For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ranji Trophy: 53 ബോളില്‍ 15*, കാഴ്ചക്കാരനായി സഞ്ജു! തകര്‍ന്നടിഞ്ഞ് കേരളം, നാണക്കേട്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സീസണിലെ ആദ്യത്തെ പരാജയമേറ്റു വാങ്ങി സഞ്ജു സാംസണിന്റെ കേരളാ ടീം. തിരുവനന്തപുരം സെന്റ് സേവ്യര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തില്‍ അജിങ്ക്യ രഹാനെയുടെ മുംബൈയോടു കേരളം തകര്‍ന്നടിയുകയായിരുന്നു. സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ 232 റണ്‍സിന്റെ ദയനീയ പരാജയമാണ് കേരളത്തിനു ഏറ്റുവാങ്ങേണ്ടി വന്നത്.

324 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം നാലാമത്തെയും അവസാനത്തെയും ദിനമായ ഇന്നു കണ്ണടച്ചുതുറക്കും വേഗത്തിലാണ് കൂടാരത്തില്‍ തിരിച്ചെത്തിയത്. വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെന്ന നിലയില്‍ ഇന്നു ബാറ്റിങ് പുനരാരംഭിച്ച കേരളം വിജയത്തിനായി അവസാനം വരെ പൊരുതുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ വെറും 70 റണ്‍സിനിടെ മുഴുവന്‍ വിക്കറ്റുകളും കളഞ്ഞുകുളിച്ച കേരളം 94 റണ്‍സില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. സ്‌കോര്‍: മുംബൈ 251, 319. കേരളം 244, 94.

SANJU SAMSON

അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാറുള്ള ക്യാപ്റ്റന്‍ സഞ്ജു കാണിച്ച ക്ഷമ പോലും ടീമിലെ മറ്റു താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നതാണ് പരിതാപകരമായ കാര്യം. ആറാം നമ്പറില്‍ ക്രീസിലെത്തിയ സഞ്ജു ക്ഷമയോടെ വിക്കറ്റ് കൈവിടാതെ അവസാനം വരെ പടിച്ചുനിന്നെങ്കിലും ടീമംഗങ്ങളില്‍ നിന്നും ഒരു പിന്തുണയും ലഭിച്ചില്ല.

ക്രീസിന്റെ മറുഭാഗത്തു വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നപ്പോള്‍ നിസ്സഹായനായി നോക്കി നില്‍ക്കാനേ സഞ്ജുവിനായുള്ളൂ. പുറത്താവാതെ 15 റണ്‍സാണ് അദ്ദേഹം നേടിയത്. 53 ബോളുകള്‍ നേരിട്ട കേരള ക്യാപ്റ്റന്‍ രണ്ടു ഫോറുകളുമടിച്ചു. ആദ്യ ഇന്നിങ്‌സില്‍ കളിച്ചതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഇന്നിങ്‌സായിരുന്നു സഞ്ജു ഇത്തവണ കളിച്ചത്.

സാഹചര്യം മനസ്സിലാക്കി ക്യാപ്റ്റന്റെ കളി അദ്ദേഹം പുറത്തെടുത്തെങ്കിലും ടീമിനെ വന്‍ തോല്‍വിയില്‍ നിന്നും രക്ഷിക്കാനായില്ല. ഒന്നാമിന്നിങ്‌സില്‍ ടി20 ശൈലിയിലുള്ള അഗ്രസീവ് ഇന്നിങ്‌സായിരുന്നു സഞ്ജു കാഴ്ചവച്ചത്. 36 ബോളില്‍ എട്ടു ഫോറുകളടക്കം 38 റണ്‍സ് അടിച്ചെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു.

റണ്‍ചേസില്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹന്‍ കുന്നുമ്മലിനൊഴികെ മറ്റാര്‍ക്കും കേരളാ നിരയില്‍ 20 റണ്‍സ് പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല. 26 റണ്‍സെടുത്ത രോഹനാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 36 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറുകളുള്‍പ്പെട്ടിരുന്നു.

ജലജ് സക്‌സേന (16), കൃഷ്ണപ്രസാദ് (4), രോഹന്‍ പ്രേം (11), സച്ചിന്‍ ബേബി (12), വിഷ്ണു വിനോദ് (6), ശ്രേയസ് ഗോപാല്‍ (0), ബേസില്‍ തമ്പി (4), എംഡി നിധീഷ് (0), വിശ്വേശ്വര്‍ സുരേഷ് (0) എന്നിങ്ങനെയാണ് മറ്റു കേരളാ താരങ്ങളുടെ ബാറ്റിങ് പ്രകടനം.

SANJU SAMSON

ഓപ്പണിങ് വിക്കറ്റില്‍ 29 റണ്‍സാണ് രോഹന്‍- ജലജ് സഖ്യം കൂട്ടിച്ചേര്‍ത്തത്. 42 ബോളുകളില്‍ നിന്നായിരുന്നു ഇത്. കേരളാ നിരയിലെ ഏറ്റവുമുര്‍ന്ന കൂട്ടുകെട്ടും ഇതു തന്നെയാണ്. 20 റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ മറ്റൊരു ജോടിക്കുമായില്ല. രണ്ടാം വിക്കറ്റില്‍ രോഹന്‍- കൃഷ്ണപ്രസാദ് സഖ്യം 12 റണ്‍സെടുത്തിരുന്നു. പിന്നീട് കേരളാ ടീം ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിയുകയായിരുന്നു.

ഒന്നാമിന്നിങ്‌സിലെ അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ചയാണ് മല്‍സരത്തില്‍ കേരളത്തിന്റെ പരാജയത്തിനു മുഖ്യ കാരണം. മുംബൈയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 251 റണ്‍സിനു മറുപടിയില്‍ കേരളം മികച്ച ലീഡ് നേടുമെന്നായിരുന്നു ഒരു ഘട്ടത്തില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

നാലു വിക്കറ്റിനു 170 റണ്‍സെനന ശക്തമായ നിലയിലായിരുന്ന കേരളം 74 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ആറു വിക്കറ്റുകളും നഷ്ടപ്പെടുത്തി 244 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ 22 റണ്‍സിന്റെ ലീഡും കേരളത്തിനു വഴങ്ങേണ്ടി വന്നു. രണ്ടാമന്നിങ്‌സില്‍ 319 റണ്‍സ് നേടിയാണ് കേരളത്തിനു 324 റണ്‍സിന്റെ വിജയലക്ഷ്യം മുംബൈ നല്‍കിയത്.

Story first published: Monday, January 22, 2024, 12:19 [IST]
Other articles published on Jan 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+