Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തിന് ഇഷാനെ പഴിക്കണം? സഞ്ജുവും കണക്കുതന്നെ! 7ല്‍ മൂന്നിലും കളിച്ചില്ല, കേരളത്തെ തഴഞ്ഞു

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിമുഖത കാണിച്ചതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ താരമാണ് യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍. കോച്ച് രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെട്ടിട്ടും ഇഷാന്‍ ഇതു അവഗണിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. എന്നാല്‍ ഇഷാന്‍ മാത്രല്ല മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ലെന്നതാണ് സത്യം. ആന്ധ്രാ പ്രദേശിനെതിരേ ഇപ്പോള്‍ നടക്കുന്ന ഗ്രൂപ്പ് ബിയിലെ അവസാനത്തെ കളിയില്‍ നിന്നുമുള്ള സഞ്ജുവിന്റെ പിന്‍മാറ്റം ആരാധകരെ നിരാശരാക്കിയിരുന്നു.

ഈ മല്‍സരത്തില്‍ ജയിച്ചാലും കേരളത്തിനു അടുത്ത റൗണ്ടിലേക്കു മുന്നേറാന്‍ സാധിക്കില്ലെന്നു ഉറപ്പായതിനെ തുടര്‍ന്നു സഞ്ജു സ്വയം കളിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. എത്ര മാത്രം നിസാരമായിട്ടാണ് രഞ്ജിയെയും കേരളാ ടീമിനെയും അദ്ദേഹം കാണുന്നതെന്നും ഈ തീരുമാനത്തില്‍ നിന്നു തന്നെ വ്യക്തമാണ്.

SANJU SAMSON

ലീഗ് ഘട്ടത്തില്‍ കേരളത്തിന്റെ ഏഴാമത്തെ മല്‍സരമാണ് ഇപ്പോള്‍ നടക്കുന്നത്. ഇവയില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. അതു മാത്രമല്ല എട്ടു ഇന്നിങ്‌സുകളില്‍ സഞ്ജു ബാറ്റ് ചെയ്തത് ആറെണ്ണത്തില്‍ മാത്രം. ശേഷിച്ച രണ്ടെണ്ണത്തില്‍ ഒന്നില്‍ ബാറ്റ് ചെയ്യാതെ അദ്ദേഹം സ്വയം മാറി നില്‍ക്കുകയും ചെയ്തിരുന്നു.

ബാറ്റിങിലും തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് സഞ്ജു കാഴ്ചവച്ചത്. 35.4 ശരാശരിയില്‍ 177 റണ്‍സ് മാത്രമേ ആറിന്നിങ്‌സില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ഒരേയൊരു ഫിഫ്റ്റി (57) മാറ്റിനിര്‍ത്തിയാല്‍ മികച്ചൊരു ഇന്നിങ്‌സ് പോലും സഞ്ജുവിനു ചൂണ്ടിക്കാണിക്കാനുമില്ല.

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായ കെഎസ് ഭരത് ബാറ്റിങിലും ധ്രുവ് ജുറേല്‍ വിക്കറ്റ് കീപ്പിങിലും നിരാശപ്പെടുത്തിയതിനാല്‍ സഞ്ജുവിനെ ടീമിലെടുക്കണമെന്ന മുറവിളി സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. പക്ഷെ രഞ്ജിയിലെ മോശം പ്രകടനവും ചില കളിയില്‍ നിന്നുള്ള പിന്‍മാറ്റവും പരിഗണിക്കുമ്പോള്‍ സഞ്ജുവിനു അതിനു അര്‍ഹതയില്ലെന്നു തന്നെ ഉറപ്പിച്ചു പറയാം.

രഞ്ജിയില്‍ കേരളത്തിനായി പരമാവധി മല്‍സരങ്ങളില്‍ കളിക്കുന്നതിനൊപ്പം ബാറ്റിങിലും തിളങ്ങിയിരുന്നെങ്കില്‍ മാത്രമേ അദ്ദേഹം ടെസ്റ്റ് ടീമിലേക്കു വിളി അര്‍ഹിക്കുന്നുള്ളൂ. പക്ഷെ ഇവ രണ്ടും സംഭവിച്ചിട്ടില്ല. രഞ്ജിയില്‍ അസ്സം, ബീഹാര്‍ എന്നിവര്‍ക്കെതിരായ മല്‍സരങ്ങളിലാണ് നേരത്തേ സഞ്ജു കളിക്കാതിരുന്നത്. ഇവയില്‍ അസമുമായുള്ള കളിയില്‍ നിന്നും അദ്ദേഹം വിട്ടുനില്‍ക്കാനുള്ള കാരണം ഇന്ത്യന്‍ ടീമിന്റെ ഭാഗമായതു കൊണ്ടായിരുന്നു.

ജനുവരിയില്‍ അഫ്ഗാനിസ്താനെതിരേ നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ സഞ്ജു ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടായിരുന്നു. അതിനു ശേഷം കരുത്തരായ മുംബൈയുമായുള്ള അടുത്ത കളിയില്‍ അദ്ദേഹം കേരളത്തിനായി ഇറങ്ങിയിരുന്നു. എന്നാല്‍ ബിഹാറിനെതിരായ തൊട്ടടുത്ത കളിയില്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു വിട്ടുനില്‍ക്കുകയും ചെയ്തു.

SANJU SAMSON

ക്യാപ്റ്റനെന്ന നിലയില്‍ ബാറ്റിങില്‍ ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ സഞ്ജുവിനു ഒരു മല്‍സരത്തില്‍ പോലും സാധിച്ചിട്ടില്ല. ഉത്തര്‍പ്രദേശുമായുള്ള ആദ്യ കളിയില്‍ ഒന്നാമിന്നിങ്‌സില്‍ 35 റണ്‍സാണ് അദ്ദേഹം നേടിയത്. മുംബൈയ്‌ക്കെതിരേ 38, 15 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.

ഛത്തീസ്ഗഡിനെതിരേയാണ് സഞ്ജു ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റി (57) നേടിയത്. രണ്ടാമിന്നിങ്‌സില്‍ 24 റണ്‍സിനും പുറത്തായി. ബംഗാളുമായുള്ള അവസാന മല്‍സരത്തില്‍ എട്ടു റണ്‍സാണ് ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം നേടിയത്. രണ്ടാമിന്നിങ്‌സില്‍ എട്ടു പേര്‍ ബാറ്റ് ചെയ്തിട്ടും സഞ്ജു ബാറ്റിങിനു ഇറങ്ങാതെ മാറിനില്‍ക്കുകയും ചെയ്തു.

ഇഷാനെപ്പോലെ സഞ്ജുവും അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്ലിനു തന്നെയാണ് മുന്‍ഗണന നല്‍കുന്നതെന്നു രഞ്ജിയെ ഗൗരവത്തോടെ പരിഗണിക്കാത്തതില്‍ നിന്നും വ്യക്തമാവും. മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 17ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിട്ടാവും ഇനി സഞ്ജുവിനെ കാണാന്‍ സാധിക്കുക.

Story first published: Saturday, February 17, 2024, 20:08 [IST]
Other articles published on Feb 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+