റായ്പൂര്‍: രഞ്ജി ട്രോഫി മത്സരങ്ങള്‍ പുരോഗമിക്കവെ ഞെട്ടിക്കുന്ന ബാറ്റിങ് പ്രകടനംകൊണ്ട് കൈയടി നേടിയിരിക്കുകയാണ് റിയാന്‍ പരാഗ്. 168 റണ്‍സ് ഫോളോ ഓണ്‍ നേരിട്ട ആസാമിനായി ബാറ്റിങ് വെടിക്കെട്ടാണ് പരാഗ് കാഴ്ചവെച്ചത്. 2 വിക്കറ്റിന് 78 റണ്‍സെന്ന നിലയില്‍ ആസാം തകര്‍ന്നുനില്‍ക്കവെയാണ് പരാഗ് ബാറ്റ് ചെയ്യാനെത്തുന്നത്. പിന്നീട് പരാഗിന്റെ ബാറ്റിങ് പൊടിപൂരമാണ് കാണാനായത്. ആദ്യ ഇന്നിങ്‌സില്‍ എട്ട് റണ്‍സാണ് പരാഗ് നേടിയത്.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 40 പന്തില്‍ 82 റണ്‍സുമായി പരാഗ് ക്രീസില്‍ തുടരുകയാണ്. 7 ബൗണ്ടറികള്‍ നേടിയ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 200ന് മുകളിലാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ അത്ഭുതമെന്ന് തോന്നിക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഫോളോ ഓണ്‍ ചെയ്തിറങ്ങിയ ആസാമിന് നിലവില്‍ 3 റണ്‍സിന്റെ ലീഡുണ്ട്. നാലാം ദിനത്തിലെ റിയാന്‍ പരാഗിന്റെ ബാറ്റിങ് പ്രകടനം ആസാമിന് നിര്‍ണ്ണായകമാവുമെന്നുറപ്പ്.
പരാഗിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ സഞ്ജു സാംസണും ഹാപ്പിയായിരിക്കുമെന്നുറപ്പ്. ഐപിഎല്‍ വരാനിരിക്കെ രാജസ്ഥാന്റെ നിര്‍ണ്ണായക താരമായി പരാഗ് വളരുന്നതാണ് കാണാനാവുന്നത്. അവസാന സീസണില്‍ മോശം പ്രകടനംകൊണ്ട് നിരാശപ്പെടുത്തിയ പരാഗ് സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടനത്തോടെ എല്ലാവരുടേയും ശ്രദ്ധ നേടിയിരിക്കുകയാണ്. സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം ബാറ്റുകൊണ്ട് തിളങ്ങാന്‍ പരാഗിനാവുന്നു.
പന്തുകൊണ്ടും താരം ടീമിന് ഉപകാരിയാവുന്നുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. അതിവേഗത്തില്‍ ബാറ്റ് ചെയ്യാന്‍ പരാഗിന് കഴിവുണ്ട്. തകര്‍പ്പന്‍ ഫീല്‍ഡറെന്ന നിലയിലും പരാഗ് ടീമിന് ഗുണം ചെയ്യുന്നു. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടറായി അധികം വൈകാതെ പരാഗെത്താന്‍ സാധ്യത കൂടുതലാണ്. മധ്യനിരയിലേക്ക് ഇന്ത്യക്ക് മികച്ച ഓള്‍റൗണ്ടര്‍മാരെ ആവശ്യമാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ പരാഗിന് അപ്രതീക്ഷതമായി ടി20 ലോകകപ്പിലേക്ക് വിളിയെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ആസാമിനെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിക്കാന്‍ പരാഗിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. രഞ്ജി ട്രോഫിയിലെ മറ്റ് മത്സരങ്ങളിലേക്ക് വരുമ്പോള്‍ കേരളം നിരാശപ്പെടുത്തുകയാണ്. ഉത്തര്‍ പ്രദേശ് കൂറ്റന്‍ ലീഡിലേക്ക് നീങ്ങിയിരിക്കുകയാണ്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന നിലയിലാണ് ഉത്തര്‍ പ്രദേശ്. നിലവില്‍ 278 റണ്‍സിന്റെ ലീഡ് ഉത്തര്‍ പ്രദേശിനുണ്ട്. സമനില പിടിക്കുകപോലും കേരളത്തിന് പ്രയാസമായിരിക്കുമെന്ന് പറയാം.
ഉത്തര്‍ പ്രദേശിനായി രണ്ടാം ഇന്നിങ്‌സില്‍ നായകന്‍ ആര്യന്‍ ജുയല്‍ (115*) സെഞ്ച്വറിയോടെ ക്രീസില്‍ തുടരുകയാണ്. നേരത്തെ ഉത്തര്‍ പ്രദേശിന്റെ 302 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ കേരളം 243 റണ്‍സിനാണ് തട്ടകത്തില്‍ കൂടാരം കയറിയത്. അങ്കിത് രജപുത് ഉത്തര്‍ പ്രദേശിനായി അഞ്ച് വിക്കറ്റ് പ്രകടനം നടത്തി. 74 റണ്‍സ് നേടിയ വിഷ്ണു വിനോദ് മാത്രമാണ് കേരളത്തിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. സഞ്ജു സാംസണ്‍ 35 റണ്‍സെടുത്ത് പുറത്തായി.
രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. മുംബൈക്കെതിരേ ബീഹാര്‍ ഇന്നിങ്‌സ് തോല്‍വിയിലേക്ക് നീങ്ങുകയാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 251 റണ്‍സില്‍ ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ ബീഹാര്‍ 100 റണ്‍സില്‍ ഒതുങ്ങി. ഫോളോഓണ്‍ ചെയ്യാനിറങ്ങിയ ബീഹാര്‍ ആറ് വിക്കറ്റിന് 91 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ബീഹാര്‍ 60 റണ്‍സിന് പിന്നിലാണ്.
കര്‍ണാടകയ്‌ക്കെതിരേ പഞ്ചാബ് പൊരുതുകയാണ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 152 റണ്‍സില്‍ ഓള്‍ഔട്ടായി. മറുപടിക്കിറങ്ങിയ കര്‍ണാടക എട്ട് വിക്കറ്റിന് 514 റണ്‍സാണ് നേടിയത്. ദേവ്ദത്ത് പടിക്കല്‍ (193), മനീഷ് പാണ്ഡെ (118) എന്നിവരുടെ സെഞ്ച്വറി പ്രകടനങ്ങളാണ് കര്‍ണാടകയ്ക്ക് കരുത്തായത്. രണ്ടാം ഇന്നിങ്‌സില്‍ പൊരുതുന്ന പഞ്ചാബ് 3 വിക്കറ്റിന് 238 റണ്‍സെന്ന നിലയിലാണ്. നിലവില്‍ കര്‍ണാടകയെക്കാള്‍ 124 റണ്‍സിന് പിന്നിലാണ് പഞ്ചാബുള്ളത്.