കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനക്കെതിരേ മുംബൈക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ പേരുകേട്ട താരങ്ങളെല്ലാം നിരാശപ്പെടുത്തി പുറത്തായി. ഇതില്‍ ഏറ്റവും നിരാശപ്പെടുത്തുന്നത് സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ്. ഇന്ത്യയുടെ ടി20 ടീം നായകനായ സൂര്യകുമാര്‍ യാദവിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സൂര്യക്ക് കീഴില്‍ ഇന്ത്യ 4-1ന് ജയിച്ചെങ്കിലും താരത്തിന്റെ ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.
ഒന്നോ രണ്ടോ വലിയ ഷോട്ട് കളിച്ച് വിക്കറ്റ് തുലക്കുന്ന സൂര്യകുമാര്‍ രഞ്ജി ട്രോഫിയിലും ഇതേ നാണക്കേട് ആവര്‍ത്തിച്ചിരിക്കുകയാണ്. അഞ്ച് പന്ത് നേരിട്ട് ഒമ്പത് റണ്‍സ് നേടിയാണ് സൂര്യ പുറത്തായത്. പതിവ് ആക്രമണ ശൈലിയില്‍ കളിച്ച സൂര്യകുമാര്‍ രണ്ട് ബൗണ്ടറികള്‍ നേടി പ്രതീക്ഷ നല്‍കി. എന്നാല്‍ വൈകാതെ സുമിത് കുമാറിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി മടങ്ങുകയായിരുന്നു. സൂര്യകുമാറിന്റെ സമീപകാലത്തെ ഫ്‌ളോപ്പ് ഷോ ഇന്ത്യക്ക് വലിയ തലവേദനയായിട്ടുണ്ട്.
മുംബൈക്ക് കൂട്ടത്തകര്‍ച്ച
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ഓപ്പണര്‍മാരായ ആയുഷ് മാഹ്‌ത്രെ ഡെക്കിന് മടങ്ങിയപ്പോള്‍ ആകാശ് ആനന്ദ് 10 റണ്‍സെടുത്താണ് പുറത്തായത്. മൂന്നാമനായി ഇറങ്ങിയ സിദ്ധേഷ് ലാദ് നാല് റണ്‍സാണ് നേടിയത്. നായകന്‍ അജിന്‍ക്യ രഹാനെ അല്‍പ്പ നേരം പിടിച്ചുനിന്നു. 58 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 31 റണ്‍സാണ് രഹാനെ നേടിയത്. അന്‍ഷുല്‍ കാംബോജാണ് രഹാനെയെ പുറത്താക്കിയത്. പിന്നാലെ സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ ശിവം ദുബേയില്‍ മുംബൈ പ്രതീക്ഷവെച്ചിരുന്നു. 32 പന്ത് നേരിട്ട് നാല് ഫോറും 1 സിക്‌സും ഉള്‍പ്പെടെ 28 റണ്‍സ് നേടിയ ദുബെയെ അജിത് ചഹാലാണ് പുറത്താക്കിയത്. 94 റണ്‍സിനിടെ മുംബൈയുടെ ആറ് പ്രധാനപ്പെട്ട വിക്കറ്റുകളാണ് നഷ്ടമായത്. ഹരിയാന ബൗളര്‍മാരുടെ അച്ചടക്കമുള്ള ബൗളിങ് മുംബൈ ബാറ്റിങ് നിരയെ വിറപ്പിച്ചിരിക്കുകയാണ്. മൂന്ന് വിക്കറ്റ് നേടിയ അന്‍ഷുല്‍ കാംബോജാണ് മുംബൈയുടെ അന്തകനായത്. സുമിത് കുമാര്‍ രണ്ടും അജിത് ചഹാല്‍ ഒരു വിക്കറ്റും നേടി.

മുംബൈ ഇന്ത്യന്‍സിനും ആശങ്ക
ഐപിഎല്‍ 2025നായുള്ള മുന്നൊരുക്കം ടീമുകള്‍ ആരംഭിച്ചിരിക്കുകയാണ്. അവസാന സീസണിലെ അവസാനക്കാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ സമീപകാല ഫോം മുംബൈക്ക് ആശങ്കയുണ്ടാക്കുന്നതാണ്. മൂന്നാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സിന്റെ വിശ്വസ്തനാണ് സൂര്യ. എന്നാല്‍ ഇപ്പോള്‍ പഴയ ബാറ്റിങ് മികവ് സൂര്യക്കില്ലെന്ന് തന്നെ പറയാം. പലപ്പോഴും സിഗ്നേച്ചര്‍ ഷോട്ടുകള്‍ കളിച്ചാണ് അദ്ദേഹം പുറത്താവുന്നത്.
മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ട് പായിക്കാന്‍ സൂര്യക്ക് കഴിവുണ്ട്. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ളവനാണ് സൂര്യകുമാര്‍. എന്നാല്‍ ഇപ്പോള്‍ അത്തരം ഷോട്ടുകള്‍ കളിക്കുമ്പോള്‍ പഴയ ടൈമിങ് സൂര്യക്ക് ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ വിക്കറ്റ് നഷ്ടമാവുകയാണ്. സൂര്യ ഇതേ ഫോമില്‍ തുടരുന്നത് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ കാര്യമായി ബാധിച്ചേക്കും. ഇതേ പ്രകടനം തുടര്‍ന്നാല്‍ വൈകാതെ ഇന്ത്യയുടെ ക്യാപ്റ്റന്‍സിയും സൂര്യക്ക് നഷ്ടമായേക്കും.
സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സി തെറിക്കുമോ?
സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനമാണ് ടി20യില്‍ കാഴ്ചവെക്കുന്നത്. എന്നാല്‍ സൂര്യയുടെ ബാറ്റിങ് പ്രകടനം മോശമായി തുടര്‍ന്നാല്‍ കടുത്ത നീക്കത്തിലേക്ക് ഗൗതം ഗംഭീര്‍ കടന്നേക്കും. സൂര്യ നായകസ്ഥാനത്തേക്കെത്തിയതിന് കാരണം ഗംഭീറിന്റെ താല്‍പര്യമാണ്. എന്നാല്‍ ബാറ്റിങ്ങില്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ പിന്തുണക്കാന്‍ ഗംഭീറിനും സാധിക്കാതെ വരും. എന്തായാലും വരുന്ന ഐപിഎല്‍ സൂര്യക്ക് നിര്‍ണ്ണായകമാണെന്ന് നിസംശയം പറയാം.