ആധുനിക ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പറാര്? ടോപ് ഫൈവ് ഇതാ,റിഷഭ് പന്തിന് രണ്ടാം സ്ഥാനം

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരെ പരിഗണിച്ചാല്‍ ആദ്യം മനസിലേക്കെത്തുന്ന പേരുകള്‍ ആദം ഗില്‍ക്രിസ്റ്റ്,എംഎസ് ധോണി,മാര്‍ക്ക് ബൗച്ചര്‍ തുടങ്ങിയവരാണ്. ആദം ഗില്‍ക്രിസ്റ്റ് ഒരു കാലഘട്ടത്തില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ക്രിക്കറ്റ് ലോകത്തെ അടക്കിഭരിച്ച താരമാണ്. സ്റ്റംപിന് പിന്നില്‍ പിഴക്കാത്ത കൈകളുമായി ഗില്‍ക്രിസ്റ്റ് നിറഞ്ഞാടി. ഇതിനിടെ നായകനായും മികവ് കാട്ടാന്‍ അദ്ദേഹത്തിനായി. പിന്നീട് വിക്കറ്റ് കീപ്പറെന്ന നിലയില്‍ ക്രിക്കറ്റ് ലോകത്ത് വലിയ സ്വാധീനമുണ്ടാക്കിയ താരങ്ങളിലൊരാള്‍ എംഎസ് ധോണിയാണ്.
ഇന്ത്യയുടെ വിക്കറ്റ് കീപ്പറായും നായകനായും ധോണി നടത്തിയ പ്രകടനങ്ങള്‍ ആരെയും മോഹിപ്പിക്കുന്നതായിരുന്നു. വിക്കറ്റ് കീപ്പിങ്ങിലെ അതിവേഗംകൊണ്ടാണ് ധോണി കൂടുതല്‍ കൈയടി നേടിയത്. പ്രധാനമായും മിന്നല്‍ വേഗത്തിലെ സ്റ്റംപിങ്. ഡൈവിങ് ക്യാച്ചുകളേക്കാളുപരിയായി ബുദ്ധിപൂര്‍വം വിക്കറ്റിന് പിന്നില്‍ കാവല്‍ നില്‍ക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു.
മാര്‍ക്ക് ബൗച്ചര്‍ നിശബ്ദനായ പോരാളിയായിരുന്നു. വലിയ ആക്രമണോത്സകതയില്ലാത്ത താരമാണെങ്കിലും ചോരാത്ത കൈകളുമായി അദ്ദേഹം സ്റ്റംപിന് പിന്നില്‍ എന്നും സജീവമായിരുന്നു. സിംബാബ്‌വെ വിക്കറ്റ് കീപ്പര്‍ തറ്റെന്റ തൈബുവിനെപ്പോലെയുള്ള ചില താരങ്ങളും ഇതിനിടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ആധുനിക കാലത്തിലേക്കെത്തുമ്പോഴും നിരവധി പ്രമുഖ വിക്കറ്റ് കീപ്പര്‍മാരെ കാണാന്‍ സാധിക്കും. എന്നാല്‍ ഇവരില്‍ ഏറ്റവും മികച്ചവന്‍ ആരാണ്? നിലവിലെ താരങ്ങളെ പരിഗണിച്ച് ടോപ് ഫൈവ് വിക്കറ്റ് കീപ്പര്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മുഹമ്മദ് റിസ്വാന്‍
പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ തന്നെയാണ് നിലവിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടാന്‍ റിസ്വാന് സാധിക്കുന്നു. 2021ല്‍ 2000 ടി20 റണ്‍സാണ് അദ്ദേഹം നേടിയത്. ഒരു കലണ്ടര്‍ വര്‍ഷം 2000 ടി20 റണ്‍സ് നേടുന്ന ആദ്യത്തെ താരമാണ് റിസ്വാന്‍. ബാറ്റ്‌സ്മാനെന്ന നിലയിലെ പ്രകടനത്തോടൊപ്പം വിക്കറ്റിന് പിന്നിലും അദ്ദേഹം തിളങ്ങുന്നു. മൂന്ന് ഫോര്‍മാറ്റിലുമായി 2021ല്‍ 1915 റണ്‍സാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം നേടിയത്.
അവസാന വര്‍ഷം ടി20യില്‍ 1326 റണ്‍സാണ് പാക് ജഴ്‌സിയില്‍ താരം നേടിയത്. സ്ഥിരതയോടെ തിളങ്ങാന്‍ സാധിക്കുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് റിസ്വാന്‍. 19 ടെസ്റ്റില്‍ നിന്ന് 52 പുറത്താക്കലും 41 ഏകദിനത്തില്‍ നിന്ന് 38 പുറത്താക്കലും 55 ടി20യില്‍ നിന്ന് 38 പുറത്താക്കലും അദ്ദേഹം നടത്തിയിട്ടുണ്ട്. പാകിസ്താന്‍ ടീമിന്റെ സമീപകാല കുതിപ്പിന് നിര്‍ണ്ണായക പങ്കാണ് റിസ്വാന്‍ വഹിക്കുന്നത്.

റിഷഭ് പന്ത്
ഇന്ത്യയുടെ റിഷഭ് പന്താണ് രണ്ടാം സ്ഥാനത്ത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭ് കരിയറിന്റെ തുടക്ക കാലത്ത് വളരെയധികം നിരാശപ്പെടുത്തിയെങ്കിലും പിന്നീടങ്ങോട്ട് കത്തിക്കയറി. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭാണ്. ടെസ്റ്റില്‍ എതിരാളികളുടെ പേടി സ്വപ്‌നമാണ് റിഷഭ്. പ്രത്യേകിച്ച് വിദേശ പര്യടനങ്ങളില്‍. 2021ല്‍ ഭേദപ്പെട്ട പ്രകടനം തന്നെ നടത്താന്‍ അദ്ദേഹത്തിനായി.
27 ടെസ്റ്റില്‍ നിന്ന് 1608 റണ്‍സും 18 ഏകദിനത്തില്‍ നിന്ന് 529 റണ്‍സും 41 ടി20യില്‍ നിന്ന് 623 റണ്‍സുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിലൂടെ 100 ടെസ്റ്റ് ക്യാച്ചുകളെന്ന റെക്കോഡിലെത്താനും റിഷഭിന് സാധിച്ചിരുന്നു. ഏകദിനത്തില്‍ 10 പുറത്താക്കലും ടി20യില്‍ 20 പുറത്താക്കലും റിഷഭ് നടത്തി. ഒരു ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ ക്യാച്ചെന്ന റെക്കോഡ് റിഷഭിന്റെ പേരിലാണ്.

ക്വിന്റന്‍ ഡീകോക്ക്
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പറാണ് ക്വിന്റന്‍ ഡീകോക്ക്. ബാറ്റിങ് മികവുകൊണ്ടും വിക്കറ്റിന് പിന്നിലെ കൃത്യതകൊണ്ടും വലിയ പ്രശംസ പിടിച്ചുപറ്റാന്‍ ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിലൂടെ ഡീകോക്ക് ടെസ്റ്റ് ഫോര്‍മാറ്റ് മതിയാക്കിയിരിക്കുകയാണ്. പരിമിത ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായാണ് അദ്ദേഹം ഈ തീരുമാനമെടുത്തത്. ഫ്രാഞ്ചൈസി ക്രിക്കറ്റിലും വളരെ സജീവമായിത്തന്നെ ഡീകോക്കുണ്ട്.
54 ടെസ്റ്റില്‍ നിന്ന് 232 പുറത്താക്കലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതില്‍ 221 ക്യാച്ചുകളും 11 സ്റ്റംപിങ്ങും ഉള്‍പ്പെടും. ഏകദിനത്തില്‍ 179 പുറത്താക്കലും അദ്ദേഹം നടത്തിയിട്ടുണ്ട്. ടി20യില്‍ 65 പുറത്താക്കലാണ് നടത്തിയത്. ഏകദിനത്തില്‍ 21 ഇന്നിങ്‌സില്‍ നിന്ന് 1000 റണ്‍സ് നേടാന്‍ ഡീകോക്കിനായിട്ടുണ്ട്. ഏകദിനത്തില്‍ വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമാണ് ഡീകോക്ക്.

മുഷ്ഫിഖര്‍ റഹീം
ബംഗ്ലാദേശിന്റെ മുഷ്ഫിഖര്‍ റഹീമാണ് നാലാം സ്ഥാനത്ത്. സീനിയര്‍ താരമായ മുഷ്ഫിഖര്‍ തന്റേതായ ദിവസം മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ്. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ അദ്ദേഹത്തിനാവും. 78 ടെസ്്റ്റില്‍ നിന്ന് 4873 റണ്‍സും 227 ഏകദിനത്തില്‍ നിന്ന് 6581 റണ്‍സും 99 ടി20യില്‍ നിന്ന് 1465 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 98 ക്യാച്ചും ഏകദിനത്തില്‍ 187 ക്യാച്ചും ടി20യില്‍ 32 ക്യാച്ചും അദ്ദേഹത്തിന്റെ പേരിലുണ്ട്.
പലപ്പോഴും മോശം പെരുമാറ്റത്തിന്റെ പേരില്‍ വിവാദങ്ങളില്‍ പെടാറുള്ള താരം കൂടിയാണ് മുഷ്ഫിഖര്‍. മറ്റ് വിക്കറ്റ് കീപ്പര്‍മാരെ സംബന്ധിച്ച് താരതമ്യം ചെയ്യുമ്പോള്‍ മുഷ്ഫിഖറിന് ഉയരക്കുറവുണ്ടെങ്കിലും അതൊരിക്കലും അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിങ് മികവിന് തടസമായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പ്രകടന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകും.

ജോസ് ബട്‌ലര്‍
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് ജോസ് ബട്‌ലര്‍. ഏത് ബൗളറേയും അടിച്ചുപറത്താന്‍ കെല്‍പ്പുള്ള ബട്‌ലര്‍ പരിമിത ഓവറിലെ ബൗളര്‍മാരുടെ പേടി സ്വപ്‌നമാണ്. ടി20 ഫോര്‍മാറ്റിലാണ് ബട്‌ലര്‍ കൂടുതല്‍ അപകടകാരിയെന്ന് പറയാം. 57 ടെസ്റ്റില്‍ നിന്ന് 2896 റണ്‍സും 148 ഏകദിനത്തില്‍ നിന്ന് 3872 റണ്‍സും 88 ടി20യില്‍ നിന്ന് 2140 റണ്‍സും ബട്‌ലറിന്റെ പേരിലുണ്ട്. ടെസ്റ്റില്‍ 154 പുറത്താക്കലും ഏകദിനത്തില്‍ 213 പുറത്താക്കലും ടി20യില്‍ 49 പുറത്താക്കലും അദ്ദേഹം നടത്തിയിട്ടുണ്ട്. ഒരു ഏകദിന ഇന്നിങ്‌സില്‍ കൂടുതല്‍ ക്യാച്ചെന്ന റെക്കോഡ് ബട്‌ലറുടെ പേരിലാണ്. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റിലും സജീവമായി കളിക്കുന്ന താരമാണ് ബട്‌ലര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications