ഹൈദരാബാദ്: രഞ്ജി ട്രോഫിയില്‍ ചരിത്ര പ്രകടനവുമായി ഹൈദരാബാദിന്റെ തന്‍മയ് അഗര്‍വാള്‍. ഓപ്പണറായി ഇറങ്ങിയ താരം വെറും 147 പന്തിലാണ് ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 160 പന്തില്‍ 323 റണ്‍സുമായി തന്‍മയ് ക്രീസിലുണ്ട്. ഇതുവരെ 33 ഫോറും 21 സിക്‌സും താരം പറത്തിക്കഴിഞ്ഞു. 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ടെസ്റ്റ് ഇന്നിങ്‌സ് എന്നതാണ് എടുത്തു പറയേണ്ടത്. ഈ പ്രകടനത്തോടെ നിരവധി റെക്കോഡുകളും താരം സ്വന്തം പേരിലാക്കിയിട്ടുണ്ട്.
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ വേഗമേറിയ ട്രിപ്പിള്‍ സെഞ്ച്വറിയെന്ന റെക്കോഡാണ് തന്‍മയ് സ്വന്തം പേരിലാക്കിയത്. ഇരട്ട സെഞ്ച്വറിയിലേക്കെത്താന്‍ 119 പന്തുകളാണ് യുവതാരത്തിന് വേണ്ടിവന്നത്. ഇതും റെക്കോഡായി മാറിയിരിക്കുകയാണ്. 21 സിക്‌സുകള്‍ ഇതിനോടകം അദ്ദേഹം അടിച്ചെടുത്തു. ഒരു ഫസ്റ്റ്ക്ലാസ് ഇന്നിങ്‌സില്‍ കൂടുതല്‍ സിക്‌സര്‍ പറത്തുന്ന ബാറ്റ്‌സ്മാനായി തന്‍മയ് മാറിയിരിക്കുകയാണ്. അരുണാചല്‍ പ്രദേശ് ബൗളര്‍മാരെ ചിത്രത്തിലേ ഇല്ലാതാക്കുന്ന പ്രകടനമാണ് തന്‍മയ് കാഴ്ചവെച്ചത്.
191 പന്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ മാര്‍ക്കോ മറൈസിന്റെ റെക്കോഡാണ് തന്‍മയ് തകര്‍ത്തത്. കെന്‍ റൂതര്‍ഫോര്‍ഡ് 234 പന്തിലും വിവിയന്‍ റിച്ചാര്‍ഡ്‌സും കുശാല്‍ പെരേരയും 244 പന്തിലും ഫസ്റ്റ്ക്ലാസ് ട്രിപ്പിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇവരെയെല്ലാം കടത്തിവെട്ടുന്ന വെടിക്കെട്ടാണ് തന്‍മയ് കാഴ്ചവെച്ചിരിക്കുന്നത്. തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ട താരം ടെസ്റ്റില്‍ ആരും പ്രതീക്ഷിക്കാത്ത ആക്രമണ ബാറ്റിങ്ങാണ് കാഴ്ചവെച്ചിരിക്കുന്നത്.
തന്‍മയ്‌ക്കൊപ്പം ഹൈദരാബാദ് നായകന്‍ രാഹുല്‍ സിങ്ങും സെഞ്ച്വറി നേടി. 105 പന്ത് നേരിട്ട് 185 റണ്‍സാണ് രാഹുല്‍ സിങ് നേടിയത്. 26 ഫോറും 3 സിക്‌സുമാണ് രാഹുല്‍ സിക്‌സ് പറത്തി. 176ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു രാഹുലിന്റെ ബാറ്റിങ്. എന്നാല്‍ ഇരട്ട സെഞ്ച്വറിയിലേക്കെത്തുന്നതിന് മുമ്പ് താരം മടങ്ങി. ഒന്നാം വിക്കറ്റില്‍ 345 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഹൈദരാബാദിനായി. അരുണാചലിന്റെ ദുര്‍ബല ബൗളിങ്ങിനെ നന്നായി ഹൈദരാബാദ് ഉപയോഗിച്ചു.

ആദ്യത്തെ 100 റണ്‍സിലേക്കെത്താന്‍ 81 പന്താണ് ഹൈദാരാബാദ് എടുത്തത്. 100ല്‍ നിന്ന് 200ലേക്കെത്താന്‍ 61 പന്ത് മാത്രമാണ് ടീമിന് വേണ്ടിവന്നത്. പിന്നീടങ്ങോട്ട് ടി20 ശൈലിയിലാണ് ഹൈദരാബാദ് കളിച്ചത്. 200ല്‍ നിന്ന് 300ലേക്കെത്താന്‍ 40 പന്തുകളാണ് ഹൈദരാബാദിന് വേണ്ടിവന്നത്. 300ല്‍ നിന്ന് 400ലേക്കെത്താന്‍ 41 പന്തും 400ല്‍ നിന്ന് 500ലേക്കെത്താന്‍ 40 പന്തുമാണ് ടീമിനാവശ്യമായി വന്നത്. 43.5 ഓവറില്‍ ടീം സ്‌കോര്‍ 500 കടന്നുവെന്നതാണ് എടുത്തു പറയേണ്ടത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അരുണാചല്‍ പ്രദേശ് 172 റണ്‍സില്‍ ഓള്‍ഔട്ടാവുകയും ചെയ്തു. ഓപ്പണറായി ഇറങ്ങിയ ടെച്ചി ഡോറിയയുടെ 97 റണ്‍സ് പ്രകടനം മാറ്റിനിര്‍ത്തിയാല്‍ അരുണാചല്‍ നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. ദിവ്യന്‍ഷു യാദവ് 29 റണ്‍സും ടെച്ചി സോനം 16 റണ്‍സുമെടുത്തു. മറ്റൊരു ബാറ്റ്‌സ്മാനും രണ്ടക്കം കാണാനായില്ല. ഹൈദരാബാദിനായി മിലിന്ദും കാര്‍ത്തികേയ കാക്കും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സങ്കേത്, സാകേത് എന്നിവര്‍ ഓരോ വിക്കറ്റും ടി ത്യാഗരാജന്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി.
നിലവില്‍ 357 റണ്‍സിന്റെ ലീഡ് ഹൈദരാബാദിനുണ്ട്. അതുകൊണ്ടുതന്നെ വലിയ ജയം തന്നെ ഹൈദരാബാദിന് ഉറപ്പിക്കാം. ഇന്നിങ്‌സ് ജയം ടീം സ്വന്തമാക്കാനാണ് സാധ്യത. തോല്‍വി ഒഴിവാക്കാന്‍ അരുണാചല്‍ പ്രദേശിന് മുന്നില്‍ വഴിയില്ലെന്ന് തന്നെ പറയാം. തന്‍മയുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഭാവിയില്‍ ഇന്ത്യക്കായി കളിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.