മുംബൈ: ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസിനെക്കുറിച്ച് അറിയാത്തവര്‍ കാണില്ല. വര്‍ഷങ്ങളായി ഈ ദൗര്‍ബല്യം കാരണം താരത്തിനു പണി കിട്ടിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇതു പരിഹരിക്കാന്‍ ശ്രേയസിന് ആയിട്ടില്ലെന്നതാണ് നിരാശാജനകമായ കാര്യം. ഇപ്പോഴിതാ താരം വീണ്ടുമൊരിക്കല്‍ക്കൂടി ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീണിരിക്കുകയാണ്.
മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി ട്രോഫിയുടെ ഫൈനലിലാണ് മുംബൈ താരമായ ശ്രേയസ് ഷോര്‍ട്ട് ബോളില്‍ വിക്കറ്റ് വലിച്ചെറിഞ്ഞത്. 15 ബോളുകള്‍ നേരിട്ട അദ്ദേഹത്തിനു ഒരു ഫോറുള്‍പ്പെടെ ഏഴു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെ പഴയ ടീമംഗം കൂടിയായ ഉമേഷ് യാദവാണ് ശ്രേയസിനെ ഷോര്‍ട്ട് ബോള്‍ 'വലയില്‍' കുരുക്കിയത്.

28ാം ഓവറിലായിരുന്നു ശ്രേയസിന്റെ പുറത്താവല്‍. ഉമേഷില്‍ നിന്നും തനിക്കെതിരേ ഷോര്‍ട്ട് ബോള്‍ അദ്ദേഹം പ്രതീക്ഷിച്ചിരുന്നുവെന്നു തന്നെ പറയാം. അഞ്ചാമത്തെ ബോളില്‍ അതു സംഭവിക്കുകയും ചെയ്തു. പക്ഷെ ഷോര്‍ട്ട് ബോളിനെ എങ്ങനെ നേരിടണമെന്ന കൃത്യമായ ധാരണ ഇപ്പോഴും തനിക്കില്ലെന്നു ശ്രേയസിന്റെ ഫൂട്ട് മുവ്‌മെന്റില്‍ നിന്നും വ്യക്തമായിരുന്നു. ഓഫ് സ്റ്റംപിന് പുറത്തായിരുന്നു ഉമേഷിന്റെ ഷോര്‍ട്ട് ബോള്‍ വന്നത്.
ഷോട്ട് കളിക്കാതെ ഒഴിവാക്കാമായിരുന്ന 'നിരുപദ്രവകാരിയായ' ബോളായിരുന്നു അത്. പക്ഷെ ശ്രേയസ് അതു ബാക്ക്ഫൂട്ടില്‍ കളിക്കുകയും സ്ലിപ്പില്‍ മലയാളി താരം കരുണ്‍ നായരുടെ കൈകളിലേക്കു അടിച്ചിടുകയുമായിരുന്നു. ഈ ബോളിനെ വളരെ നിസാരമായി എടുത്തതാണ് ശ്രേയസിനു വിനയായത്. കരുണ്‍ ഈ ക്യാച്ചെടുത്തപ്പോള്‍ ജാള്യതതോടെയുള്ള ഒരു ചിരിയോടെ അദ്ദേഹം ക്രീസ് വിടുകയായിരുന്നു.
ഈ മല്‍സരത്തില്‍ ആദ്യമായല്ല ശ്രേയസിനെതിരേ ഷോര്‍ട്ട് ബോള്‍ പരീക്ഷിക്കപ്പെട്ടത്. നേരത്തേ വിദര്‍ഭ ബൗളര്‍മാരായ ഹര്‍ഷ് ദുബെ, യഷ് ടാക്കൂര്‍ എന്നിവരും അദ്ദേഹത്തിനെതിരേ ഷോര്‍ട്ട് ബോളുകളെറിഞ്ഞിരുന്നു. ഇവയില്‍ നിന്നും രക്ഷപ്പെട്ട ശ്രേയസ് അധികം വൈകാതെ ഉമേഷിനു കീഴടങ്ങുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാമാണ് ഈ പുറത്താവലിന്റെ പേരില്‍ ശ്രേയസ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഈ ശ്രേയസ് അയ്യര്‍ എന്താണിങ്ങനെ? ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ഷോര്‍ട്ട് ബോളില്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയാണ്. ഈ തരത്തില്‍ പുറത്താവാന്‍ നാണമില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നു.
ഈ ഷോര്‍ട്ട് ബോള്‍ വീക്ക്‌നെസ് ശ്രേയസ് അയ്യര്‍ എന്നു പരിഹരിക്കും? ജസ്പ്രീത് ബുംറ പോലും ഇതിനേക്കാള്‍ നന്നായി ഷോര്‍ട്ട് ബോളിനെതിരേ കളിക്കും. ഈ ദൗര്‍ബല്യം പരിഹരിച്ചില്ലെങ്കില്‍ ഒരു ബാറ്ററെന്ന നിലയില്‍ ശ്രേയസിന്റെ കരിയര്‍ രക്ഷപ്പെടാന്‍ പോവുന്നില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, രഞ്ജിയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് ശ്രേയസ് ബാറ്റിങില്‍ ഫ്‌ളോപ്പായത്. നേരത്തേ തമിഴ്‌നാടുമായുള്ള സെമി ഫൈനലിന്റെ ആദ്യ ഇന്നിങ്‌സിലും അദ്ദേഹം ഒറ്റയക്ക സ്‌കോറിനു മടങ്ങിയിരുന്നു. മുംബൈ ഇന്നിങ്‌സ് വിജയം കൊയ്ത മല്‍സരത്തില്‍ മൂന്നു റണ്‍സ് മാത്രമേ ഒന്നാമിന്നിങ്‌സില്‍ ശ്രേയസിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. എട്ടു ബോളുകളില്‍ നിന്നായിരുന്നു ഇത്.
ഇംഗ്ലണ്ടിനെതിരേ സമാപിച്ച അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലായിരുന്നു ശ്രേയസിനെ ഇന്ത്യന്‍ ടീമിനോടൊപ്പം അവസാനമായി കണ്ടത്. ആദ്യത്തെ രണ്ടു ടെസ്റ്റുകളിലും അദ്ദേഹം അഞ്ചാം നമ്പറില്‍ കളിച്ചെങ്കിലും ബാറ്റിങില്‍ നിരാശപ്പെടുത്തി. തുടര്‍ന്ന് അടുത്ത മൂന്നു ടെസ്റ്റുകളില്‍ നിന്നും ശ്രേയസ് ഒഴിവാക്കപ്പെടുകയായിരുന്നു.
അതിനു പിന്നാലെ രഞ്ജിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാതെ മാറി നിന്നതിന്റെ പേരില്‍ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും അദ്ദേഹം പുറത്താവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് രഞ്ജിയുടെ സെമിയില്‍ കളിക്കാന്‍ തയ്യാറാണെന്നു മുംബൈ ടീമിനെ ശ്രേയസ് അറിയിച്ചത്.