച്ചിരുന്നു. അപ്പീൽ ചെയ്യാതിരുന്നതും പിന്നീട് ട്രാവിസ് ഹെഡിന്റെ രണ്ട് ക്യാച്ചുകൾ കൂടി കൈവിട്ടതും കണ്ട അംബാനി അതീവ നിരാശനായി ഗാലറിയിൽ എഴുന്നേറ്റു നിന്ന് തന്റെ രോഷം പ്രകടിപ്പിച്ചു.
ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിന് കീഴിൽ ടീമിന്റെ ഐക്യവും അച്ചടക്കവും തകരുകയാണെന്ന് അശ്വിനെപ്പോലുള്ളവർ നിരീക്ഷിച്ചതിന് പിന്നാലെ ഉടമ തന്നെ പരസ്യമായി രോഷം പ്രകടിപ്പിച്ചത് മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ വലിയ മാറ്റങ്ങൾ വരാനിരിക്കുന്നു എന്നതിന്റെ സൂചനയാണ്.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് റയാൻ റിക്കൽട്ടന്റെ അതിമനോഹര സെഞ്ച്വറിയുടെ പിൻബലത്തിൽ 243 എന്ന അത്യുഗ്രൻ ടോട്ടലിലേക്ക് എത്തുന്നു. തിരിച്ചുവരവ് നടത്തിയ വിൽ ജാക്സും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഹൈദരാബാദിനായി പ്രഫുൽ ഹിംഗെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഈശാൻ മലിംഗ വളരെ എക്കണോമിക്കലായി പന്തെറിയുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് അഭിഷേക് ശർമ്മയുടെയും ട്രാവിസ് ഹെഡിന്റെയും സഹായത്തോടെ വളരെ മികച്ച തുടക്കം നേടി. പവർ പ്ലേയിൽ തന്നെ സ്കോർ 90 കടന്നു. പിന്നീട് ക്രീസിലെത്തിയ ഹെൻറിച്ച് ക്ലാസൻ കൂടെ വെടിക്കെട്ട് പുറത്തെടുത്തതോടെ മത്സരം എളുപ്പത്തിൽ സൺറൈസേഴ്സിന്റെ വരുതിയിലായി. അവസാനം സലിൽ അറോറയുടെ വെടിക്കെട്ട് ഫിനിഷിങ് കൂടിയായപ്പോൾ 18.4 ഓവറിൽ ഹൈദരാബാദ് ലക്ഷ്യം കണ്ടു.
ഈ സീസണിലെ ഏറ്റവും അപകടകാരികളായ ബൗളർമാരുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. ജസ്പ്രിത് ബുംറയിൽ തുടങ്ങി ട്രെൻഡ് ബോൾട്ട്, ഹാർദിക് പാണ്ഡ്യ, അശ്വനി കുമാർ, അള്ളാ ഗസൻഫർ, മിച്ചൽ സാന്റ്നർ തുടങ്ങി മുംബൈയ്ക്ക് ഉപയോഗിക്കാൻ ഓപ്ഷനുകൾ ഏറെയാണ്. എങ്കിലും 244 പോലൊരു കൂറ്റൻ ടോട്ടൽ ഡിഫൻഡ് ചെയ്യാൻ അവർക്ക് സാധിക്കുന്നില്ല. 2026 ടി20 ലോകകപ്പ് വിജയികൾ നാലുപേരുള്ള ടീമായിരുന്നിട്ടും എന്തുകൊണ്ട് മുംബൈ ഇങ്ങനെ തരംതാണുപോയി എന്നത് പഠിക്കേണ്ട വിഷയം തന്നെയാണ്.