റായ്പൂര്‍: രഞ്ജി ട്രോഫിയില്‍ ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ പിടിമുറുക്കി കേരളം. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 2 വിക്കറ്റിന് 69 റണ്‍സെന്ന നിലയിലാണ് കേരളം. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ കേരളത്തിന് 107 റണ്‍സിന്റെ ലീഡുണ്ട്. നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്. ബൗളിങ് ചെയ്ഞ്ചുകൊണ്ടും ഫീല്‍ഡിങ് വിന്യാസംകൊണ്ടും കൈയടി നേടിയ സഞ്ജു കേരളത്തിന് ലീഡും നേടിക്കൊടുത്തു.
കേരളത്തിന്റെ 350 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഛത്തീസ്ഗഡിനെ 312ല്‍ കേരളം തളച്ചു. തുടക്കം മുതല്‍ ആക്രമണോത്സക ഫീല്‍ഡൊരുക്കി സഞ്ജു ഛത്തീസ്ഗഡ് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചു. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ ഛത്തീസ്ഗഡിന് ആദ്യം വിക്കറ്റ് നഷ്ടമായി. ശശാങ്ക് ചന്ദ്രാക്കറിനെ (8) പുറത്താക്കി ബേസില്‍ തമ്പിയാണ് കേരളത്തിന് ആദ്യ ആശ്വാസം നല്‍കിയത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ ക്യാച്ചിലാണ് ശശാങ്കിന്റെ മടക്കം.
തുടക്കത്തിലേ സ്പിന്നാക്രമണം കൊണ്ടുവന്ന സഞ്ജുവിന്റെ തന്ത്രം ഫലിച്ചു. ഓപ്പണര്‍ റിഷഭ് തിവാരിയെ (7) ജലജ് സക്‌സേന ക്ലീന്‍ബൗള്‍ഡ് ചെയ്തു. പിന്നീടങ്ങോട്ട് നിധീഷിന്റെ മിന്നും ബൗളിങ്ങാണ് കണ്ടത്. അഷുതോഷ് (31), സഞ്ജീത് ദേശായി (56) എന്നിവരെ എല്‍ബിയില്‍ കുരുക്കി നിധീഷ് ഞെട്ടിച്ചു. ഛത്തീസ്ഗഡ് നായകന്‍ അമന്‍ദീപ് ഖാരയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതെ നിധീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
ഛത്തീസ്ഗഡിനെ 200നുള്ളില്‍ ഒതുക്കാമെന്ന് സ്വപ്‌നം കണ്ട കേരളത്തെ ഞെട്ടിച്ചത് ഏകനാഥ് കേക്കറാണ്. 214 പന്ത് നേരിട്ട് 118 റണ്‍സാണ് ഏകനാഥ് നേടിയത്. 15 ബൗണ്ടറി ഉള്‍പ്പെടെയാണ് ഏകനാഥിന്റെ പ്രകടനം. താരം പുറത്താവാതെ നിന്നപ്പോള്‍ മറുവശത്തുള്ളവരെ വീഴ്ത്തിയാണ് കേരളം ലീഡിലേക്കെത്തിയത്.
മധ്യനിരയില്‍ അജയ് മന്ദാല്‍ (63) അര്‍ധ സെഞ്ച്വറിയും നേടി. എന്നാല്‍ വാലറ്റത്തെ രവി കിരണ്‍, സൗരഭ് മജുംദാര്‍, ആശിഷ് ചൗഹാന്‍ എന്നിവരെ ഡെക്കിന് മടക്കി കേരളം 38 റണ്‍സിന്റെ നിര്‍ണ്ണായക ലീഡ് നേടിയെടുത്തു.

കേരളത്തിനായി നിധീഷ് നാല് വിക്കറ്റും ജലജ് സക്‌സേന മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോള്‍ ബേസില്‍ തമ്പി രണ്ടും ശ്രേയസ് ഗോപാല്‍ ഒരു വിക്കറ്റും വീഴ്ത്തി. ലീഡ് നേടി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളത്തിന് ഭേദപ്പെട്ട തുടക്കം ലഭിച്ചു.ഒന്നാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രോഹന്‍ കുന്നുമ്മല്‍ മടങ്ങി. 36 റണ്‍സാണ് രോഹന്‍ നേടിയത്. 6 ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. പിന്നാലെ രോഹന്‍ പ്രേമും (17) പുറത്തായി.
എന്നാല്‍ സച്ചിന്‍ ബേബിയും (6) വിഷ്ണു വിനോദും (4) ചേര്‍ന്ന് കൂടുതല്‍ അപകടമില്ലാതെ കേരളത്തെ രക്ഷിക്കുകയായിരുന്നു. നേരത്തെ ആദ്യം ബാറ്റുചെയ്ത കേരളത്തിനായി സച്ചിന്‍ ബേബിയാണ് (91) ടോപ് സ്‌കോററായത്. 11 ബൗണ്ടറി ഉള്‍പ്പെടെയാണ് സച്ചിന്റെ തകര്‍പ്പന്‍ പ്രകടനം.
രോഹന്‍ പ്രേം 54 റണ്‍സ് നേടിയപ്പോള്‍ അഞ്ചാമനായി ഇറങ്ങിയ സഞ്ജു സാംസണ്‍ 57 റണ്‍സാണ് അടിച്ചെടുത്തത്. വിഷ്ണു വിനോദ് 40 റണ്‍സെടുത്തപ്പോള്‍ അസ്ഹറുദ്ദീന്‍ 85 റണ്‍സുമായി കേരളത്തെ മികച്ച നിലയിലേക്കുയര്‍ത്തി.
എന്നാല്‍ വാലറ്റത്തിന് ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാനാവാതെ പോയത് കേരളത്തിന് തിരിച്ചടിയായി. നാലാം ദിനം അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഛത്തീസ്ഗഡിനെ ഓള്‍ഔട്ടാക്കി വിജയം നേടാമെന്ന പ്രതീക്ഷയിലാണ് സഞ്ജുവും സംഘവുമുള്ളത്.
എന്നാല്‍ വിജയ സാധ്യത കുറവാണെന്ന് തന്നെ പറയാം. സമനിലക്കുരുക്കില്‍ വീണ്ടും കേരളം വീണേക്കും. സഞ്ജുവിനെ സംബന്ധിച്ച് സ്ഥിരതയോടെ മികവ് കാട്ടേണ്ടത് വളരെ അത്യാവശ്യമാണ്. ദേശീയ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കാന്‍ സഞ്ജു കേരളത്തിനൊപ്പം കസറേണ്ടതായുണ്ട്.