മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യുവതാരങ്ങളിലെ ശ്രദ്ധേയനായ താരമാണ് ശ്രേയസ് അയ്യര്‍. അവസാന ഏകദിന ലോകകപ്പിലടക്കം ഗംഭീര പ്രകടനം നടത്തിയ ശ്രേയസ് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഫ്‌ളോപ്പ് ഷോയെത്തുടര്‍ന്ന് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പിന്നാലെ ബിസിസി ഐയുടെ വാര്‍ഷിക കരാറില്‍ നിന്നും ശ്രേയസ് പുറത്തായി. എന്നാല്‍ രഞ്ജി ട്രോഫി സെമിയിലൂടെ തിരിച്ചുവരവ് നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു ശ്രേയസ്.
തമിഴ്‌നാടിനെതിരായ സെമിയില്‍ മുംബൈക്കൊപ്പം ശ്രേയസുമുണ്ടായിരുന്നു. ഗംഭീര ഇന്നിങ്‌സ് കളിച്ച് ശ്രേയസിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. 8 പന്ത് നേരിട്ട് വെറും 3 റണ്‍സാണ് ശ്രേയസിന് നേടാനായത്. ആറാമനായി ഇറങ്ങിയ ശ്രേയസിനെ സന്ദീപ് വാര്യര്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ ശ്രേയസിനെ ഇന്ത്യ പുറത്താക്കിയത് നന്നായി എന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
ഐപിഎല്‍ പടിവാതുക്കല്‍ നില്‍ക്കവെ ശ്രേയസിന്റെ മോശം പ്രകടനം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനേയും ആശങ്കപ്പെടുത്തുന്നതാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായ ശ്രേയസിന് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തുന്നതോടെ ശ്രേയസിന്റെ ടി20 ലോകകപ്പ് ടീമിലിടമെന്ന മോഹത്തിനും അത് തിരിച്ചടിയായിരിക്കുകയാണ്. ഏറെ നാളുകളായി ഷോര്‍ട്ട് ബോളുകള്‍ ശ്രേയസിന്റെ ദൗര്‍ബല്യമാണ്.
എല്ലാ ബൗളര്‍മാര്‍ക്കും ഇത് അറിയുകയും ചെയ്യാം. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് നടത്തുന്നതിന് ഈ പ്രശ്‌നത്തിന് ശ്രേയസ് പരിഹാരം കാണേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വാര്‍ഷിക കരാറിലേക്ക് മടങ്ങിയെത്തുക ശ്രേയസിന് പ്രയാസമായിരിക്കും. തമിഴ്‌നാടിന് പിന്നാലെ മുംബൈക്കും ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാക്കും തിളങ്ങാനായില്ല. 9 പന്ത് നേരിട്ട് 1 ബൗണ്ടറിയടക്കം 5 റണ്‍സാണ് പൃഥ്വി ഷായുടെ സമ്പാദ്യം.

മുഷീര്‍ ഖാന്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. 131 പന്ത് നേരിട്ട് 6 ബൗണ്ടറി ഉള്‍പ്പെടെ 55 റണ്‍സാണ് ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ മുഷീര്‍ നേടിയത്. സര്‍ഫറാസ് ഖാന്റെ സഹോദരനായ മുഷീര്‍ ഇന്ത്യക്കായി അധികം വൈകാതെ കളിക്കാന്‍ സാധ്യതയുള്ളവരിലൊരാളാണ്. മുംബൈ നായകന്‍ അജിന്‍ക്യ രഹാനെയും ഫ്‌ളോപ്പായി. 67 പന്ത് നേരിട്ട് 2 ബൗണ്ടറി ഉള്‍പ്പെടെ 19 റണ്‍സാണ് രഹാനെ നേടിയത്. ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായിരുന്നു രഹാനെ.
നിലവില്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നും രഹാനെ പുറത്താണ്. ടെസ്റ്റിലേക്ക് തിരിച്ചുവരവ് നടത്താന്‍ രഹാനെ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇനി അതിന് സാധ്യതയില്ല. വാര്‍ഷിക കരാറില്‍ നിന്നും രഹാനെ ഒഴിവാക്കപ്പെട്ടു. നേരത്തെ ആദ്യം ബാറ്റുചെയ്ത തമിഴ്‌നാടും നിരാശപ്പെടുത്തി. 146 റണ്‍സാണ് തമിഴ്‌നാടിന് നേടാനായത്. സായ് സുദര്‍ശന്‍ ഡെക്കിന് മടങ്ങിയപ്പോള്‍ ജഗദീശന് 4 റണ്‍സാണ് നേടാനായത്. വിജയ് ശങ്കറും വാഷിങ്ടണ്‍ സുന്ദറും ഭേദപ്പെട്ട പ്രകടനം നടത്തി.
വിജയ് 44 റണ്‍സാണ് നേടിയത്. 8 ബൗണ്ടറിയും പറത്തി. വാഷിങ്ടണ്‍ സുന്ദര്‍ 5 ബൗണ്ടറി ഉള്‍പ്പെടെ 43 റണ്‍സും നേടി. മുംബൈക്കായി തുഷാര്‍ ദെശപാണ്ഡെ മൂന്ന് വിക്കറ്റുകള്‍ നേടി. മുഷീര്‍ ഖാന്‍ 2 വിക്കറ്റുകള്‍ വീഴ്ത്തി. ഐപിഎല്ലിന് മുമ്പ് യുവതാരങ്ങള്‍ക്ക് മികവ് കാട്ടാനുള്ള അവസരമാണ് രഞ്ജി ട്രോഫിയിലുള്ളത്. ആരൊക്കെ ഇത് മുതലാക്കുമെന്നതാണ് കണ്ടറിയേണ്ടത്.
ശാര്‍ദ്ദുല്‍ ടാക്കൂര്‍ മത്സരത്തില്‍ തിളങ്ങുന്നുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരവ് സ്വപ്‌നം കാണുന്ന താരമാണ് ശാര്‍ദ്ദുല്‍. വരുന്ന ഐപിഎല്ലിലും തിളങ്ങിയാല്‍ ശാര്‍ദ്ദുല്‍ ദേശീയ ടീമിലേക്ക് മടങ്ങിവരവ് നടത്താന്‍ സാധ്യതയുണ്ട്.