ഐപിഎല്ലിന്റെ 14ാം സീസണിലെ റണ്‍ വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും ആരൊക്കെ നേടുമെന്നു പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ ഇത്തവണ പര്‍പ്പിള്‍ ക്യാപ്പ് നേടുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സണ്‍റൈസേഴ്‌സിന്റെ തന്നെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍, മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരും പര്‍പ്പിള്‍ ക്യാപ്പിനായി റാഷിദിനൊപ്പം രംഗത്തുണ്ടാവുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

റാഷിദ് തന്നെ പര്‍പ്പിള്‍ ക്യാപ്പ് നേടുമെന്നാണ് എന്റെ അഭിപ്രായം. ഈ സീസണില്‍ അദ്ദേഹം കൂടുതല്‍ വിക്കറ്റുകളെടുക്കാനുള്ള സാധ്യത അധികമാണ്. ഫാസ്റ്റ് ബൗളര്‍മാരിലേക്കു വന്നാല്‍ ബുംറ, ഭുവനേശ്വര്‍ എന്നിവരെയാണ് സൂക്ഷിക്കേണ്ടതെന്നും ചോപ്ര പറഞ്ഞു. സണ്‍റൈസേഴ്‌സിനൊപ്പം റാഷിദിന്റെ ആദ്യത്തെ അഞ്ചു മല്‍സരങ്ങള്‍ ചെന്നൈയിലാണ്. തുടര്‍ന്നു അദ്ദേഹം നാലു കളികള്‍ ഡല്‍ഹിയില്‍ കളിക്കും. പ്രാഥമിക ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ റാഷിദ് ഒമ്പതും കളിക്കുന്നത് സ്പിന്‍ അനുകൂല വിക്കറ്റുകളിലാണ്. ലോട്ടറിയടിച്ച തോന്നലായിരിക്കും അദ്ദേഹത്തിനുണ്ടാവുക. ഓരോ കിയിലും രണ്ടോ, മൂന്നോ വിക്കറ്റുകള്‍ റാഷിദ് വീഴ്ത്തുമെന്നും ചോപ്ര വിലയിരുത്തി.
ഐപിഎല്‍ കരിയറില്‍ ഇതുവരെ പര്‍പ്പിള്‍ ക്യാപ്പ് നേടാന്‍ റാഷിദിന് ഭാഗ്യമുണ്ടായിട്ടില്ല. കഴിഞ്ഞ സീസണില്‍ 5.37 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 20 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. പക്ഷെ 30 വിക്കറ്റുകളുമായി ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയ്ക്കായിരുന്നു പര്‍പ്പിള്‍ ക്യാപ്പ്. റാഷിദിന്റെ കരിയറിലെ ഏറ്റവും മികച്ച ഐപിഎല്‍ സീസണ്‍ 2018ലേതായിരുന്നു. അന്നു 21 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.
അതേസമയം, ബാറ്റിങിലേക്കു വന്നാല്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി കൈക്കലാക്കുമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 670 റണ്‍സുമായി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലായിരുന്നു ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. എന്നാല്‍ ഇത്തവണ രാഹുല്‍ നേടില്ലെന്നു ചോപ്ര പറയുന്നു. മൂന്നു തവണ ഓറഞ്ച് ക്യാപ്പിന് അവകാശിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഇത്തവണ ലഭിക്കില്ലെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തേ ഒരു തവണയാണ് കോലി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയിട്ടുള്ളത്. 2016ലെ സീസണിലായിരുന്നു ഇത്. 16 മല്‍സരങ്ങളില്‍ നിന്നും നാലു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളുമടക്കം 81.08 ശരാശരിയില്‍ ആര്‍സിബി ക്യാപ്റ്റന്‍ വാരിക്കൂട്ടിയത് 973 റണ്‍സായിരുന്നു. ഇതു ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. മുമ്പൊരു സീസണിലും ഒരു താരവും ഐപിഎല്ലില്‍ ഇത്രയുമധികം റണ്‍സും സെഞ്ച്വറിയുമടിച്ചിട്ടില്ല. വരാനിരിക്കുന്ന സീസണില്‍ ആര്‍സിബിക്കായി ഓപ്പണറായാണ് കോലി ഇറങ്ങുന്നത്. കര്‍ണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി.