
ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ ഫിനിഷറുടെ പാതയിലേക്കാണ് താനെന്ന സൂചന നല്‍കി അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്റെ മാജിക്കല്‍ ഇന്നിങ്‌സ്. ഇംഗ്ലണ്ടില്‍ നടക്കുന്ന വിറ്റാലിറ്റി ബ്ലാസ്റ്റ് ടി20യില്‍ സസെക്‌സിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സ്. യോര്‍ക്ക്‌ഷെയറിനെതിരായ കളിയില്‍ തോല്‍വിയുടെ വക്കില്‍ നിന്നും റാഷിദ് ടീമിനു അവിസ്മരണീയ വിജയവും സമ്മാനിച്ചു. വെറും ഒമ്പത് ബോളില്‍ പുറത്താവാതെ 27 റണ്‍സാണ് താരം വാരിക്കൂട്ടിയത്. മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കായിരുന്നു ഇത്. സസെക്‌സ് അഞ്ചു വിക്കറ്റിനു ജയിച്ച കളിയില്‍ മാന്‍ ഓഫ് ദി മാച്ചായതും റാഷിദായിരുന്നു.
ഈ മല്‍സരത്തിലെ റാഷിദിന്റെ ഒരു സിക്‌സറിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. എക്കാലത്തെയും മികച്ച ഫിനിഷറെന്നു ലോകം വാഴ്ത്തുന്ന ഇന്ത്യയുടെ മുന്‍ ഇതിഹാസം എംഎസ് ധോണി പ്രതാപകാലത്തു കളിച്ചതിനു തുല്യമായ ഒരു ഹെലികോപ്റ്റര്‍ ഷോട്ടിലൂടെയായിരുന്നു റാഷിദ് സിക്‌സര്‍ പറത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സസെക്‌സിന്റെ റണ്‍ചേസില്‍ 18ാം ഓവറിലായിരുന്നു റാഷിദിന്റെ വണ്ടര്‍ സിക്‌സര്‍. വലംകൈയന്‍ ഫാസ്റ്റ് ബൗളറായ ജോര്‍ഡന്‍ തോംസണിനെതിരേയായിരുന്നു ഇത്. ഓഫ് സ്റ്റംപിന് അരികിലായി താരത്തിന്റെ ഫുള്‍ ലെങ്ത്ത് ബോള്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി റാഷിദ് തകര്‍പ്പനൊരു ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്‌സറിലേക്കു അടിച്ചകറ്റി. ബൗളര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും അമ്പരന്നു നില്‍ക്കാനേ ആയുള്ളൂ. ടീമിനു ജയിക്കാന്‍ 17 ബോളില്‍ 33 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു ഇത്.

12 ബോളില്‍ സസ്‌കെസിനു ജയിക്കാന്‍ 22 റണ്‍സ് ആവശ്യമുള്ളപ്പോള്‍ ഡേവിഡ് വില്ലെക്കെതിരേ തുടര്‍ച്ചയായ മൂന്നു ബോളുകളില്‍ ബൗണ്ടറി പായിച്ച് റാഷിദ് ബോളും റണ്‍സും തുല്യമാക്കുകയും ചെയ്തു. റാഷിദിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സിനെ സസെക്‌സ് ക്യാപ്റ്റന്‍ ലൂക്ക് റൈറ്റ് പ്രശംസിച്ചു. സസെക്‌സിനെ സംബന്ധിച്ച് മികച്ച കളിക്കാരനാണ് റാഷ്. അവിശ്വസനീമാംവിധേനയാണ് അദ്ദേഹം സ്വന്തം ഇന്നിങ്‌സിനെ കൈകാര്യം ചെയ്തത്. സ്വന്തം കുടുംബം അഫ്ഗാനിസ്താനില്‍ മോശം സമയത്തിലൂടെ കടന്നുപോകവെ എന്തായിരിക്കും റാഷിദിന്റെ മനസ്സില്‍ കൂടി കടന്നുപോവുന്നതെന്നു എനിക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കളിക്കുന്ന ഏതു ടീമിനു വേണ്ടിയും കഴിവിന്റെ പരമാവധി നല്‍കുന്ന ക്രിക്കറ്ററാണ് റാഷിദെന്നും റൈറ്റ് കൂട്ടിച്ചേര്‍ത്തു.
വിജയലക്ഷ്യം 178 റണ്‍സ്
നിശ്ചിത 20 ഓവറില്‍ 178 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് സസെക്‌സിനു യോര്‍ക്ക്‌ഷെയര്‍ നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത യോര്‍ക്ക്‌ഷെയര്‍ ഏഴു വിക്കറ്റിനു 177 റണ്‍സെടുത്തു. 55 റണ്‍സ് വീതമെടുത്ത ടോം കോലര്‍ കാഡ്‌മോറും ഗാരി ബല്ലാന്‍സുമാണ് ടീമിന്റെ പ്രധാന സ്‌കോറര്‍മാര്‍. കാഡ്‌മോര്‍ 49 ബോളില്‍ മൂന്നു വീതം ബൗണ്ടറികളു സിക്‌സറും പറത്തിയപ്പോള്‍ ബല്ലാന്‍സ് 37 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറും നേടി. മൂന്നു വിക്കറ്റെടുത്ത ടൈല്‍ മില്‍സാണ് സസ്‌കെസ് ബൗളര്‍മാരില്‍ മികച്ചുനിന്നത്. നാലോവര്‍ ബൗള്‍ ചെയ്ത റാഷിദ് 25 റണ്‍സിനു ഒരു വിക്കറ്റെടുത്തു.
മറുപടിയില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സായിരുന്നു ഓപ്പണര്‍ കൂടിയായ റൈറ്റ് കളിച്ചത്. 39 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 54 റണ്‍സോടെ അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറി. റാഷിദിനെക്കൂടാതെ ഡെല്‍റേ റോളിന്‍സ്, ഫിലിപ്പ് സാള്‍ട്ട് എന്നിവരും 27 റണ്‍സ് വീതമെടുത്തു. യോര്‍ക്ക്‌ഷെയറിനു വേണ്ടി ജോര്‍ഡന്‍ തോംസണ്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 28 റണ്‍സിനായിരുന്നു തോംസണ്‍ മൂന്നു പേരെ പുറത്താക്കിയത്. ആദില്‍ റഷീദും മാത്യു ഫിഷറും ഓരോ വിക്കറ്റ് വീതം നേടി.