തിരുവനന്തപുരം: അഫ്ഗാനിസ്താനുമായുള്ള മൂന്നാം ടി20യില്‍ ഇന്ത്യക്കു വേണ്ടി സൂപ്പര്‍ ഓവറിലടക്കം രണ്ടിന്നിങ്‌സുകളിലും അക്കൗണ്ട് തുറക്കാനാവാതെ നിരാശപ്പെടുത്തിയതിന്റെ ക്ഷീണം തീര്‍ത്തിരിക്കുകയാണ് സഞ്ജു സാംസണ്‍. രഞ്ജി ട്രോഫിയില്‍ അജിങ്ക്യ രഹാനെ നയിച്ച കരുത്തരായ മുംബൈയ്‌ക്കെതിരേയാണ് തീപ്പൊരി ഇന്നിങ്‌സോടെ സഞ്ജു കത്തിക്കയറിയത്. റെഡ് ബോള്‍ ക്രിക്കറ്റിലും ടി20 ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ തനിക്കാവുമെന്നു കേരളാ ടീം ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം കാണിച്ചു തരികയും ചെയ്തു.
ബെംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അഫ്ഗാനുമായുള്ള അവസാന ടി20യില്‍ ബാറ്റിങില്‍ സഞ്ജു തികഞ്ഞ പരാജയമായി മാറിയിരുന്നു. സാഹചര്യം പോലും നോക്കാതെ നേരിട്ട ആദ്യത്തെ ബോളില്‍ തന്നെ ആഞ്ഞടിച്ച അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടുകയായിരുന്നു.

പിന്നീട് കളി ടൈയായ ശേഷം രണ്ടാമത്തെ സൂപ്പര്‍ ഓവറില്‍ ഇതിനു പ്രായശ്ചിത്തം ചെയ്യാനുള്ള അവസരവും സഞ്ജുവിനു ലഭിച്ചിരുന്നു. ഇത്തവണ ആഞ്ഞുവീശിയ അദ്ദേഹത്തിനു ബോള്‍ കണക്ട് ചെയ്യാന്‍ കഴിയാതെ പോവുകയും സിംഗിളിനായി ഓടിയപ്പോള്‍ നോണ്‍ സ്‌ട്രൈക്കറായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ റണ്ണൗട്ടാക്കുകയും ചെയ്തിരുന്നു.
ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും ഒരു സ്റ്റംപിങും രണ്ടു റണ്ണൗട്ടുകളും നടത്തി സഞ്ജു ഇതിന്റെ ക്ഷീണവും അല്‍പ്പം കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് രഞ്ജിയിലെ മൂന്നാമത്തെ ഗ്രൂപ്പ് മല്‍സരത്തിനായി അദ്ദേഹം കേരളാ ടീമിനോടൊപ്പം ചേര്‍ന്നത്. ആദ്യം വിക്കറ്റിനു പിന്നില്‍ അഞ്ചു ക്യാച്ചുകളോടെ കസറിയ സഞ്ജു കേരളത്തിനു വേണ്ടി ആദ്യ ഇന്നിങ്‌സില്‍ തട്ടുപൊളിപ്പന്‍ ബാറ്റിങു കാഴ്ചവച്ചു.
അഞ്ചാം നമ്പറിലാണ് മുംബൈയ്‌ക്കെതിരേ സഞ്ജു ബാറ്റിങിനു ഇറങ്ങിയത്. ധവാല്‍ കുല്‍ക്കര്‍ണി, ശിവം ദുബെയടക്കമുള്ള മുംബൈ ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്ത അദ്ദേഹം അനായാസം റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു. 36 ബോളില്‍ അഞ്ചു ഫോറുകളടക്കം 38 റണ്‍സ് നേടിയാണ് സഞ്ജു ക്രീസ് വിട്ടത്. 105.56 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്.
കുല്‍ക്കര്‍ണിയും മോഹിത് അവസ്തിയുമാണ് സഞ്ജുവില്‍ നിന്നും കൂടുതല്‍ തല്ലുവാങ്ങിയത്. അവസ്തിക്കെതിരേ മൂന്നു ഫോറുകളടക്കം 11 ബോളില്‍ 16 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. കുല്‍ക്കര്‍ണിക്കെതിരേ 12 ബോളില്‍ രണ്ടു ഫോറടക്കം 15 റണ്‍സും സഞ്ജു തന്റെ പേരില്‍ കൂട്ടിച്ചേര്‍ത്തു.

12 റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ സഞ്ജുവിനു മികച്ചൊരു ഫിഫ്റ്റി സ്വന്തം പേരില്‍ കുറിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ അതിനുള്ള അവസരം രഹാനെയും മുംബൈ ടീമും അദ്ദേഹത്തിനു നല്‍കിയില്ല. ഷംസ് മ്യുലാനിയാണ് സഞ്ജുവിന്റെ വിലപ്പെട്ട വിക്കറ്റ് കൈക്കലാക്കിയത്. കേരളാ ക്യാപ്റ്റനെ ശിവം ദുബെ പിടികൂടുകയായിരുന്നു.
കേരളം പൊരുതുന്നു
തിരുവന്തപുരം സെന്റ് സേവ്യര്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന ഗ്രൂപ്പ് ബി മല്‍സരത്തില്‍ മുംബൈയ്‌ക്കെതിരേ കേരളം പൊരുതുകയാണ്. മുംബൈയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 251 റണ്‍സിനു മറുപടിയില്‍ കേരളം രണ്ടാം ദിനം 50 ഓവറുകള്‍ കഴിയുമ്പോള്‍ നാലു വിക്കറ്റിനു 221 റണ്‍സെന്ന ശക്തമായ നിലയിലാണ്. ആറു വിക്കറ്റുകള്‍ കൈയിലിരിക്കെ മുംബൈക്കൊപ്പമെത്താന്‍ കേരളത്തിനു ഇനി 30 റണ്‍സ് മാത്രം മതി.
ഫിഫ്റ്റിയോടെ സച്ചിന്‍ ബേബിയും (65*) വിഷ്ണു വിനോദുമാണ് (29*) ക്രീസിലുള്ളത്. സഞ്ജുവിനെക്കൂടാതെ രോഹന്‍ എസ് കുന്നുമ്മല്‍ (56), കൃഷ്ണപ്രസാദ് (21), രോഹന്‍ പ്രേം (0) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. 77 ബോളില്‍ എട്ടു ഫോറടക്കമാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹന്‍ കുന്നുമ്മല്‍ 56 റണ്‍സോടെ തിളങ്ങിയത്.