തിരുവനന്തപുരം: കേരളാ ടീമിനോടൊപ്പം ബാറ്റിങില്‍ മികച്ചൊരു ഇന്നിങ്‌സ് കളിക്കാനുള്ള അവസരം പാഴാക്കി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ബംഗാളിനെതിരേ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായതിന്റെ ക്ഷീണം രണ്ടാമിന്നിങ്‌സില്‍ തീര്‍ക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നെങ്കിലും ബാറ്റ് ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു.
കേരളത്തിനായി എട്ടു പേര്‍ രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനു ഇറങ്ങിയിട്ടും സഞ്ജു ക്രീസിലേക്കു വന്നില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. എങ്കിലും ബംഗാളിനു വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം കേരളം നല്‍കിയിരിക്കുകയാണ്. 449 റണ്‍സിന്റെ ലക്ഷ്യമാണ് സഞ്ജുവും സംഘവും അവര്‍ക്കു മുന്നില്‍ വച്ചിരിക്കുന്നത്.

ഒന്നാമിന്നിങ്‌സില്‍ 183 റണ്‍സിന്റെ മികച്ച ലീഡ് കൈക്കലാക്കിയ ശേഷം വീണ്ടും ബാറ്റിങിനു ഇറങ്ങിയ കേരളം മൂന്നാംദിനം ആറു വിക്കറ്റിനു 265 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരന്‍ സച്ചിന്‍ ബേബി (51) ഫിഫ്റ്റിയുമായി വീണ്ടും മിന്നിച്ചപ്പോള്‍ വൈസ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ (51), ശ്രേയസ് ഗോപാല്‍ (50*) എന്നിവരും ടീമിനായി ഫിഫ്റ്റികള്‍ കുറിച്ചു.
സച്ചിന്‍ 75 ബോളില്‍ നാലു ഫോറുകളടിച്ചപ്പോള്‍ രോഹന്‍ 68 ബോളില്‍ ആറു ഫോറുകള്‍ പായിച്ചു. 56 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്. ജലജ് സക്‌സേന 37ഉം അക്ഷയ് ചന്ദ്രന്‍ 36ഉം റണ്‍സ് നേടി.
ആദ്യ ഇന്നിങ്‌സില്‍ അഞ്ചാം നമ്പറിലാണ് സഞ്ജു കേരളത്തിനായി ബാറ്റ് ചെയ്തത്. പക്ഷെ അദ്ദേഹം വന്‍ ഫ്‌ളോപ്പായി. ഫോറോ, സിക്‌സറോയില്ലാതെ 17 ബോളില്‍ എട്ടു റണ്‍സ് മാത്രമെടുത്ത് സഞ്ജു ക്രീസ് വിടുകയായിരുന്നു. സ്പിന്നര്‍ ഷഹബാസ് അഹമ്മദിന്റെ ബൗളിങില്‍ മനോജ് തിവാരിയാണ് കേരളാ ക്യാപ്റ്റനെ പിടികൂടിയത്. രണ്ടാമിന്നിങ്‌സില്‍ സഞ്ജു അഗ്രസീവ് ഇന്നിങ്‌സുമായി ഇതിനു പ്രായശ്ചിത്തം ചെയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചതെങ്കിലും എല്ലാവരെയും ആശ്ചര്യപ്പെടുത്തി അദ്ദേഹം ബാറ്റിങിനു ഇറങ്ങിയതേയില്ല.
ഇതാദ്യമായല്ല സഞ്ജു ഈ തരത്തില്‍ കേരളാ നിരയില്‍ ബാറ്റ് ചെയ്യാതെ സ്വയം വിട്ടുനില്‍ക്കുന്നത്. നേരത്തേ നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും ഇക്കാര്യം സംഭവിച്ചിരുന്നു. സഞ്ജുവിനെ സംബന്ധിച്ച് ഈ സീസണിലെ രഞ്ജിയിലെ പ്രകടനം ഒട്ടു മികച്ചതല്ല.
നാലു മല്‍സസരങ്ങളിലായി ആറിന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും 35.40 ശരാശരിയില്‍ നേടിയത് 177 റണ്‍സ് മാത്രമാണ്. ഒരേയൊരു ഫിഫ്റ്റിയാണ് സഞ്ജുവിനു എടുത്തു കാണിക്കാനുള്ളത്. ഛത്തീസ്ഡഡുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ നേടിയ 57 റണ്‍സാണിത്.

അതേസമയം, കേരളം- ബംഗാള്‍ മല്‍സരത്തിലേക്കു വന്നാല്‍ ജലജ് സക്‌സേനയുടെ മാജിക്കല്‍ ബൗളിങ് പ്രകടനമാണ് കേരളത്തിനു മികച്ച ലീഡ് സമ്മാനിച്ചത്. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 363 റണ്‍സ് പിന്തുടര്‍ന്ന ബംഗാള്‍ വെറും 180 റണ്‍സിനു ഓള്‍ട്ടാവുകയായിരുന്നു.
ഒമ്പതു വിക്കറ്റുകളാണ് ജലജ് പോക്കറ്റിലാക്കിയത്. 21.1 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം ഒരു മെയ്ഡനുള്‍പ്പെടെ 69 റണ്‍സ് വിട്ടുകൊടുത്താണ് ഒമ്പതു പേരെ മടക്കിയത്. ശേഷിച്ച ഒരു വിക്കറ്റ് എംഡി നിധീഷിനായിരുന്നു. അഭിമന്യു ഈശ്വരന്‍ (72), കരണ്‍ ലാല്‍ (35), സുദീപ് ഗരാമി (33) എന്നിവരൊഴികെ മറ്റാരും ബംഗാള്‍ നിരയില്‍ രണ്ടക്കത്തിലെത്തിയില്ല.
നേരത്തേ സച്ചിന്‍ ബേബി (124), അക്ഷയ് ചന്ദ്രന്‍ (106) എന്നിവരുടെ സെഞ്ച്വറികളാണ് കേരളത്തെ ആദ്യ ഇന്നിങ്‌സില്‍ 363 റണ്‍സെന്ന വലിയ ടോട്ടലിലെത്തിച്ചത്. 261 ബോളുകള്‍ നേരിട്ട സച്ചിന്‍ 12 ഫോറും ഒരു സിക്‌സറുമടിച്ചപ്പോള്‍ അക്ഷയ് 222 ബോളില്‍ ഒമ്പതു ഫോറുകള്‍ നേടി.