മുംബൈ: രഞ്ജി ട്രോഫി സെമി ഫൈനലില്‍ തമിഴ്‌നാടിനെതിരേ മുംബൈ വമ്പന്‍ ലീഡിലേക്കെത്തിയിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത തമിഴ്‌നാടിനെ 146 റണ്‍സില്‍ കൂടാരം കയറ്റാന്‍ മുംബൈക്കായിരുന്നു. എന്നാല്‍ മറുപടിക്കിറങ്ങിയ മുംബൈയുടെ ടോപ് ഓഡര്‍ തകര്‍ന്നതോടെ ടീം വലിയ പ്രതിസന്ധിയാണ് മുന്നില്‍ക്കണ്ടത്. എന്നാല്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ശാര്‍ദ്ദുല്‍ ടാക്കൂര്‍. 104 പന്ത് നേരിട്ട് 109 റണ്‍സാണ് ശാര്‍ദ്ദുല്‍ നേടിയത്. 13 ഫോറും 4 സിക്‌സും താരം പറത്തി.
കുല്‍ദീപ് സെന്നാണ് ശാര്‍ദ്ദുലിനെ പുറത്താക്കിയത്. എന്നാല്‍ ക്രീസ് വിടുന്നതിന് മുമ്പ് മുംബൈയെ മികച്ച ലീഡിലേക്കെത്തിക്കാന്‍ ശാര്‍ദ്ദുലിനായിരുന്നു. പ്രമുഖ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോഴും സെഞ്ച്വറിയോടെ മുംബൈയുടെ ഹീറോയാവാന്‍ ശാര്‍ദ്ദുലിനായി. ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുകളും ശാര്‍ദ്ദുല്‍ നേടിയിരുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ശാര്‍ദ്ദുലുള്ളത്. ഇന്ത്യ ഓള്‍റൗണ്ടറായി ടീമിലേക്ക് പരിഗണിച്ചിരുന്ന താരമായിരുന്നു ശാര്‍ദ്ദുല്‍.
എന്നാല്‍ പ്രകടനം മോശമായതോടെ തഴയപ്പെടുകയായിരുന്നു. പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തില്‍ ടീമിന്റെ രക്ഷകനായി എത്താന്‍ ശാര്‍ദ്ദുലിന് സവിശേഷമായ കഴിവുണ്ട്. ഇതിന് മുമ്പ് ഇന്ത്യക്കായി പല തവണ മികവ് കാട്ടാന്‍ ശാര്‍ദ്ദുലിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ മുംബൈയുടെ രക്ഷകനായതോടെ വീണ്ടും ദേശീയ ടീമിലേക്ക് തിരിച്ചുവരവ് സ്വപ്‌നം കാണുകയാണ് സഞ്ജു. തന്റെ സ്വപ്‌നം അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
'രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കിടെ ആവശ്യത്തിന് വിശ്രമം നല്‍കേണ്ടതായുണ്ട്. അടുത്ത സീസണ്‍ മുതല്‍ ഇത് ശ്രദ്ധിക്കുമെന്നാണ് കരുതുന്നത്. ഇപ്പോള്‍ കളിക്കുന്നതുപോലെ രഞ്ജി ട്രോഫി കളിച്ചാല്‍ നിരവധി താരങ്ങള്‍ പരിക്കിന്റെ പിടിയിലാവാന്‍ സാധ്യതയുണ്ട്. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമെങ്കിലും മത്സരം നടത്തണം. ഇപ്പോഴത്തെ രീതി താരങ്ങള്‍ക്ക് മാനസികമായും ശാരീരികമായും മടുപ്പ് ഉണ്ടാക്കുന്നതാണ്' ശാര്‍ദ്ദുല്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പെട്ടെന്ന് സാധ്യമാകില്ലെന്ന് ശാര്‍ദ്ദുല്‍ പറഞ്ഞു. 'അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് അല്‍പ്പം ദൂരെയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഐപിഎല്ലാണ് വരുന്നത്. പിന്നീട് ടി20 ലോകകപ്പ് വരാനിരിക്കുന്നു. അതിന് ശേഷമാവും എനിക്ക് തിരിച്ചുവരവ് സാധ്യതയുള്ളൂ. സെഞ്ച്വറി നേടിയത് എനിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. ഏറ്റവും നിര്‍ണ്ണായകയ സമയത്താണ് ഈ സെഞ്ച്വറി പ്രകടനം ഉണ്ടാവുന്നത്' ശാര്‍ദ്ദുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ പരിമിത ഓവര്‍ ടീമിലേക്ക് ശാര്‍ദ്ദുലിനെ പരിഗണിച്ചേക്കില്ല. ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് നടത്താന്‍ ശാര്‍ദ്ദുലിന് സാധിക്കുമോയെന്നത് കണ്ടറിയാം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈ 9 വിക്കറ്റിന് 353 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 207 റണ്‍സിന്റെ ലീഡ് മുംബൈക്കുണ്ട്. പൃഥ്വി ഷാ 5 റണ്‍സെടുത്ത് പുറത്തെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് 3 റണ്‍സാണ് നേടാനായത്. അജിന്‍ക്യ രഹാനെ 19 റണ്‍സെടുത്താണ് പുറത്തായത്. തനുഷ് കോട്ടിയാന്‍ (74) അര്‍ധ സെഞ്ച്വറിയോടെ ക്രീസിലുണ്ട്.
വ്യക്തമായ ആധിപത്യം നേടിയെടുക്കാന്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. ആദ്യം ബാറ്റുചെയ്ത തമിഴ്‌നാട് 146 റണ്‍സിലേക്ക് ഒതുങ്ങുകയായിരുന്നു. സായ് സുദര്‍ശന്‍ 0ന് പുറത്തായപ്പോള്‍ ജഗദീശന്‍ 4 റണ്‍സിലും മടങ്ങി. വിജയ് ശങ്കറിന്റേയും (44) വാഷിങ്ടണ്‍ സുന്ദറിന്റേയും (43) പ്രകടനമാണ് വലിയ തകര്‍ച്ചയില്‍ നിന്ന് തമിഴ്‌നാടിനെ രക്ഷിച്ചത്. മുംബൈക്കായി തുഷാര്‍ ദെശപാണ്ഡെ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. മുഷീര്‍ ഖാന്‍ രണ്ട് വിക്കറ്റ് നേടിയതോടൊപ്പം അര്‍ധ സെഞ്ച്വറിയുമായി കസറുകയും ചെയ്തു.
രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് നടത്താതെ തമിഴ്‌നാടിന് സമനില പോലും പിടിക്കാനാവില്ല. നിലവില്‍ മുംബൈ ഡ്രൈവിങ് സീറ്റിലാണ്. ബൗളിങ്ങിന് വലിയ പിന്തുണ ലഭിക്കുന്ന പിച്ചില്‍ തമിഴ്‌നാടിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.